പുകവലി സ്ത്രീപുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പുകവലി, സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുൽപാദനശേഷിയെ സാരമായി ബാധിക്കുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വെറുതെ പുകവലിക്കുന്നത് മാത്രമല്ല, മറ്റുള്ളവർ വലിച്ചുതള്ളുന്ന പുക ശ്വസിക്കുന്നതു പോലും (second-hand smoke) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

സ്ത്രീകളിലെ വന്ധ്യതാസാധ്യത 40% വരെ കൂടുതൽ

2000 ത്തിനും 2026 നുമിടയിൽ നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ ഈ പുതിയ കണ്ടെത്തൽ. പുകവലി ശീലമുള്ള സ്ത്രീകളിൽ, പുകവലിക്കാത്തവരെ അപേക്ഷിച്ച് വന്ധ്യതയ്ക്കുള്ള സാധ്യത 40% അധികമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഈ മോശമായ ശീലം ഉപേക്ഷിക്കാൻ തയ്യാറാകുന്ന സ്ത്രീകളിൽ വന്ധ്യതാസാധ്യത 25% വരെ കുറയ്ക്കാൻ സാധിക്കുമെന്നത് ആശ്വാസകരമായ ഒരു വസ്തുതയാണ്. പുകവലി, സ്ത്രീകളുടെ അണ്ഡത്തിന്റെ ഗുണനിലവാരത്തെയും ഗർഭധാരണത്തിനുള്ള ശേഷിയെയുമാണ് പ്രധാനമായി ബാധിക്കുന്നത്.

പുരുഷന്മാരിലെ പ്രത്യുൽപാദന പ്രശ്നങ്ങൾ

60,000 ത്തിലധികം ആളുകളിൽ നടത്തിയ 44 പഠനങ്ങളുടെ അവലോകനത്തിൽ, പുകവലി പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ കടുത്ത രീതിയിൽ തകർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബീജത്തിന്റെ അളവിലും ഘടനയിലുമുള്ള തകരാറുകൾ, ഉദ്ധാരണക്കുറവ്, ശുക്ലസ്രവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്ക്ക് പുകവലി പ്രധാന കാരണമാകുന്നു. ആരോഗ്യകരമായ ബീജങ്ങളുടെ ഉൽപാദനത്തെ നശിപ്പിച്ചുകൊണ്ട് പുരുഷന്മാരിലെ പിതൃത്വസ്വപ്നങ്ങളെയാണ് പുകവലി കരിച്ചുകളയുന്നത്.

ഐവിഎഫ് (IVF) ചികിത്സകളെയും ബാധിക്കും

സ്വാഭാവികമായി ഗർഭം ധരിക്കാൻ കഴിയാതെ വരുമ്പോൾ ദമ്പതികൾ ആശ്രയിക്കുന്ന കൃത്രിമ ഗർഭധാരണ രീതികളെയും (IVF ഉൾപ്പെടെയുള്ളവ) പുകവലി ദോഷകരമായി ബാധിക്കുന്നുണ്ട്. പുകവലിയുടെ പശ്ചാത്തലത്തിൽ ഇത്തരം ചികിത്സകളുടെ വിജയസാധ്യത പകുതിയായി കുറയുമെന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. അതായത്, ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തുന്ന വന്ധ്യതാചികിത്സകൾ പോലും പുകവലി ശീലമുള്ളവരിൽ പരാജയപ്പെടാൻ വലിയ സാധ്യതയുണ്ട്.

ആഗോളതലത്തിൽ പ്രത്യുൽപാദന പ്രായത്തിലുള്ള ആറുപേരിൽ ഒരാൾക്ക് ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ വന്ധ്യത അനുഭവപ്പെടുന്നുണ്ടെന്നാണ് യുഎൻ ആരോഗ്യ ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പുകവലി പോലെയുള്ള ലളിതമായി ഒഴിവാക്കാവുന്ന ദുശ്ശീലങ്ങൾ മാറ്റിവച്ചാൽ ഒരു പരിധി വരെ ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. സ്വന്തം ആരോഗ്യവും വരുംതലമുറയുടെ സന്തോഷവും കാത്തുസൂക്ഷിക്കാൻ പുകവലി എന്ന വിപത്തിൽ നിന്ന് ഓരോരുത്തരും പിന്തിരിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.