
വടക്കൻ നൈജീരിയയിൽ വീണ്ടും സായുധ സംഘങ്ങളുടെ ക്രൂരമായ ആക്രമണം. സെറിയ എന്ന കത്തോലിക്കാ രൂപതാതിർത്തിക്കുള്ളിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഓഗസ്റ്റ് 18 നു പുലർച്ചെയായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് കടുത്ത ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികളോട് പ്രാർഥന അഭ്യർഥിച്ച് പ്രാദേശിക കത്തോലിക്കാ വൈദികൻ രംഗത്തെത്തി.
സെന്റ് പീറ്റേഴ്സ് പാരിഷ് റൂമിയുടെ കീഴിലുള്ള സെന്റ് ജോൺ ഉംഗ്വാർ മുൽക്കി എന്ന ഔട്ട്സ്റ്റേഷനു നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന ഒരു മുതിർന്ന വ്യക്തിയെ അക്രമികൾ തട്ടിയെടുക്കുകയും, അദ്ദേഹത്തിന്റെ മകനെ സംഭവസ്ഥലത്തുവച്ചുതന്നെ വധിക്കുകയും ചെയ്തുവെന്ന് ഫാ. സാമുവൽ അമേഹ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു വ്യക്തി ചികിത്സയിലിരിക്കെ മരണപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.
ഓഗസ്റ്റ് 18-ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായും, തട്ടിയെടുക്കപ്പെട്ട പ്രാദേശിക പ്രമുഖനായും, ദുരന്തബാധിത കുടുംബങ്ങൾക്കായും പ്രാർഥിക്കണമെന്ന് സെറിയ രൂപതയിലെ ഇടവക ചുമതലയുള്ള ഫാ. സാമുവൽ അമേഹ് ആഹ്വാനം ചെയ്തു.




