
ഹിജാബ് ധരിക്കാതെ ഓൺലൈനിൽ പാട്ടുപാടി പ്രകടനം നടത്തിയ പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്ക് (Parastoo Ahmadi) 74 ചാട്ടയടിയും രണ്ടു വർഷത്തെ കലാപരമായ വിലക്കും അടങ്ങുന്ന ശിക്ഷ ശരിവച്ച് കോടതി. കലാ-സാംസ്കാരിക രംഗത്തുള്ളവർക്കെതിരെ ഇറാൻ ഭരണകൂടം നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകൾ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്ത സംഗീതപരിപാടിയിൽ ഹിജാബ് ധരിക്കാതെ ഗാനം ആലപിച്ചതിനാണ് പരസ്തൂ അഹ്മദിക്കും, ഒപ്പമുണ്ടായിരുന്ന സംഗീതജ്ഞരായ എഹ്സാൻ ബെയ്റഗ്ദാർ, സോഹീൽ ഫഗീഹ് നസിരി എന്നിവർക്കും മറ്റ് അഞ്ച് പ്രൊഡക്ഷൻ ടീം അംഗങ്ങൾക്കും കോം പ്രവിശ്യയിലെ ക്രിമിനൽ കോടതി 74 ചാട്ടയടിയും രണ്ടു വർഷത്തെ യാത്രാവിലക്കും വിധിച്ചത്. ഈ ഉത്തരവാണ് അപ്പീൽ കോടതി ഇപ്പോൾ അന്തിമമായി ശരിവച്ചിരിക്കുന്നത്.
മറ്റൊരു സംഭവത്തിൽ ‘തെഹ്റാൻ പാരിസ് തെഹ്റാൻ’ (Tehran Paris Tehran) എന്ന നാടകത്തിൽ സഹോദരങ്ങളുടെ വേഷം ചെയ്ത നടൻ മെഹ്ദാദ് സെദിഗിയനും നടി ഫത്തേമെ മസൂദിഫറും തമ്മിൽ സ്റ്റേജിൽ വച്ച് ചെറിയ രീതിയിൽ ആലിംഗനം ചെയ്തുവെന്നതിന്റെ പേരിൽ പ്രൊഡക്ഷൻ കമ്പനിക്കെതിരെയും അധികൃതർ ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇത് സാമൂഹിക മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണെന്നാണ് ഇറാനിയൻ ഭരണകൂടത്തിന്റെ വാദം.
സ്ത്രീകളുടെ വസ്ത്രധാരണത്തിലും പൊതുഇടങ്ങളിലെ പെരുമാറ്റത്തിലും കർശന ഇസ്ലാമിക നിയമങ്ങളാണ് ഇറാനിൽ നടപ്പിലാക്കിവരുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി പൊതുധാർമ്മികതയ്ക്ക് നിരക്കാത്തതും അശ്ലീലമെന്ന് മുദ്രകുത്തുന്നതുമായ ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.




