
പെറുവിലെ അയാകുച്ചോ മേഖലയിലുണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെട്ടത് ‘മഞ്ഞുമാതാവിന്റെ’ പ്രത്യേക സംരക്ഷണം ഒന്നുകൊണ്ട് മാത്രമാണെന്ന് പ്രദേശത്തെ കത്തോലിക്കാ വൈദികൻ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള കോരകോര ഇടവകയിലെ വികാരിയാണ് മാതാവിന്റെ മധ്യസ്ഥതയ്ക്കും ദൈവപരിപാലനയ്ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.
റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കെട്ടിടങ്ങൾക്ക് കുലുക്കവും വിള്ളലുകളും സംഭവിച്ചെങ്കിലും ജീവഹാനിയോ വൻതോതിലുള്ള തകർച്ചയോ ഉണ്ടാകാതിരുന്നത് അദ്ഭുതകരമാണെന്ന് ഇടവക വികാരി വ്യക്തമാക്കി. ഓഗസ്റ്റ് മാസത്തിൽ ആചരിക്കുന്ന മഞ്ഞുമാതാവിന്റെ (Our Lady of the Snows) തിരുനാളിനോട് അനുബന്ധിച്ച് പ്രദേശത്തെ വിശ്വാസികൾ പ്രാർഥനയിലും ആത്മീയ ഒരുക്കങ്ങളിലുമായിരുന്നു. ഈ സമയത്ത് ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ നിന്ന് പ്രദേശം സുരക്ഷിതമായി നിലകൊണ്ടത് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാലാണെന്ന് വൈദികനും പ്രാദേശിക വിശ്വാസികളും ഉറച്ചുവിശ്വസിക്കുന്നു.
“ഇത്രയും ശക്തമായ ഒരു ഭൂചലനത്തിൽ നിന്ന് ഞങ്ങൾ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് പരിശുദ്ധ അമ്മയുടെ അനുഗ്രഹം കൊണ്ടാണ്. ദൈവത്തിന്റെ കരുണയ്ക്കും മഞ്ഞുമലാമാതാവിന്റെ സംരക്ഷണത്തിനും ഞങ്ങൾ നന്ദി അർപ്പിക്കുന്നു,” ഇടവക വികാരി പങ്കുവച്ചു. ഭൂകമ്പത്തെത്തുടർന്ന് തകരാറുകൾ സംഭവിച്ച ദൈവാലയങ്ങളുടെയും മറ്റ് കെട്ടിടങ്ങളുടെയും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ദുരന്തബാധിതരെ സഹായിക്കാനും അവർക്ക് ആത്മീയവും ഭൗതികവുമായ പിന്തുണ നൽകാനും സഭാ അധികാരികൾ മുൻപന്തിയിൽ തന്നെയുണ്ട്.




