
പുഞ്ചിരികളും സ്വപ്നങ്ങളും നിറയേണ്ട പ്രായത്തിൽ കടുത്ത പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും ഭീതിയിലാണ് അഫ്ഗാനിസ്ഥാനിലെ കുഞ്ഞുങ്ങൾ. അന്താരാഷ്ട്ര സംഘടനയായ ‘സേവ് ദി ചിൽഡ്രൻ’ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, യുദ്ധവും ദാരിദ്ര്യവും തകർത്തെറിഞ്ഞ ആ രാജ്യത്ത് അഞ്ച് വയസ്സിനു താഴെയുള്ള പത്ത് കുട്ടികളിൽ ഒരാൾ വീതം അതീവ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം മരണത്തോട് മല്ലടിക്കുകയാണ്.
ജീവനെടുക്കുന്ന പട്ടിണി
ഉയരത്തിനനുസരിച്ച് ശരീരഭാരം അപകടകരമാം വിധം കുറഞ്ഞുപോകുന്ന ‘അക്യൂട്ട് മാൽന്യൂട്രിഷൻ’ (Acute Malnutrition) അഥവാ ‘വേസ്റ്റിംഗ്’ എന്ന അവസ്ഥയാണ് അഫ്ഗാനിലെ കുഞ്ഞുങ്ങളെ വേട്ടയാടുന്നത്. ഭക്ഷണത്തിന്റെ ലഭ്യതക്കുറവും കടുത്ത രോഗങ്ങളും മൂലം ശരീരത്തിലെ മാംസപേശികളും കൊഴുപ്പും പെട്ടെന്ന് നഷ്ടപ്പെടുന്ന ഈ അവസ്ഥ കുട്ടികളുടെ ജീവനു തന്നെ വലിയ ഭീഷണിയാണ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ അഫ്ഗാനിസ്ഥാനിൽ ഈ അവസ്ഥയിലുള്ള കുട്ടികളുടെ എണ്ണം 14 ശതമാനത്തോളം വർധിച്ചു. നിലവിൽ 2026 ലെ കണക്കുകൾ പ്രകാരം 3.7 ദശലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഈ ദുരിതാവസ്ഥയിലൂടെ കടന്നുപോകുന്നത്. അതേസമയം, രാജ്യത്തെ മൂന്നിൽ രണ്ട് പ്രവിശ്യകളിലും ഈ പ്രതിസന്ധി മുൻവർഷത്തേക്കാൾ കൂടുതൽ വഷളായിരിക്കുകയാണ്.
സഹായങ്ങൾ നിലയ്ക്കുന്നു; ആരോഗ്യമേഖല തകർച്ചയിൽ
അന്താരാഷ്ട്ര സഹായങ്ങൾ വെട്ടിക്കുറച്ചതും ആരോഗ്യകേന്ദ്രങ്ങൾ അടച്ചുപൂട്ടിയതുമാണ് അഫ്ഗാനിലെ കുരുന്നുകൾ ഈ ദയനീയ അവസ്ഥയിലേക്ക് എത്തിച്ചേർന്നതിനു പിന്നിലെ പ്രധാനമായ രണ്ട് കാരണങ്ങൾ. 2021 ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് ലോകരാഷ്ട്രങ്ങൾ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായങ്ങൾ വലിയ രീതിയിൽ പിൻവലിച്ചു. 2022 ൽ 3.27 ബില്യൺ ഡോളറായിരുന്ന മാനുഷിക സഹായം 2025 ആയപ്പോഴേക്കും ഒരു ബില്യൺ ഡോളറായി കൂപ്പുകുത്തി. ഫണ്ടിന്റെ കടുത്ത ദൗർലഭ്യം മൂലം രാജ്യത്തെ ഏകദേശം അറുനൂറോളം ആരോഗ്യകേന്ദ്രങ്ങൾ ഇതിനകം പൂട്ടിപ്പോയതിനാൽ ലക്ഷക്കണക്കിന് സാധാരണക്കാരാണ് ചികിത്സ കിട്ടാതെ വലയുന്നത്.
ഇരട്ടി ദുരിതമായി അഭയാർഥികളുടെ തിരിച്ചുവരവ്
ഇതുകൂടാതെ, അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് അഫ്ഗാൻ പൗരന്മാർ നിർബന്ധിതമായി നാടുകടത്തപ്പെട്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നുണ്ട്. 2023 സെപ്റ്റംബറിനു ശേഷം അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയിൽ 12 ശതമാനത്തിന്റെ വർധനവാണ് ഇത്തരത്തിൽ ഉണ്ടായത്. വർഷങ്ങളായി തുടരുന്ന വരൾച്ചയും സംഘർഷങ്ങളും മൂലം തകർന്നിരിക്കുന്ന ഒരു രാജ്യത്തിന് താങ്ങാൻ കഴിയുന്നതിലുമപ്പുറമാണ് ജനക്കൂട്ടത്തിന്റെ ഈ വരവ്.
“ലോകം കണ്ണടയ്ക്കരുത്”: മുന്നറിയിപ്പുമായി അധികൃതർ
“ലോകത്തിന് ഇനിയും ഇതിൽ നിന്നും കണ്ണടച്ചുനിൽക്കാനാകില്ല. കടുത്ത പട്ടിണിയും അഭയാർഥികളുടെ പ്രവാഹവും അഫ്ഗാനിലെ പരിമിതമായ വിഭവങ്ങളെ പൂർണ്ണമായും തകർത്തിരിക്കുന്നു,” എന്ന് ‘സേവ് ദി ചിൽഡ്രൻ’ അഫ്ഗാൻ കൺട്രി ഡയറക്ടർ ആശിഷ് ദാംലെ പറയുന്നു. പ്രതിസന്ധികൾ പൂർണ്ണമായും കൈവിട്ടുപോകുന്നതിനു മുൻപ് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഈ കുരുന്നുകളുടെ ജീവനും ഭാവിയും സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് മാനുഷിക സംഘടനകളുടെ ഒരേയൊരു ആവശ്യം.




