ലത്തീൻ നവംബർ 20 ലൂക്കാ 19: 45-48 പ്രാർഥനാലയം

“അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു” (ലൂക്കാ 19:46).

സുവിശേഷം, ‘പ്രാർഥനാലയം’ (House of Prayer), ‘കൊള്ളസങ്കേതം’ (Den of Theive) എന്നിവ തമ്മിലുള്ള വൈപരീത്യത്തെ സൂചിപ്പിക്കുന്നു. പഴയ നിയമത്തിൽ ദൈവാലയം (Temple) ജെറുസലേം ദൈവാലയത്തെ സൂചിപ്പിക്കുന്നെങ്കിൽ പുതിയ നിയമത്തിൽ അത്‌ ക്രിസ്തുവിന്റെ മൗതികശരീരമായ തിരുസഭയുടെയും പരിശുദ്ധാത്മാവിന്റെ ആലയമായ നമ്മുടെ മനുഷ്യശരീരങ്ങളുടെയും പ്രതീകമാണ്.

പ്രാർഥനാലയം ആത്മസമർപ്പണത്തിന്റെ വേദിയാണെങ്കിൽ കൊള്ളസങ്കേതം സ്വാർഥതയുടേതാണ്. വിശ്വാസത്തിന്റെ സ്മാരകങ്ങളായ ദൈവാലയ ഹർമ്യങ്ങളും ക്രിസ്തുവിന്റെ മൗതീകശരീരമായ തിരുസഭയും പരിശുദ്ധാത്മാവിന്റെ ആലയമായ നമ്മുടെ ശരീരങ്ങളും ആത്മസമർപ്പണത്തിലൂടെ ദൈവമഹത്വത്തിന്റെ വേദികളാകുമ്പോഴാണ് അവ യഥാർഥത്തിൽ പ്രാർഥനാലയങ്ങളാകുക. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.