
വി. ലൂക്കായുടെ സുവിശേഷം 17-ാം അധ്യായം മൂന്ന് മുതൽ പത്ത് വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തനവിഷയം. ക്രിസ്തുനാഥൻ, ക്രിസ്തുശിഷ്യനു നൽകുന്ന ഉപദേശങ്ങളാണ് നാം ഈ വാക്യങ്ങളിൽ കാണുന്നത്.
ക്രിസ്തുശിഷ്യനോടുള്ള ഒന്നാമത്തെ ഉപദേശം, മറ്റുള്ളവർക്ക് ഇടർച്ച കൊടുക്കാതിരുന്നാൽ മാത്രം പോരാ, മറ്റുള്ളവരുടെ പാപങ്ങളും ഇടർച്ചകളും നാം ക്ഷമിക്കുകയും വേണം എന്നതാണ്. ഇവിടെ പരസ്നേഹത്തെയും ക്ഷമിക്കുന്ന മനഃസ്ഥിതിയെയും കർത്താവ് എത്ര നിർബന്ധപൂർവം വീക്ഷിക്കുന്നുവെന്ന് കാണാം. ഒരു ദിവസത്തിൽ ഏഴുപ്രാവശ്യം നിന്നോട് തെറ്റ് ചെയ്താലും ഏഴുപ്രാവശ്യവും ക്ഷമിക്കണമെന്ന കൽപനയിലൂടെ ക്രിസ്തുനാഥന്റെ അളവറ്റ കരുണയുടെ മുഖം കാണിച്ചുതരുന്നു.
രണ്ടാമതായി, ക്രിസ്തുനാഥൻ ശിഷ്യരോട് നിങ്ങൾ വിശ്വാസം വളർത്തുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നവരാകണമെന്ന് ഉപദേശിക്കുന്നു. മൂന്നാമതായി, ഒരു ചെറിയ ഉപമയിൽ നിന്ന് വലിയ ഒരു കാര്യം ഈശോ ക്രിസ്തുശിഷ്യനെ പഠിപ്പിക്കുന്നു. ക്രിസ്തുശിഷ്യനെ ഏൽപിച്ച ജോലി ചെയ്തതിനു ശേഷം എന്നെ അനുഗ്രഹിക്കാൻ കടപ്പെട്ടിരിക്കുന്നു എന്ന ചിന്തയ്ക്കു പകരം, എന്നെ ഏൽപിച്ച ജോലി ദൈവസഹായത്താൽ ഭംഗിയായി ചെയ്തു എന്നുപറയാൻ സാധിക്കണമെന്ന് ഈ ഉപമയിലൂടെ യേശു പഠിപ്പിക്കുന്നു.
പ്രിയമുള്ളവരേ, ക്രിസ്തുനാഥന്റെ ഈ ഉപദേശങ്ങൾ ക്രിസ്തുശിഷ്യനിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് നമുക്കോരോരുത്തർക്കും ചിന്തിക്കാം.
1. ഞാൻ മറ്റുള്ളവർക്ക് ഇടർച്ചയ്ക്ക് കാരണമായിട്ടുണ്ടോ?
2. മറ്റുള്ളവരുടെ ഇടർച്ചകളും ബലഹീനതകളും ക്ഷമിക്കാൻ സാധിച്ചിട്ടുണ്ടോ?
3. വിശ്വാസത്തിൽ ഒരു കടുകുമണിയോളം ആഴപ്പെടാൻ സാധിച്ചിട്ടുണ്ടോ?
4. എല്ലാം ദൈവദാനമാണെന്ന് ചിന്തിക്കാൻ സാധിച്ചിട്ടുണ്ടോ?
ദൈവമേ, നല്ല ക്രിസ്തുശിഷ്യനാകാൻ എന്നെയും അനുഗ്രഹിക്കേണമേ.
ഫാ. സാമുവേൽ തൊണ്ടുപറമ്പിൽ




