
ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹിക ദർശനങ്ങളും മാനുഷിക മൂല്യങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അർജന്റീനയിലെ കോർഡോബ അതിരൂപത പുതിയ സ്ട്രീമിംഗ് പരമ്പര ആരംഭിക്കുന്നു. ‘കോംപ്രോമിസോഫ്രാൻസിസ്കോ’ (ഫ്രാൻസിസിനോടുള്ള പ്രതിബദ്ധത) എന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പര മാർച്ച് 13 വെള്ളിയാഴ്ച മാർപാപ്പയുടെ സ്ഥാനാരോഹണ വാർഷിക ദിനത്തിൽ സംപ്രേക്ഷണം ആരംഭിക്കും.
പത്ത് മാസങ്ങളിലായി പത്ത് എപ്പിസോഡുകളാണ് ഈ പരമ്പരയിൽ ഉണ്ടാവുക. സാമൂഹിക നീതി, സാഹോദര്യം, പരിസ്ഥിതി സംരക്ഷണം, ദരിദ്രരോടുള്ള കരുതൽ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്.
വിശ്വാസം, രാഷ്ട്രീയം, സംസ്‌കാരം എന്നിവയെ കോർത്തിണക്കിക്കൊണ്ട് കൂടുതൽ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ വിശ്വാസികളെയും പൊതുസമൂഹത്തെയും പ്രേരിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഈ പരിപാടി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഡിജിറ്റൽ മാധ്യമങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാകും.




