പാറേൽ മർത്ത് മറിയം ബസിലിക്ക: വലിയപള്ളി, അമലോദ്ഭവ മാതാ പള്ളി, എമ്മേ ദ മിശിഹാ ഭൂഗർഭ കപ്പേള 

ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ

ചങ്ങനാശേരി പാറേൽ മർത്ത് മറിയം പള്ളിയുടെ ചരിത്രത്തിലേക്കും 2026 നവംബർ 21 നു നടക്കുന്ന ബസിലിക്ക പ്രഖ്യാപനത്തിന്റെയും കൂദാശയുടെയും വിശേഷങ്ങളിലേക്കുമാണ് ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ എഴുതിയ ഈ ലേഖനം വെളിച്ചം വീശുന്നത്. ആദ്യ കപ്പേള മുതൽ പള്ളിയോടനുബന്ധിച്ചു വളർന്ന സ്ഥാപനങ്ങളെക്കുറിച്ചും, പുതിയ ബഹുനില ദൈവാലയസമുച്ചയത്തിന്റെ നിർമ്മാണ നാൾവഴികളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു. ഭാരതീയ-പൗരസ്ത്യശൈലികൾ സമന്വയിക്കുന്ന വലിയപള്ളി, അമലോദ്ഭവ മാതാ പള്ളി, എമ്മേ ദ മിശിഹാ ഭൂഗർഭ കപ്പേള എന്നിവയുടെ പ്രത്യേകതകളും ലേഖനം പരിചയപ്പെടുത്തുന്നു. തുടർന്നു വായിക്കുക.

2026 നവംബർ 21 ചങ്ങനാശേരി അതിരൂപതയ്ക്ക് ഒരു ത്രിമധുര ദിനമാണെന്നു പറയാം. മാർതോമാശ്ലീഹായുടെ ഭാരതപ്രവേശന ദിനമായ അന്നേ ദിവസം പാറേൽ മർത്ത് മറിയം വലിയ പള്ളിയുടെ കൂദാശ നിർവഹിക്കപ്പെടുന്നു; പാറേൽ പള്ളി ഒരു ബസിലിക്കയായി പ്രഖ്യാപിക്കപ്പെടുന്നതും ഈ സുദിനത്തിലാണ്. തുടർന്ന് പാറേൽ പള്ളിസമുച്ചയത്തിന്റെ വിവിധ ഭാഗങ്ങൾ – നവംബർ 23 ന് അമലോദ്ഭവ മാതാ പള്ളിയുടെ കൂദാശയും ഡിസംബർ 24 ന് പാറേൽ എമ്മേ ദ മിശിഹാ ഭൂഗർഭ കപ്പേളയുടെ കൂദാശയും തിരുശേഷിപ്പ് പ്രതിഷ്ഠയും നടക്കുന്നു. ഒരു വിശ്വാസ സമൂഹത്തിന്റെ നെടുനാളത്തെ സ്വപ്നം പൂവണിയുന്നു, അധ്വാനവും കാത്തിരിപ്പും സഫലമാകുന്നു. സങ്കീർത്തകനോടൊപ്പം നമുക്കും പാടാം: “ഇത് കർത്താവ് തന്ന ദിവസമാണ്; വരുവിൻ, നമുക്ക് സന്തോഷിച്ച് ആനന്ദിക്കാം” (സങ്കീ. 118:24).

1. അൽപം ചരിത്രം: ആദ്യത്തെ പാറേൽ പള്ളി

ചങ്ങനാശേരിയിൽ ആസ്ഥാനമുറപ്പിച്ച കോട്ടയം വികാരിയത്ത് സ്ഥാപനത്തിനു (1887) ശേഷം ഒരു പൊതുദൈവാലയ നിർമ്മാണത്തിനു വേണ്ടി എല്ലാ ഇടവകകളുടെയും സഹകരണത്തോടെ ഇദംപ്രഥമമായി നടന്ന സദുദ്യമമായിരുന്നു പാറേൽ പള്ളി നിർമ്മാണം. ഒൻപതാം പീയൂസ് മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്റെ (1854 ഡിസംബർ 8) സുവർണ്ണ ജൂബിലി സാർവത്രിക സഭയിലെമ്പാടും കൊണ്ടാടണമെന്ന വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ ആഹ്വാനത്തിന് പ്രത്യുത്തരമായി ചങ്ങനാശേരി വികാരിയത്ത് തലത്തിൽ നടന്ന ആഘോഷപരിപാടികൾക്കു ശേഷം അതിന്റെ ഒരു ശാശ്വത സ്മാരകമായാണ് പാറേൽ ആദ്യ കപ്പേള പണികഴിപ്പിച്ചത്.

വികാരി ജനറൽ ആയിരുന്ന മോൺ. സിറിയക് കണ്ടങ്കരി, ചെത്തിപ്പുഴ കർമ്മലീത്താ ആശ്രമശ്രേഷ്ഠനായിരുന്ന ഫാ. എസ്തപ്പാനോസ് തയ്യിൽ എന്നീ രണ്ടംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂബിലി സ്മാരക കപ്പേള പണിയാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ചങ്ങനാശേരി വികാരി അപ്പസ്തോലിക്ക ധന്യൻ മാർ മാത്യു മാക്കീൽ കപ്പേള പണിയാൻ അനുവദിച്ചു.

എസ്തപ്പാനോസച്ചൻ ഫ്രാൻസിൽ നിന്നും വരുത്തിയ മൂന്ന് തിരുസ്വരൂപങ്ങളിൽ ഏറ്റവും കമനീയമായ തിരുസ്വരൂപം ചെത്തിപ്പുഴ ആശ്രമത്തിലും മെത്രാപ്പോലീത്തൻ പള്ളിയിലും വച്ചതിനു ശേഷം 1905 മാർച്ച് 25 ന് പ്രദക്ഷിണമായി കൊണ്ടുവന്ന് പാറേൽ ഒരു താൽക്കാലിക ഷെഡിൽ സ്ഥാപിച്ചു. 1906 ഡിസംബർ ഏഴിന് മാർ മാക്കീൽ പിതാവ് പാറേൽ അമലോദ്ഭവ കപ്പേള കൂദാശ ചെയ്തു. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി ഇടവകാംഗമായ മാളിയേക്കൽ മാത്തൂച്ചൻ ആയിരുന്നു പള്ളിയുടെ ശിൽപി. പള്ളി പണിയാൻ വികാരിയത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും – കൊല്ലം, കൊച്ചി, തൃശ്ശൂർ ഇടവകകളിൽ നിന്നു വരെ – സംഭാവനകൾ ഒഴുകിയെത്തി എന്ന് മോൺ. കണ്ടങ്കരി 1907 ൽ എഴുതിയ ‘അമലോദ്ഭവ ജൂബിലി കപ്പേള’ എന്ന പുസ്തകത്തിൽ പറയുന്നു.

1.2. ആദ്യത്തെ തിരുനാൾ, ദണ്ഡവിമോചന പ്രഖ്യാപനം

1906 ഡിസംബർ എട്ടിന് പ്രഥമ പാറേൽ പള്ളി തിരുനാൾ നടന്നു. തിരുനാളവസരത്തിൽ കുമ്പസാരിച്ച് പരിശുദ്ധ കുർബാന കൈക്കൊള്ളുന്നവർക്ക് വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ കൽപനപ്രകാരമുള്ള ദണ്ഡവിമോചനം പ്രഖ്യാപിക്കുകയും ചെയ്തു. അന്നുമുതലാണ് പാറേൽ പള്ളി തിരുനാളിന്റെ പ്രത്യേകതയായ വലിയ കുമ്പസാരപ്പന്തൽ പള്ളിയോടു ചേർത്ത് കെട്ടാൻ തുടങ്ങിയത്.

2. പള്ളിയോടു ചേർന്ന് വിവിധ സ്ഥാപനങ്ങൾ

ദൈവികശുശ്രൂഷയുടെ കേന്ദ്രമായ ക്രിസ്തീയ ദൈവാലയങ്ങൾ മാനവസേവനത്തിന്റെയും വികസനത്തിന്റെയും കേന്ദ്രമായിരുന്നു എന്ന യാഥാർഥ്യം പാറേൽ പള്ളിയുടെ ചുറ്റും വളർന്നുവന്ന സ്ഥാപനങ്ങൾ വിളിച്ചോതുന്നു. 1916 മാർച്ചിൽ ആരംഭിച്ച അമലോദ്ഭവ ജൂബിലി മെമ്മോറിയൽ എൽ.പി. സ്കൂളാണ് പള്ളിയോടു ചേർന്ന് ആദ്യം ഉയർന്നുവന്ന സ്ഥാപനം. 1922 ജൂൺ 19 ന് കപ്പേളയോടു ചേർന്ന് ധന്യൻ മാർ തോമസ് കുര്യാളശേരി പണികഴിപ്പിച്ച കമനീയമായ ബഹുനില മന്ദിരത്തിൽ എസ്.ബി. കോളേജ് പ്രവർത്തനം ആരംഭിച്ചു. 1925 ൽ പള്ളിയുടെ സമീപം ഒരു ട്രെയിനിങ് സ്കൂൾ ആരംഭിച്ചു. 1933–36 കാലഘട്ടത്തിൽ ദിവ്യകാരുണ്യ മിഷനറി സഭയുടെ (MCBS) സ്ഥാപകാംഗങ്ങൾ ഈ ഭവനത്തിലാണ് താമസിച്ചത്. 1916 ഓഗസ്റ്റ് 21 ന് ദിവ്യകാരുണ്യ സന്ന്യാസിനീ സമൂഹത്തിന്റെ (SABS) പ്രഥമ സ്ഥാപകാംഗങ്ങളുടെ നിത്യവ്രതവാഗ്ദാനം നടന്നതും പാറേൽ പള്ളിയിൽ വച്ചാണ്. 1944 ഡിസംബർ എട്ടിന് രൂപതാ മൈനർ സെമിനാരി ഇപ്പോഴത്തെ കോട്ടയം കളക്ടറേറ്റിന് എതിർവശത്തുണ്ടായിരുന്ന രൂപതാവക കെട്ടിടത്തിൽ നിന്നും ഇങ്ങോട്ടേക്കു മാറ്റി.

1951 ൽ എസ്.എച്ച്. പ്രൊവിൻഷ്യൽ ഹൗസ്, 1952 ഡിസംബർ എട്ടിന് തോമാശ്ലീഹായുടെ ഭാരതപ്രവേശന 19-ാം ശതാബ്ദി സ്മാരക കുരിശടി, 1957 ൽ മുതിർന്ന വൈദികർക്കു വേണ്ടി വിയാനി ഹോം, 1959 ൽ സി.വൈ.എം.എ; 1962 ൽ എസ്.വി.ഡി. സെമിനാരി, 1972 ൽ എം.ഒ.സി. (മിഷനറി ഓറിയന്റേഷൻ സെന്റർ), 1983 ൽ ഫാമിലി അപ്പോസ്തലേറ്റ് ഹോം സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്, 1986 ൽ അമല തിയോളജിക്കൽ കോളേജ്, 1999 ൽ വൈദികഭവനം (മതബോധനഗിരി), 2000/2012-ൽ മെത്രാപ്പോലീത്തൻ ട്രൈബ്യൂണൽ, 2000 ൽ സ്ഥാപിച്ച അതിരൂപതാ മ്യൂസിയം എന്നിവ പാറേൽ പള്ളിയുടെ ചുറ്റുമുള്ള സ്ഥാപനങ്ങളാണ്.

ഇതിൽ 2014 ൽ സ്ഥാപിച്ച സെന്റർ ഫോർ ചർച്ച് ആർട്ട് ആൻഡ് ആർക്കിടെക്ചർ ശ്രദ്ധേയമാണ്. അതിന്റെ ഡയറക്ടറായ റവ. ഡോ. ജേക്കബ് കൂരോത്താണ് പുതിയ പാറേൽ ബസിലിക്കയിലെ മദ്ബഹാ കവാടത്തിലെയും പള്ളി സീലിംഗിലെയും മനോഹരമായ ഐക്കണുകൾ വിരചിച്ചിരിക്കുന്നത്; ഒപ്പം ഫാ. തോമസ് കൊറ്റം ജപമാല രഹസ്യങ്ങളുടെ ഐക്കൺ ചിത്രങ്ങളും തയ്യാറാക്കി.

1888 ൽ സ്ഥാപിച്ച ക്ലാരിസ്റ്റ് ഭവനം, സെന്റ് ജെർമെയ്ൻ ഓർഫനേജ്, 1891 ൽ എസ്.ബി. ഹയർ സെക്കൻഡറി സ്കൂൾ, 2004 ൽ ആരംഭിച്ച എസ്.ജെ.സി.സി. മീഡിയ കോളേജ് ഉൾപ്പെടെ ഇരുപതോളം  സഭാസ്ഥാപനങ്ങളും സന്ന്യാസഭവനങ്ങളും പാറേൽ ഇടവകാതിർത്തിയിൽ പ്രവർത്തിക്കുന്നു.

3. കപ്പേള പുനരുദ്ധാരണവും പുതിയ രണ്ടാമത്തെ പള്ളിയും

ഭക്തജനങ്ങളുടെ സൗകര്യാർഥം 1937 ൽ കപ്പേളയുടെ നീളം വർധിപ്പിച്ച് മോണ്ടളം പണികഴിപ്പിച്ചു. തീർഥാടകരുടെയും പാറേൽ പ്രദേശത്തെ വർധിച്ച ക്രൈസ്തവസാന്നിധ്യവും പരിഗണിച്ച് നിർമ്മിച്ച രണ്ടാമത്തെ പള്ളി 1974 ഡിസംബർ അഞ്ചിന് മാർ ആന്റണി പടിയറ മെത്രാപ്പോലീത്ത കൂദാശ ചെയ്തു. 1981 ൽ പാറേൽ പള്ളിയിൽ ഒരു സ്വതന്ത്ര ഇടവകയുടെ പ്രവർത്തനവും ആരംഭിച്ചു. ഫാ. ലൂക്കാ പീടിയേക്കൽ ആയിരുന്നു പ്രഥമ വികാരി. 2001 ഏപ്രിലിൽ പള്ളി മദ്ബഹാ നവീകരണം നടത്തുകയുണ്ടായി.

4. പാറേൽ മർത്ത് മറിയം ബസിലിക്കാ പള്ളി: ദൈവപരിപാലനവും നിർമ്മാണ പ്രക്രിയയും

വീണ്ടും വീണ്ടും വളർന്നുകൊണ്ടിരിക്കുന്ന പാറേൽ ഇടവകയുടെയും വർധിച്ചുവരുന്ന തീർഥാടകരുടെയും ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് വിപുലമായ സൗകര്യങ്ങളോടു കൂടി പണികഴിപ്പിച്ച ഒരു ബഹുനില പള്ളിസമുച്ചയമാണ് മൂന്നാമത്തെ പാറേൽ പള്ളി. ഇടവകയുടെ പ്രവർത്തനങ്ങൾ, തീർഥാടകരുടെ ആവശ്യങ്ങൾ, വിശ്വാസികളുടെ വ്യക്തിപരമായ പ്രാർഥനയും ധ്യാനവും കുമ്പസാരവുമെല്ലാം ഒരു കുടക്കീഴിൽ നിർവഹിക്കാൻ സാധിക്കുന്ന ഒരു തീർഥാടന ദൈവാലയ നിർമ്മാണ സങ്കൽപമാണ് ഇതിന്റെ പിന്നിലുള്ളത്.

ഈ പള്ളിനിർമ്മാണത്തിലുടനീളം പരിശുദ്ധ മാതാവിന്റെ അദ്ഭുതകരമായ അനുഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നത് അവിസ്മരണീയമാണ്. പരിശുദ്ധ സിംഹാസനത്തിന്റെ ആശീർവാദാനുഗ്രഹങ്ങളാണ് ഇതിൽ ഒന്നാമത്തേത്. വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ ആഹ്വാനപ്രകാരം, അമലോദ്ഭവ വിശ്വാസസത്യ പ്രഖ്യാപനത്തിന്റെ ജൂബിലി സ്മാരകമായിട്ടാണല്ലോ ആദ്യത്തെ പാറേൽ പള്ളി ഉയർന്നുവന്നത്. ഇപ്പോഴത്തെ പള്ളിയുടെ അടിസ്ഥാനശില അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് വത്തിക്കാനിൽ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ച വേദിയിൽ വച്ച് ആശീർവദിച്ചു നൽകിയത് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയാണ് (2014 നവംബർ 23).

ഇപ്പോൾ പുതിയ പള്ളി കൂദാശ ചെയ്യാനൊരുങ്ങുന്ന വേളയിൽ പരിശുദ്ധ പിതാവ് ലേയോ പതിനാലാമൻ പാപ്പ, വിജയമാതാവിന്റെ (ജപമാലരാജ്ഞിയുടെ) തിരുനാൾ ദിനമായ 2026 ഒക്ടോബർ ഏഴിന് പാറേൽ പള്ളിയെ ബസിലിക്കയായി ഉയർത്തിയ പ്രഖ്യാപനവും അദ്ഭുതകരമായ ദൈവപരിപാലനത്തിന്റെ മകുടോദാഹരണമാണ്.

4.1. നിർമ്മാണപ്രക്രിയ

മഹാപ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും ദുരിതഘട്ടങ്ങളെ അതിജീവിച്ചുകൊണ്ടുള്ള ഒരു മഹായജ്ഞമായിരുന്നു നിർമ്മാണ കാലഘട്ടത്തിൽ നടന്നത്. അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവിന്റെയും അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെയും ആശീർവാദങ്ങളോടെ വികാരി ജനറൽമാരായ മോൺ. ജോസഫ് മുണ്ടകത്തിൽ, മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഇപ്പോൾ മോൺ. മാത്യു ചങ്ങങ്കരി എന്നിവരുടെ നേതൃത്വത്തിൽ പ്ലാനിങ്, ഫിനാൻസ്, കൺസ്ട്രക്ഷൻ തുടങ്ങിയ കമ്മിറ്റികൾ എണ്ണയിട്ടതുപോലെ പ്രവർത്തിച്ചു. കാലം ചെയ്ത വന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവ് ഈ ഉദ്യമത്തിന് വലിയ പ്രേരണയായി. 2009 ൽ വികാരി ജനറൽ മോൺ. ജോസഫ് കുറിഞ്ഞിപ്പറമ്പിൽ, പാറേൽ ഇടവക വികാരിയായിരുന്ന ഫാ. ആന്റണി നിരയത്ത് എന്നിവരുടെ കാലത്ത് പള്ളിയുടെ പ്ലാൻ തയ്യാറാക്കി, 22.06.2011 ൽ ടൗൺ പ്ലാനിങ് ഓഫീസിൽ സമർപ്പിക്കുകയും 01.02.2013 ന് അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. ശ്രീ ജോൺ കോച്ചേരിയാണ് പള്ളിയുടെ ആർക്കിടെക്റ്റ്. എറണാകുളം എ & റ്റി കൺസ്ട്രക്ഷൻസ് ആണ് കോൺട്രാക്ടർ.

കഴിഞ്ഞ 14 വർഷമായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഫാ. ജേക്കബ് വാരിക്കാട്ട്, അതിരൂപതയിലെ എല്ലാ വൈദികരുടെയും ഇടവകകളുടെയും കൂട്ടായ പരിശ്രമം ഏകോപിപ്പിച്ച് അവിശ്രാന്തം അധ്വാനിച്ച ഫാ. റ്റെജി പുതുവീട്ടിൽക്കളം, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കൊച്ചച്ചന്മാർ, പ്രത്യേകിച്ച് ഫാ. ജിജോ മാറാട്ടുകളം തുടങ്ങിയ പേരുകൾ സ്മരണീയമാണ്.

4.2. പുതിയ പള്ളിസമുച്ചയം

2015 ഓഗസ്റ്റ് 15-ാം തീയതി മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പൗവ്വത്തിൽ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ പുതിയ പള്ളിക്ക് തറക്കല്ലിട്ടു. കേരള വാസ്തുവിദ്യാ ശൈലിയിൽ കമനീയമായ മുഖപ്പുകളും എടുപ്പുകളും ഗോപുരങ്ങളുമുള്ള പള്ളിസമുച്ചയം ഭാരതീയ-പൗരസ്ത്യ മുഖഭാവങ്ങളുള്ള ഒരു നിർമ്മിതിവിസ്മയം തന്നെയാണ്. ഈശോമിശിഹായാകുന്ന ഇളകാത്ത പാറയിൽ അടിസ്ഥാനമിട്ട് സ്വർഗത്തിലേക്ക് വിരൽചൂണ്ടി തലയുയർത്തി നിൽക്കുന്ന പള്ളി മലമേൽ പണിയപ്പെട്ട നഗരം പോലെ ക്രൈസ്തവാഭിമാനത്തിന്റെയും ക്രിസ്തീയസാക്ഷ്യത്തിന്റെയും പ്രതീകമായി ശോഭിക്കുന്നു.

ഭാരതീയശൈലികളോടൊപ്പം ഉയർന്ന ഗോഥിക് വാതായനങ്ങളും ജാലകങ്ങളും സവിശേഷമായ ക്രിസ്തീയ ദൈവാലയ കലാസമന്വയം വിളിച്ചോതുന്നു.

മദ്ബഹയുടെ മുകളിലെ 180 അടി ഉയരമുള്ള ഗോപുരം പള്ളിയുടെ ഒരു വിദൂരദർശനം സാധ്യമാക്കുന്നു. ഇവിടെയാണ് ബൈബിൾ ദൃശ്യങ്ങളും ക്രിസ്തീയദർശനങ്ങളും കലാപരമായി ആവിഷ്കരിക്കുന്ന മരിയൻ ടവർ ഒരുങ്ങുന്നത്. ഏഴ് കൂദാശകളെ സൂചിപ്പിക്കുന്ന ഏഴ് ഗോപുരങ്ങൾ ക്രിസ്തീയവിശ്വാസത്തിന്റെയും സ്വർഗത്തിലേക്ക് ഉയരുന്ന പ്രാർഥനകളുടെയും പ്രതീകമാണ്. പള്ളി മുഖവാരത്തിലും ടവറുകളിലും മാർത്തോമാ സ്ലീവാ സ്ഥാപിച്ചിരിക്കുന്നു. മറ്റു ഗോപുരങ്ങളുടെ മുകളിലുള്ള പുഷ്പദളാകൃതിയിലുള്ള ‘ആങ്കർ കുരിശുകൾ’ പുരാതന കേരള ക്രൈസ്തവ ദൈവാലയങ്ങളുടെ മേൽക്കൂരകളിലും കൽക്കുരിശുകളിലുമുള്ള ഘടകമാണ്. തിന്മയുടെ ശക്തികളെ അതിജീവിക്കുന്ന കോട്ടയായി ഈ സ്ലീവാകൾ ദൈവാലയത്തിനു മുകളിൽ പരിലസിക്കുന്നു.

4.3. മർത്ത്മറിയം വലിയപള്ളി

മൂന്നു നിലകളുള്ള നിർമ്മിതിയിൽ ഏറ്റവും മുകളിലത്തെ നില മൂവായിരത്തോളം പേർക്ക് ആരാധനാ കർമ്മങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്ന 19,390 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മർത്ത് മറിയം വലിയ പള്ളിയാണ്. ദൈവാരാധനയ്ക്കു യോജിച്ച ആന്തരിക സംവിധാനങ്ങളോടെ കിഴക്കുപടിഞ്ഞാറായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സ്വർഗത്തെ സൂചിപ്പിക്കുന്ന മദ്ബഹായുടെ കിഴക്കേ ഭിത്തിയിൽ പരിശുദ്ധ ത്രിത്വം, കർത്താവ് ഈശോമിശിഹാ, മാർത്തോമ്മാ സ്ലീവാ, പന്ത്രണ്ട് ശ്ലീഹന്മാർ എന്നീ ഐക്കണുകൾ ചിത്രീകരിച്ചിരിക്കുന്നു. ആർച്ചുകളിലും പള്ളി സീലിംഗിലുമുള്ള ഐക്കണുകൾ മിശിഹാരഹസ്യങ്ങളെയും ഭാരതീയ വിശുദ്ധരെയും മാലാഖമാരെയും കൊണ്ട് അലംകൃതമാണ്. തിരുസ്വരൂപങ്ങൾക്കു പകരം പുരാതന ദിവ്യകലാരൂപമായ ഐക്കണുകളാണ് ഈ പള്ളിക്കുള്ളിലുള്ളത്. അറുപതോളം കമനീയമായ ഐക്കണുകളാണ് പള്ളിസമുച്ചയത്തിലുള്ളത്. പ്രാർഥനാപൂർവം ദർശിക്കുന്നവർക്ക് ദൈവൈക്യം സാധ്യമാക്കുന്ന സ്വർഗത്തിന്റെ ജാലകങ്ങളാണ് ഐക്കണുകൾ!

വിശാലമായ വരാന്തകളും പിറകിലുള്ള ബാൽക്കണിയും സന്ദർശകർക്കും തീർഥാടകർക്കും സുഗമമായ സഞ്ചാരപഥവും പ്രാർഥനാവേദിയും ഒരുക്കുന്നു.

4.4. അമലോദ്ഭവ മാതാ പള്ളി

വലിയ പള്ളിയുടെ തൊട്ടുതാഴത്തെ നിലയിലാണ് പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ തിരുസ്വരൂപം അലംകൃതപീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. തീർഥാടകർക്ക് ഭക്തിസാന്ദ്രമായി ആരാധനാകർമ്മങ്ങളിൽ പങ്കുകൊള്ളാനും ഏകാഗ്രമായി പ്രാർഥിക്കാനും സൗകര്യപ്രദമായ 12,865 ചതുരശ്ര അടി വിസ്തൃതമായ ഈ പള്ളിയിൽ 900-ത്തോളം പേർക്കുള്ള സൗകര്യമാണുള്ളത്. പ്രശാന്തമായ പ്രാർഥനാന്തരീക്ഷം സൃഷ്ടിക്കുന്ന നിത്യാരാധന കപ്പേള, അതിനോടു ചേർന്ന് കുമ്പസാരം, കൗൺസിലിങ്, സമർപ്പണ ശുശ്രൂഷ (അടിമവയ്ക്കൽ) തുടങ്ങിയ ആത്മീയാവശ്യങ്ങൾക്കു വേണ്ടിയുള്ള വിശാലമായ സ്ഥലങ്ങളും ക്രമീകരിച്ചിരിക്കുന്നു.

4.5. എമ്മേ ദ മിശിഹാ ഭൂഗർഭ കപ്പേള – മാർ ജോസഫ് പെരുന്തോട്ടം ജൂബിലി ഹാൾ

തീർഥാടകർക്ക് പ്രത്യേക ആരാധനാകർമ്മങ്ങളിൽ പങ്കുകൊള്ളുന്നതിനും പ്രാർഥിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഏറ്റവും താഴത്തെ നിലയിലുള്ള ഈ സ്ഥലത്ത് ഒരുക്കിയിരിക്കുന്നു. വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങാനും ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള സ്മരണികകൾ സമർപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.

ഇതിനു സമീപമുള്ള മാർ ജോസഫ് പെരുന്തോട്ടം മെത്രാഭിഷേക രജത ജൂബിലി ഹാൾ മരിയൻ ധ്യാനം, പഠനം, മറ്റു സമ്മേളനങ്ങൾ തുടങ്ങിയവയ്ക്കുള്ള വിശാലമായ ഇടം ഒരുക്കുന്നു.

തീർഥജലം ശേഖരിക്കുന്ന പഴയ പള്ളിക്കിണർ, പഴയ പള്ളിയുടെ മദ്ബഹാ ഭാഗം, ദൈവാലയ ശിൽപിയായ മോൺ. കണ്ടങ്കരിയുടെ കബറിടം തുടങ്ങിയവ സമീപത്ത് മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. പള്ളിക്കിണറിനു സമീപം മറിയത്തിന്റെ സ്തോത്രഗീതവും ബഹുനില മന്ദിരത്തിനു സമീപം പള്ളിയുടെ ചരിത്രവും ശിലാപാളികളിൽ രേഖപ്പെടുത്തിയിരിക്കുന്നു

4.6. മറ്റു സൗകര്യങ്ങൾ

പള്ളിയുടെ മുൻപിൽ പഴയ നിയമ പിതാക്കന്മാരുടെ പ്രതീകങ്ങളും ശ്ലീഹന്മാരുടെയും സുവിശേഷകന്മാരുടെയും ചിഹ്നങ്ങളും കൊത്തിയ വലിയ കൽക്കുരിശും ഭാരതീയവിശുദ്ധരുടെ ചിത്രങ്ങൾ പതിപ്പിച്ച കൊടിമരവും സ്ഥാപിച്ചിരിക്കുന്നു. വിശാലമായ മുറ്റവും മോണ്ടളവും പള്ളിയിലേക്കും പുറത്തേക്കുമുള്ള സുഗമമായ സഞ്ചാരപാത ഒരുക്കുന്നു. വിശാലമായ ഗ്രൗണ്ടുകൾക്കു പുറമെ ബഹുനില പാർക്കിങ്  സൗകര്യങ്ങൾ, ജപമാല രഹസ്യങ്ങൾ ചിത്രീകരിച്ച പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണ വഴികൾ, പുറത്തേക്കുള്ള പ്രദക്ഷിണം ആരംഭിക്കുന്ന ആവേ മരിയ ഗ്രോട്ടോ, കഫറ്റീറിയ, ഭക്തസാധന-ബുക്ക്സ്റ്റാൾ, ടോയ്‌ലറ്റ് ബ്ലോക്ക് തുടങ്ങിയവ ആരാധകർക്കും തീർഥാടകർക്കുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു.

ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.