സീറോ മലബാർ കൈത്താക്കാലം ഏഴാം തിങ്കൾ ആഗസ്റ്റ് 24 മർക്കോ. 12: 28-34 ദൈവരാജ്യത്തിലേക്കുള്ള സുവർണ്ണനിയമം

“യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കൽപന, ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കൽപന, നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കൽപനയൊന്നുമില്ല.” ഈശോ പറഞ്ഞ രണ്ടാമത്തെ കൽപന കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു – “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക.” ഒന്നാമത്തെ കൽപന ദൈവത്തെ സ്നേഹിക്കുന്നതിനെക്കുറിച്ചായിരുന്നു. രണ്ടാമത്തേത്, ഒറ്റനോട്ടത്തിൽ അയൽക്കാരനെ സ്നേഹിക്കുന്നതിനെക്കുറിച്ചാണെന്നു തോന്നും.

‘നിന്നെപ്പോലെ’ നിന്റെ അയൽക്കാരനെ സ്നേഹിക്കാനാണ് ഈശോ പറഞ്ഞത്. ‘നിന്നെപ്പോലെ’ എന്ന പദം ശ്രദ്ധിക്കണം. അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണമെങ്കിൽ നീ ആദ്യം നിന്നെ സ്നേഹിക്കണം; നിന്റെ കഴിവുകളോടും കുറവുകളോടും ബലത്തോടും ബലഹീനതയോടും കൂടെ സ്നേഹിക്കണം. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നീ ആദ്യം നിന്നെ സ്നേഹിക്കണം. നമുക്ക് നമ്മെത്തന്നെ സ്നേഹിക്കാൻ സാധിക്കുന്നുണ്ടോ, അതോ അപകർഷതാബോധത്തിലാണോ നാം ജീവിക്കുന്നത്. അങ്ങനെയെങ്കിൽ ദൈവത്തെയും അയൽക്കാരെയും നാം എങ്ങനെ സ്‌നേഹിക്കും. ഒരു കൽപന പാലിക്കാതെ നമുക്ക് രണ്ടാമത്തേതു പാലിക്കാന്‍ സാധിക്കില്ല. രണ്ടു കൽപനകളും ഒരുമിച്ചുപോകുന്നതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.