യുദ്ധവും രോഗവും ഭീതി പരത്തുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി കത്തോലിക്കാ സഭ

സായുധസംഘർഷങ്ങളും കൂട്ടപ്പലായനങ്ങളും സൃഷ്ടിച്ച ദുരിതങ്ങൾക്കൊപ്പം പുതിയ എബോള വൈറസ് ബാധ കൂടി പടർന്നുപിടിക്കുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജനങ്ങൾക്ക് വലിയ ആശ്രയമായി മാറുകയാണ് കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങൾ. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ എബോള വൈറസ് പടരുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സഭയെന്ന് സഭാധികാരികൾ വ്യക്തമാക്കി.

“കിഴക്കൻ കോംഗോയിലെ സഭ നിലവിൽ യുദ്ധവും രോഗവ്യാപനവും എന്ന ഇരട്ട പ്രതിസന്ധിയാണ് നേരിടുന്നത്. കൈവശമുള്ള പരിമിത വിഭവങ്ങളും സമാഹരിക്കാൻ കഴിയുന്ന സഹായങ്ങളും ഉപയോഗിച്ചാണ് ഞങ്ങൾ ഈ പ്രതിസന്ധിയെ നേരിടുന്നത്,” ബ്ലെസ്ഡ് സാക്രമെന്റ് സന്ന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായ ഫാ. ഒളിവീർ എൻഡോണ്ടോ വെളിപ്പെടുത്തി.

രാജ്യത്ത് എബോള ബാധ ഇതുവരെ എട്ട് പ്രവിശ്യകളിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സായുധസംഘങ്ങളുടെ ആക്രമണങ്ങൾ രൂക്ഷമായതോടെ ആളുകൾ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. ഈ സാഹചര്യം രോഗം കൂടുതൽ ആളുകളിലേക്ക്  എത്തുന്നതിന് വഴിയൊരുക്കുന്നു എന്ന് ആരോഗ്യപ്രവർത്തകർ വെളിപ്പെടുത്തുന്നു. സുരക്ഷാപ്രശ്നങ്ങൾക്കൊപ്പം പരമ്പരാഗതമായ ചില സംസ്കാരങ്ങളും മൃതസംസ്കാര ചടങ്ങുകളിലെ രീതികളും രോഗം നിയന്ത്രിക്കുന്നത് കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

യുദ്ധം ജനങ്ങളുടെ ജീവിതത്തെ സാമൂഹികമായും മാനസികമായും തകർത്തിരിക്കുകയാണെന്ന് ഫാ. ഒളിവീർ ചൂണ്ടിക്കാണിച്ചു. സമാധാനമില്ലെങ്കിൽ ജനങ്ങൾക്ക് ജോലി ചെയ്യാനോ, കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാനോ, ആരോഗ്യപരമായ ചുറ്റുപാടുകൾ ഉറപ്പാക്കാനോ സാധിക്കില്ല. “യുദ്ധത്തിലൂടെ ഞങ്ങളുടെ പ്രതീക്ഷയാണ് നഷ്ടപ്പെടുത്തുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വലിയ പ്രതിസന്ധികൾക്കിടയിലും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളെ സ്വാഗതം ചെയ്യാനും അടിയന്തര സഹായങ്ങൾ എത്തിക്കാനും എബോളയെക്കുറിച്ചുള്ള ബോധവൽക്കരണം നൽകാനും കത്തോലിക്കാ സഭയും വൈദികരും സന്ന്യാസിനിമാരും മുന്നിലുണ്ട്. ദുരിതത്തിലായ ജനങ്ങൾക്ക് ആത്മീയവും ഭൗതികവുമായ പിന്തുണ ഉറപ്പാക്കാൻ സഭയുടെ നേതൃത്വത്തിൽ വിവിധ കർമ്മപദ്ധതികൾ നടപ്പിലാക്കിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.