ദുബായിൽ ‘മൈഗ്രേഷൻ ബൈബിൾ’ കത്തോലിക്കാ പതിപ്പ് പ്രകാശനം ചെയ്തു

ദുബായിലെ സെന്റ് മേരീസ് ദൈവാലയത്തിൽ വച്ച് സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി ‘മൈഗ്രേഷൻ ബൈബിൾ’ (കുടിയേറ്റ ബൈബിൾ) കത്തോലിക്കാ പതിപ്പ് പ്രകാശനം ചെയ്തു. നവംബർ 17-ന് ദുബായിലെ സെന്റ് മേരീസ് ദൈവാലയത്തിൽ ഒത്തുചേർന്ന കത്തോലിക്കാ വിശ്വാസികളുടെ സാന്നിധ്യത്തിലാണ് മൈഗ്രേഷൻ ബൈബിളിന്റെ പ്രകാശന കർമ്മം നടന്നത്.

പൂർണ്ണമായ ബൈബിൾ പഠനത്തോടൊപ്പം സ്വന്തം നാട് വിട്ടുനിൽക്കുന്ന ജീവിതത്തെക്കുറിച്ചുള്ള കുടിയേറ്റക്കാരുടെ സ്വന്തം അനുഭവക്കുറിപ്പുകളും ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജന്മനാട് വിട്ടുപോന്നവർക്കും അവരെ സ്വീകരിക്കുന്ന സമൂഹങ്ങൾക്കും വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ ഇടവകകളിൽ ഒന്നായ സെന്റ് മേരീസ് ദൈവാലയം ഈ പ്രകാശനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് സതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി പറഞ്ഞു.

വികാരിയേറ്റിലുടനീളം വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും വ്യത്യസ്ത പാരമ്പര്യങ്ങൾ ഇടവകകളിലേക്ക് കൊണ്ടുവരുന്നവരുമായ കുടിയേറ്റക്കാർ ഒരേ കത്തോലിക്കാ വിശ്വാസമാണ് പങ്കുവയ്ക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലെ ആളുകൾക്ക് സ്വദേശം വിട്ടുപോകുന്ന അനുഭവം എത്രത്തോളം പരിചിതമായിരുന്നു എന്ന് കാണിക്കാൻ ഗൾഫ് ബൈബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. റായർ ജെബെജിയൻ അബ്രഹാം, രൂത്ത്, തിരുകുടുംബം എന്നിവരുടെ യാത്രകളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

കുടിയേറ്റക്കാരെ സ്വീകരിക്കുന്നവർ ആതിഥ്യമര്യാദ ശീലിക്കാനും എല്ലാ ക്രൈസ്തവരും തീർഥാടകരാണെന്ന് ഓർമ്മിപ്പിക്കാനും ഈ പുസ്തകം ആഹ്വാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുഡ് ന്യൂസ് ട്രാൻസ്ലേഷൻ (Good News Translation) ഉപയോഗിക്കുന്ന ഈ പതിപ്പിൽ ഡ്യൂട്ടറോകാനോണിക്കൽ (സഭ അംഗീകരിച്ച രണ്ടാം കാനോനിക) ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. കുടിയേറ്റ തൊഴിലാളികൾ മുതൽ പലായനവും ആഘാതങ്ങളും വരെയുള്ള വിഷയങ്ങൾ ഇതിലെ 17 ലേഖനങ്ങൾ പരിശോധിക്കുന്നു. വ്യക്തിപരമായ പ്രാർഥനയ്‌ക്കോ ഗ്രൂപ്പ് ചർച്ചകൾക്കോ ഉള്ള ഭാഗങ്ങളും ചോദ്യങ്ങളും വായന പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസ് വിഭാവനം ചെയ്ത ഈ പദ്ധതി, നെതർലാൻഡ്സ് ആൻഡ് ഫ്ലാൻഡേഴ്സ് ബൈബിൾ സൊസൈറ്റിയാണ് വികസിപ്പിച്ച് പ്രസിദ്ധീകരിച്ചത്. കത്തോലിക്കാ ഇടവകകളിലേക്ക് ഈ പതിപ്പ് എത്തിക്കുന്നതിനായി ഗൾഫ് ബൈബിൾ സൊസൈറ്റി നോർത്തേൺ, സതേൺ അറേബ്യ അപ്പസ്തോലിക് വികാരിയേറ്റുകളുമായി സഹകരിച്ച് പ്രവർത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.