സിറിയയിലെ ക്രൈസ്തവഗ്രാമത്തിനു നേരെ ആക്രമണം: ആശങ്ക അറിയിച്ച് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്

സിറിയയിലെ ക്രൈസ്തവഗ്രാമത്തിനു നേരെ വീണ്ടും ആക്രമണം. ഹമാ ഗ്രാമീണമേഖലയിലെ ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ അൽ-സുഖയ്‌ലബിയയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനിടെ ഒരു ഓർത്തഡോക്സ് വൈദികൻ വെടിയേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന വെളിപ്പെടുത്തി.

സംഘടന പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, ഒക്ടോബർ മൂന്നിന് രാത്രിയിലാണ് സംഭവം നടന്നത്. ക്രൈസ്തവ ഗ്രാമമായ അൽ-സുഖയ്‌ലബിയയിലെയും അയൽപക്കത്തെ മുസ്‌ലിം ഗ്രാമമായ അൽ-ഖലാഅയിലെയും (Al-Qalaa) യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഈ തർക്കം രൂക്ഷമാവുകയും സുന്നി ഭൂരിപക്ഷമുള്ള അയൽഗ്രാമത്തിൽ നിന്നുള്ള ആയുധധാരികൾ അൽ-സുഖയ്‌ലബിയയിൽ പ്രവേശിച്ച് വീടുകൾക്കു നേരെ വെടിയുതിർക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയുമായിരുന്നു.

സുരക്ഷാകാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത ഓർത്തഡോക്സ് വൈദികനും ഈ അക്രമത്തിനിടയിൽ പെട്ടുപോവുകയായിരുന്നു. സംഭവത്തെ തുടർന്ന് അൽ-സുഖയ്‌ലബിയയിലെ മറ്റൊരു ഓർത്തഡോക്സ് വൈദികനായ ഫാ. ഫെഡി സങ്കരി പങ്കുവച്ച സന്ദേശത്തിൽ, സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്യുകയും പ്രാദേശിക ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“ആർക്കും നിങ്ങളുടെ വീടുകളിൽ കടന്നുകയറാനോ, നിങ്ങളുടെ സുരക്ഷയെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യാനോ അവകാശമില്ല. പ്രതികാര നടപടികളല്ല, മറിച്ച് സുരക്ഷയും നീതിയും ഉത്തരവാദിത്തവുമാണ് നടപ്പിലാക്കേണ്ടത്. ധൈര്യശാലികളാവുക, എന്നാൽ വിവേകത്തോടെ പ്രവർത്തിക്കുക; ഒന്നിച്ചുനിൽക്കുക. പക്ഷേ, വീണ്ടും അക്രമത്തിലേക്ക് പോകരുത്. രക്തച്ചൊരിച്ചിൽ കൊണ്ട് ആരുടെയും ഭവനങ്ങൾ തിരിച്ചുകിട്ടുകയോ, ഭാവി സുരക്ഷിതമാവുകയോ ഇല്ല,” ഫാ. സങ്കരി പറഞ്ഞു.

ആറുമാസത്തിനിടെ അൽ-സുഖയ്‌ലബിയയിൽ നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്. മാർച്ച് അവസാനത്തോടെ, സമാനമായ ഒരു തർക്കത്തെ തുടർന്ന് ഒരു സംഘം ആളുകൾ രാത്രിയിൽ ഗ്രാമത്തിൽ പ്രവേശിച്ച് കടകളും വ്യവസായ സ്ഥാപനങ്ങളും ജനങ്ങളെയും ആക്രമിച്ചിരുന്നു. ഒടുവിൽ സുരക്ഷാസേന സ്ഥലത്ത് എത്തുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.