ഡൗൺ സിൻഡ്രോം ബാധിച്ച മകന് കൂട്ടുകാരെ തേടി ഒരമ്മ; ലഭിച്ചത് സ്നേഹത്തിന്റെ വലിയൊരു ലോകം!

​ഡൗൺ സിൻഡ്രോം ബാധിച്ച 24 വയസ്സുകാരനായ മകൻ ക്രിസ്റ്റ്യന്റെ ഒറ്റപ്പെടലിന് അറുതി വരുത്താൻ അമ്മ ഡോണ ഹെർട്ടർ നടത്തിയ വ്യത്യസ്തമായ ശ്രമത്തിന് സമൂഹമാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിച്ചത്. മകനോടൊപ്പം വീഡിയോ ഗെയിമുകൾ കളിക്കാൻ പണം നൽകാമെന്ന് കാണിച്ച് ഡോണ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതിഫലം പോലും വാങ്ങാതെ ക്രിസ്റ്റ്യനൊപ്പം സമയം ചെലവഴിക്കാൻ നിരവധി പേരാണ് മുന്നോട്ടുവന്നത്.

​ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതോടെ ക്രിസ്റ്റ്യന്റെ പഴയ സുഹൃത്തുക്കൾ അവനെ കാണാൻ വരുന്നത് വളരെ കുറഞ്ഞിരുന്നു. സുഹൃത്തുക്കൾ എപ്പോഴാണ് വരികയെന്ന് അവൻ നിരന്തരം അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. ആളുകളെ കണ്ടുമുട്ടാനും സംസാരിക്കാനും ഏറെ ഇഷ്ടപ്പെടുന്ന മകന്റെ ഈ വിഷമം മാറ്റിക്കൊടുക്കണമെന്ന ആഗ്രഹമാണ് വ്യത്യസ്തമായൊരു ആശയത്തിലേക്ക് ഡോണയെ നയിച്ചത്.

​മാസത്തിൽ രണ്ടുതവണ രണ്ട് മണിക്കൂർ വീതം ക്രിസ്റ്റ്യനൊപ്പം വീഡിയോ ഗെയിമുകൾ കളിക്കാൻ ഒരു യുവാവിനെ ലഭിച്ചാൽ പണം നൽകാമെന്നായിരുന്നു ഡോണ ഫേസ്ബുക്കിൽ കുറിച്ചത്. ആരെങ്കിലും കൃത്യമായി വരുമെന്ന് ഉറപ്പാക്കാൻ വേണ്ടിയായിരുന്നു പണം വാഗ്ദാനം ചെയ്തതെന്ന് അവർ വ്യക്തമാക്കി. ​എന്നാൽ ഡോണ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള സ്നേഹവും പിന്തുണയുമാണ് പോസ്റ്റിന് ലഭിച്ചത്. പണം വാങ്ങാതെ തന്നെ ക്രിസ്റ്റ്യനെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും നിരവധി അപരിചിതർ സന്നദ്ധത അറിയിച്ചു. പലരും അവന് സമ്മാനങ്ങളും കത്തുകളും ക്ഷണക്കത്തുകളും അയച്ചു.

​പുതിയ സൗഹൃദങ്ങളിലൂടെ ക്രിസ്റ്റ്യന് ലഭിച്ച നിരവധി കൂടിക്കാഴ്ചകളും പരിപാടികളും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാൻ ഡോണയ്ക്ക് ഒടുവിൽ ഒരു ഡയറി തന്നെ വാങ്ങേണ്ടി വന്നു. ആളുകൾ തന്നോടൊപ്പം സമയം ചെലവഴിക്കുന്നതിൽ അതീവ സന്തോഷവാനായ ക്രിസ്റ്റ്യൻ, സുഹൃത്തുക്കൾ ഒപ്പമുള്ളത് ‘സ്വർഗം പോലെയാണ്’ എന്നാണ് അമ്മയോട് പറഞ്ഞത്. ഈ പുതിയ സൗഹൃദങ്ങളിൽ പലതും വരും വർഷങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഡോണ.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.