
നാം ഇന്ന് നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ രാജത്വത്തിരുനാള്‍ ആഘോഷിക്കുകയാണ്. ക്രിസ്തുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഏറ്റവും സുന്ദരമായ വിശേഷണങ്ങളിലൊന്നാണ് ‘രാജാക്കന്മാരുടെ രാജാവായ ക്രിസ്തു.’ ഇന്ന് തിരുസഭയില്‍ ഈ തിരുനാള്‍ ആഘോഷിക്കുമ്പോള്‍, കുഞ്ഞുന്നാളില്‍ സണ്‍ഡേ സ്‌കൂളില്‍ ഉള്ളില്‍ തട്ടുന്ന ഒരു സങ്കീര്‍ത്തനമായി ‘ജയ് ജയ് ക്രിസ്തുരാജന്‍’ എന്ന് നമ്മള്‍ ഏറ്റുപറഞ്ഞ ആ നാളുകള്‍ ഒരുപക്ഷെ നമ്മുടെ ഓര്‍മ്മയിലേക്ക് കടന്നുവരാം. നിഷ്‌കളങ്കമായ ആ ഓര്‍മ്മകളില്‍ നിന്നുകൊണ്ട്, ഈ ലോകത്തിന്റെ തിരക്കുകള്‍ക്കിടയിലും നമ്മുടെ ജീവിതത്തിന്റെ സര്‍വസ്വവും ക്രിസ്തുവാണ് എന്ന് പ്രഖ്യാപിക്കാന്‍ തിരുസഭ നമ്മെ വീണ്ടും ക്ഷണിക്കുകയാണ്. എല്ലാവര്‍ക്കും തിരുനാളിന്റെ ഹൃദയപൂര്‍വകമായ മംഗളങ്ങള്‍!
ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യ ദശകങ്ങള്‍! ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളും അതിനെത്തുടര്‍ന്ന് ലോകത്തിലുണ്ടായ അരാജകത്വവും മനുഷ്യന്റെ സമാധാനം പൂര്‍ണ്ണമായും തല്ലിക്കെടുത്തിയ കാലഘട്ടമായിരുന്നു അത്. അടിമത്തവും ചൂഷണവും പട്ടിണിയും സാംക്രമികരോഗങ്ങളുമൊക്കെ സാധാരണ മനുഷ്യര്‍ക്ക് മരണവും യാതനയും മാത്രം നല്‍കിയ കാലം. അതിനു പുറമേ, ദൈവം വെറും മിഥ്യയാണെന്നും ഭൗതികവാദത്തിലൂടെയും സൂപ്പര്‍ മനുഷ്യരിലൂടെയും ലോകത്തെ സമൃദ്ധിയിലേക്ക് നയിക്കാമെന്നുമുള്ള ചിന്തകള്‍ സമൂഹത്തില്‍ വേരുറപ്പിച്ചു തുടങ്ങിയിരുന്നു. യുദ്ധങ്ങളും കലഹങ്ങളും മനുഷ്യന്റെ ഹൃദയത്തില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച ആ ഇരുണ്ട കാലഘട്ടത്തിലാണ്, 1925 ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പയസ് പതിനൊന്നാമന്‍ ‘ക്വാസ് പ്രിമാസ്’ (Quas Primas) എന്ന ചാക്രികലേഖനത്തിലൂടെ സഭയില്‍ ഈ തിരുനാള്‍ ഔദ്യോഗികമായി നടപ്പിലാക്കുന്നത്. ഈ പ്രപഞ്ചത്തെയും മനുഷ്യമനസ്സുകളെയും ഭരിക്കുന്നത് ലൗകിക ഭരണാധികാരികളല്ല, മറിച്ച് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും രാജാവായ ക്രിസ്തുവാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു തിരുസഭ ആ വേളയില്‍ ചെയ്തത്. അന്നുതുടങ്ങി ഇന്നോളം, ക്രൈസ്തവലോകം ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിന്റെയും കുടുംബങ്ങളുടെയും ഈ ലോകത്തിന്റെ മുഴുവനും രാജാവായി ഏറ്റുപറഞ്ഞു കൊണ്ടിരിക്കുന്നു.
പ്രിയമുള്ളവരേ, മനുഷ്യചരിത്രത്തില്‍ രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും കാലഘട്ടങ്ങള്‍ക്ക് വലിയ പഴക്കമുണ്ട്. വെട്ടിപ്പിടിക്കലുകളുടെയും യുദ്ധങ്ങളുടെയും രക്തം പുരണ്ട ചരിത്രമാണ് ലൗകികരാജാക്കന്മാരുടേത്. കൊന്നും കൊലവിളിച്ചും പടയോട്ടങ്ങള്‍ നടത്തി അധികാരം പിടിച്ചെടുത്തവരുടെ കഥകളാണ് ചരിത്രപുസ്തകങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍, ഇസ്രായേല്‍ ജനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് അദ്ഭുതം തോന്നും; കാരണം, മറ്റു ജനതകള്‍ക്ക് രാജാക്കന്മാര്‍ ഉണ്ടായിരുന്നെങ്കിലും, നൂറ്റാണ്ടുകളോളം ഇസ്രായേലിന് രാജാവുണ്ടായിരുന്നില്ല; ദൈവം മാത്രമായിരുന്നു അവരുടെ രാജാവ്. അവരെ നയിച്ചതും പരിപാലിച്ചതും കാത്തുരക്ഷിച്ചതും സാക്ഷാല്‍ ദൈവമായിരുന്നു. എന്നാല്‍, മനുഷ്യന്റെ സ്വാര്‍ഥതയും ലൗകികമോഹങ്ങളും കാരണം അവര്‍ സാമുവേല്‍ പ്രവാചകന്റെ അടുക്കല്‍ ചെന്ന്, തങ്ങള്‍ക്കും മറ്റു ജനതകളെപ്പോലെ ഒരു രാജാവിനെ വേണമെന്ന് ആവശ്യപ്പെട്ടു. ദൈവത്തെ മാറ്റിനിര്‍ത്തി മനുഷ്യനെ രാജാവായി തിരഞ്ഞെടുത്തപ്പോള്‍ അവര്‍ അനുഭവിച്ച ദുരിതങ്ങളുടെയും അടിമത്തത്തിന്റെയും കഥകള്‍ പഴയ നിയമം നമുക്കു മുന്നില്‍ വെളിപ്പെടുത്തുന്നുണ്ട്.
തുടര്‍ന്നുള്ള ലോകചരിത്രവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും നിറഞ്ഞതായിരുന്നു മനുഷ്യന്റെ ഭരണകൂടങ്ങള്‍. അതുകൊണ്ടുതന്നെയാകാം, ഭാഷയില്‍ ‘രാജാവ്’ എന്ന വാക്കിന് പൂര്‍ണ്ണമായും നല്ലൊരു അര്‍ഥം നല്‍കാന്‍ കഴിയാതെപോയത്. അടിമത്തത്തിന്റെയും നിര്‍ബന്ധിത വിധേയത്വത്തിന്റെയും പര്യായമായി ആ വാക്ക് മാറിപ്പോയി. അതുകൊണ്ടു കൂടിയാകാം, ഈശോ ഒരിക്കലും ഈ ലോകത്തിന്റെ ഒരു ലൗകിക രാജാവാകാന്‍ ആഗ്രഹിച്ചില്ല. അയ്യായിരത്തിലധികം ജനങ്ങള്‍ അപ്പം കഴിച്ച് തൃപ്തരായപ്പോള്‍ അവനെ പിടിച്ച് രാജാവാക്കാന്‍ അവര്‍ ശ്രമിച്ചപ്പോഴും, ഒലിവുശാഖകളുമായി ജനം എതിരേറ്റപ്പോഴും ഈശോ ആ ലൗകിക അധികാരം തിരസ്‌കരിക്കുകയാണ് ചെയ്തത്. ചുവന്ന മേലങ്കിയും മുള്‍ക്കിരീടവും അണിയിച്ച് ‘യൂദന്മാരുടെ രാജാവേ സ്വസ്തി’ എന്ന് പരിഹസിച്ചപ്പോഴും ലോകം അതിന്റേതായ ലൗകിക അര്‍ഥത്തിലാണ് ക്രിസ്തുവിന്റെ രാജത്വത്തെ കണ്ടത്. പീലാത്തോസിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഈശോ വ്യക്തമായി പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല.”
പിന്നെ എപ്പോഴാണ് ക്രിസ്തു യഥാര്‍ഥത്തില്‍ രാജാവായിത്തീര്‍ന്നത്? ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നതു പോലെ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, രോഗികളെ സുഖപ്പെടുത്തിയപ്പോഴല്ല, മറിച്ച് കാല്‍വരിയിലെ വിശുദ്ധ കുരിശില്‍ മനുഷ്യര്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞപ്പോഴാണ്! സഹനങ്ങളുടെ മധ്യേ, ക്ഷമയുടെയും സ്‌നേഹത്തിന്റെയും വലിയ സന്ദേശം നല്‍കിക്കൊണ്ട് കുരിശില്‍ മരിച്ചപ്പോഴാണ് ക്രിസ്തു മനുഷ്യഹൃദയങ്ങളില്‍ രാജാവായി വാണുതുടങ്ങിയത്. ആരുടെയെങ്കിലും മേല്‍ അധികാരം സ്ഥാപിക്കാനോ, അവരെ അടിമകളാക്കാനോ അല്ല, മറിച്ച് നമ്മുടെ സമാധാനത്തിനും രക്ഷയ്ക്കും വേണ്ടി സ്വന്തം ഹൃദയം നമുക്കായി നല്‍കാനാണ് അവിടുന്ന് വന്നത്.
ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കൂ, ഇന്നത്തെ കാലഘട്ടത്തിലെ നമ്മുടെ നേതാക്കളും ഭരണാധികാരികളും എന്ത് കാഴ്ചയാണ് നമുക്കു നല്‍കുന്നത്? സ്വന്തം സ്വാര്‍ഥതയ്ക്കു വേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുന്ന, അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന, പാവപ്പെട്ടവന്റെ കണ്ണുനീര് കാണാന്‍ കഴിയാത്ത ലൗകിക രാജാക്കന്മാരെയാണ് ഇന്ന് നമ്മള്‍ ചുറ്റും കാണുന്നത്. ഈ സാഹചര്യത്തിലാണ് ക്രിസ്തുവിന്റെ രാജത്വം എത്രമാത്രം വ്യത്യസ്തവും മനോഹരവുമാണെന്ന് നാം തിരിച്ചറിയുന്നത്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല, മറിച്ച് നമ്മെ സ്‌നേഹിച്ച് സ്വതന്ത്രരാക്കുകയാണ് ചെയ്തത്. വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ പറയുന്നതുപോലെ, ”ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകന്‍.”
ഒരു ചെറിയ കഥയോര്‍ക്കുക. ഒരിക്കല്‍ ജര്‍മനിയിലെ ഫ്രെഡറിക് ചക്രവര്‍ത്തി ഒരു വിദ്യാലയത്തില്‍ ചെന്ന് കുട്ടികളോടു ചോദിച്ചു: “ഈ ലോകം എവിടെയാണ്?” കുട്ടികള്‍ ഓരോരുത്തരായി മറുപടി പറഞ്ഞു. ഒടുവില്‍ മിടുക്കനായ ഒരു കുട്ടി യാതൊരു സംശയവുമില്ലാതെ വിളിച്ചുപറഞ്ഞു: “ഈ ലോകം ക്രിസ്തുവിന്റെ കരങ്ങളിലാണ്.” ചക്രവര്‍ത്തിയുടെ അധികാരത്തേക്കാള്‍ വലുതാണ് ദൈവത്തിന്റെ കരം എന്ന, ആ കുട്ടിയുടെ നിഷ്‌കളങ്കമായ വിശ്വാസം നമ്മുടേയും വിശ്വാസമയിത്തീരട്ടെ.
അതെ, ഈ ലോകവും നമ്മുടെ കുടുംബങ്ങളും നമ്മുടെ ഓരോരുത്തരുടെയും ജീവിതവും ആ കാരുണ്യത്തിന്റെ കരങ്ങളിലാണ്. രാജാവ് എന്ന വാക്കിന്റെ ലൗകിക പരിമിതികള്‍ക്കപ്പുറം നിന്നുകൊണ്ട്, സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, നീതിയുടെ രാജാവായി നമുക്ക് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കാം. ഈ തിരുനാള്‍ ദിനത്തില്‍ നമുക്ക് ഉറക്കെ പ്രഘോഷിക്കാം; നമ്മുടെ ഹൃദയങ്ങളില്‍ മറ്റ് ആര്‍ക്കും സ്ഥാനമില്ല, ക്രിസ്തുവല്ലാതെ മറ്റൊരു രാജാവില്ല എന്ന്. ഈ ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ നാഥനായി, രക്ഷകനായി എന്നും സ്വീകരിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.
ബ്രദര്‍ അവിരാച്ചന്‍ ടോമി MCBS




