
ആത്മവിശ്വാസക്കുറവ് (Low Self-Confidence) എന്നത് സ്വന്തം കഴിവുകളിലും മൂല്യത്തിലും തീരുമാനങ്ങളിലും സംശയം തോന്നുകയും, കാര്യങ്ങൾ ശരിയായി ചെയ്യാൻ എനിക്ക് കഴിയില്ല എന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന മാനസികാവസ്ഥയാണ്. ഇതൊരു രോഗമല്ല; മറിച്ച്, ഒരു വ്യക്തിയുടെ ചിന്തകളിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റമാണ്.
ആത്മവിശ്വാസക്കുറവിന്റെ പ്രധാന ലക്ഷണങ്ങൾ
സ്വയം കുറച്ചുകാണുക: മറ്റുള്ളവരെക്കാൾ താൻ താഴെയാണെന്ന ചിന്തയും, സ്വന്തം വിജയങ്ങൾ യാദൃശ്ചികമായി സംഭവിച്ചതാണെന്ന് കരുതുന്നതും.
വിമർശനങ്ങളെയും പരാജയങ്ങളെയും അമിതമായി ഭയക്കുക: തെറ്റുകൾ സംഭവിക്കുമോ എന്ന പേടികാരണം പുതിയ കാര്യങ്ങൾ ശ്രമിക്കാതിരിക്കുക.
തീരുമാനങ്ങൾ എടുക്കാനുള്ള ബുദ്ധിമുട്ട്: നിസ്സാര കാര്യങ്ങളിൽ പോലും സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാതെ വരികയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അമിതമായി ആശ്രയിക്കുകയും ചെയ്യുക.
ഒഴിവാക്കൽ പ്രവണത (Avoidance): പൊതുവേദികളിൽ സംസാരിക്കാനോ, ആളുകളോട് ഇടപഴകാനോ, നേതൃത്വം ഏറ്റെടുക്കാനോ ഉള്ള മടി.
മറ്റുള്ളവരുമായി അമിതമായി താരതമ്യം ചെയ്യുക: സ്വന്തം ജീവിതത്തെയും നേട്ടങ്ങളെയും എപ്പോഴും മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്ത് നിരാശപ്പെടുക.
ആത്മവിശ്വാസക്കുറവിന് പിന്നിലെ കാരണങ്ങൾ
ചെറുപ്പകാലത്തെ അനുഭവങ്ങൾ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന അമിതമായ വിമർശനങ്ങൾ, അവഗണന, അല്ലെങ്കിൽ മറ്റുള്ളവരുമായുള്ള താരതമ്യം.
മുൻകാല പരാജയങ്ങൾ: ജീവിതത്തിൽ നേരിട്ട വലിയ തോൽവികളോ, തിരസ്കരണങ്ങളോ ഉണ്ടാക്കുന്ന ആഘാതം.
സമൂഹത്തിന്റെ സമ്മർദം: സൗന്ദര്യം, ജോലി, സാമ്പത്തിക നിലവാരം എന്നിവയെക്കുറിച്ച് സമൂഹം വച്ചുപുലർത്തുന്ന മാനദണ്ഡങ്ങൾ.
‘എന്നെക്കൊണ്ട് ഇതിന് കഴിയില്ല’ എന്ന് മനസ്സിനോട് നിരന്തരം പറയുന്ന രീതി.
സ്വന്തം കഴിവുകളെ കൃത്യമായി മനസ്സിലാക്കുകയും, ചെറിയ ലക്ഷ്യങ്ങളിലൂടെ മുന്നേറുകയും ചെയ്താൽ ആത്മവിശ്വാസക്കുറവ് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. ആത്മവിശ്വാസക്കുറവ് നേരിടുന്ന വ്യക്തികൾക്ക് ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ചില പ്രായോഗിക നിർദേശങ്ങൾ താഴെ പറയുന്നവയാണ്:
ചിന്താഗതിയിൽ മാറ്റം വരുത്താം
സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക: സോഷ്യൽ മീഡിയയിലോ ജീവിതത്തിലോ മറ്റുള്ളവരുടെ വിജയങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യാതിരിക്കുക. ഓരോരുത്തരുടെയും വഴികളും സാഹചര്യങ്ങളും വ്യത്യസ്തമാണ്.
പോസിറ്റീവായുള്ള സ്വയംസംസാരം (Self-Talk): “എനിക്ക് ഇതിന് കഴിയില്ല” എന്ന് ചിന്തിക്കുന്നതിന് പകരം “ഞാൻ ഇത് പഠിച്ചെടുക്കാൻ ശ്രമിക്കും” എന്ന് സ്വയം പറയുക. നിങ്ങളുടെ മുൻകാല നേട്ടങ്ങളെയും കഴിവുകളെയും ഇടയ്ക്കിടെ ഓർക്കുക.
ചെറിയ ലക്ഷ്യങ്ങളിൽ നിന്ന് തുടങ്ങാം
ഒറ്റയടിക്ക് വലിയ കാര്യങ്ങൾ ചെയ്യുന്നതിന് പകരം, എളുപ്പത്തിൽ ചെയ്തുതീർക്കാൻ കഴിയുന്ന ചെറിയ ലക്ഷ്യങ്ങൾ (Small Goals) മുന്നിൽവയ്ക്കുക. അവ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സന്തോഷം ആത്മവിശ്വാസം കൂട്ടും. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. പരാജയപ്പെടുമ്പോൾ സ്വയം കുറ്റപ്പെടുത്താതെ, അതിൽ നിന്ന് എന്ത് പഠിക്കാം എന്ന് ചിന്തിക്കുക.
ശരീരഭാഷയും വ്യക്തിത്വവും മെച്ചപ്പെടുത്താം
നേരെ നിവർന്നു നിൽക്കാനും സംസാരിക്കുമ്പോൾ ആളുകളുടെ കണ്ണുകളിൽ നോക്കി സംസാരിക്കാനും (Eye Contact) ശീലിക്കുക. നല്ല ശരീരഭാഷ മനസ്സിന് സ്വാഭാവികമായ ധൈര്യം നൽകും. നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതും സുഖകരവുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നിങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റം വരുത്തും.
പൊതുവേദിയിൽ സംസാരിക്കാനോ പുതിയ ആളുകളോട് ഇടപഴകാനോ ഉള്ള പേടിയാണെങ്കിൽ, ചെറിയ ഗ്രൂപ്പുകളിൽ സംസാരിച്ച് അത് പരിശീലിക്കുക.
ഏതെങ്കിലും ഒരു വിഷയത്തിൽ അല്ലെങ്കിൽ ഹോബിയിൽ (ഉദാഹരണത്തിന്: വായന, കോഡിംഗ്, ഡ്രൈവിംഗ്, സ്പോക്കൺ ഇംഗ്ലീഷ്) കൂടുതൽ അറിവ് നേടുന്നത് നിങ്ങളിൽ സ്വയം മൂല്യം വർധിപ്പിക്കും. നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, ബഹുമാനിക്കുന്ന സുഹൃത്തുക്കളെയും വ്യക്തികളെയും കൂടെനിർത്തുക. നിങ്ങളെ എപ്പോഴും നിരാശപ്പെടുത്തുന്നവരിൽ നിന്ന് അകലം പാലിക്കുക. സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് ചെറിയ തുടക്കങ്ങളിലൂടെ മുന്നോട്ടുപോയാൽ ആർക്കും ആത്മവിശ്വാസം വളർത്തിയെടുക്കാൻ സാധിക്കും.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




