ഹിറ്റ്‌ലറുടെ നാസി ഭീകരതയെ ധീരമായി നേരിട്ട ഐറിഷ് സന്ന്യാസിനി

ചരിത്രത്തിന്റെ താളുകളിൽ അടയാളപ്പെടുത്തപ്പെടാതെ പോയ അപൂർവവും വിസ്മയകരവുമായ ചില ജീവിതങ്ങൾ ഉണ്ട്. അത്തരത്തിൽ ഒന്നാണ് കോർക്ക് കൗണ്ടിയിലെ ഡ്രിമോലീഗിൽ നിന്നുള്ള ഫ്രാൻസിസ്കൻ സന്ന്യാസിനിയായ സി. കേറ്റ് മക്കാർത്തിയുടെ ജീവിതം. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പടയുടെ ക്രൂരതകൾക്കെതിരെ പൊരുതുകയും ഗെസ്റ്റാപോയുടെ മരണശിക്ഷയെ അതിജീവിക്കുകയും ചെയ്ത ഈ സന്ന്യാസിനിയുടെ ജീവിതം ആണ് ഇന്ന് അനേകരെ പ്രചോദിക്കുന്നത്. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും ജ്വലിക്കുന്ന ഏടുകളിലൊന്നാണ് സിസ്റ്റർ കേറ്റ് മക്കാർത്തിയുടെ ജീവിതം. ഐറിഷ് ചരിത്രകാരനും എഴുത്തുകാരനുമായ കാത്തി ഫ്ലെമിംഗ് രചിച്ച്, ‘ഹാഷെറ്റ് ബുക്സ് അയർലൻഡ്’ പ്രസിദ്ധീകരിച്ച ‘ദി നൺ ഓഫ് റെവൻസ്ബ്രൂക്ക്: ദി ഐറിഷ് നൺ ഹൂ ഡിഫൈഡ് ദി നാസിസ്’ എന്ന പുതിയ പുസ്തകത്തിലൂടെ ഈ സന്ന്യാസിനിയുടെ ജീവിതം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഡ്രിമോലീഗിൽ നിന്ന് ഫ്രാൻസിലേക്ക്

പത്ത് മക്കളുള്ള ഒരു കുടുംബത്തിലെ മൂത്തവളായി 1895 ഡിസംബർ 17-ന് വെസ്റ്റ് കോർക്കിലെ ഡ്രിമോലീഗിന് സമീപമുള്ള ഡ്രോമിനിഡി നോർത്തിലാണ് കേറ്റ് മക്കാർത്തി ജനിച്ചത്. പതിനെട്ടാം വയസ്സിൽ അവർ ഫ്രഞ്ച് സന്ന്യാസസഭയായ ‘ഓർഡർ ഓഫ് ഫ്രാൻസിസ്കൻസ് ഓഫ് കലൈസിൽ’ ചേർന്നു. കന്യാസ്ത്രീയാകാനുള്ള ആ തീരുമാനം, ഗ്രാമീണ അയർലൻഡിന്റെ പരിചിതമായ ചുറ്റുപാടുകൾക്കപ്പുറത്തേക്ക് അവരെ കൊണ്ടുപോയി.

വടക്കൻ ഫ്രാൻസിലെ ബെഥൂണിലാണ് സി. കേറ്റ് മക്കാർത്തി ശുശ്രൂഷ ചെയ്തിരുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അവിടെ നഴ്സായി ജോലി ചെയ്ത സിസ്റ്റർ മുറിവേറ്റ സൈനികരെ പരിചരിച്ചു. യുദ്ധത്തെയും ദുരിതങ്ങളെയും മനുഷ്യന്റെ നിസ്സഹായാവസ്ഥയെയും കുറിച്ചുള്ള ഈ ആദ്യകാല അനുഭവങ്ങൾ ആ സന്ന്യാസിനിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ പോരുന്നതായിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള വർഷങ്ങളിൽ അവർ അവിടെ തന്റെ മതപരവും ആതുരശുശ്രൂഷാപരവുമായ പ്രവർത്തനങ്ങൾ തുടർന്നു. 1939 സെപ്റ്റംബറിൽ ജർമ്മനി പോളണ്ടിനെ ആക്രമിക്കുകയും യൂറോപ്പ് മറ്റൊരു വിനാശകരമായ യുദ്ധത്തിലേക്ക് വീഴുകയും ചെയ്തപ്പോൾ, സിസ്റ്റർ കേറ്റ് ഒരിക്കൽ കൂടി യുദ്ധഭീഷണിയിലായ ഒരു രാജ്യത്ത് അകപ്പെട്ടു.

ജർമ്മനി ഫ്രാൻസ് കീഴടക്കിയതിനെത്തുടർന്ന് സിസ്റ്റർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നാസി അധിനിവേശത്താൽ അപകടത്തിലായ ആളുകളെ സഹായിക്കാൻ സിസ്റ്റർ തന്റെ പദവിയും നഴ്സിംഗ് രംഗത്തെ പരിചയവും ഉപയോഗിച്ചു. ഒരു സന്ന്യാസിനിയിൽ നിന്ന് പ്രതീക്ഷിക്കുന്ന കടമകൾക്കപ്പുറത്തേക്ക് അവരുടെ പ്രവർത്തനങ്ങൾ വളർന്നു. അധിനിവേശ ഫ്രാൻസിൽ നിന്ന് ഏകദേശം 200 പേരെ രക്ഷപ്പെടാൻ അവർ സഹായിച്ചതായാണ് കരുതപ്പെടുന്നത്. അവർ സഹായിച്ച ഓരോ വ്യക്തിയും ഓരോ വലിയ അപകടസാധ്യതയെയാണ് പ്രതിനിധീകരിച്ചിരുന്നത്: പിടിക്കപ്പെട്ടാൽ അറസ്റ്റോ, ക്രൂരമായ പീഡനമോ, വധശിക്ഷയോ ആയിരുന്നു ഫലം.

അപകടകരമായ സാഹസികതകൾ നിറഞ്ഞ ജീവിതം

നാസി ആധിപത്യത്തിന് വഴങ്ങാൻ വിസമ്മതിച്ച റെയിൽവേ തൊഴിലാളികൾ, അധ്യാപകർ, വൈദികർ, സന്ന്യാസിനിമാർ, വിദ്യാർഥികൾ, സാധാരണ പൗരന്മാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ഫ്രഞ്ച് പ്രതിരോധ സേനയിൽ ഉണ്ടായിരുന്നത്. സന്ദേശവാഹകരായും, അഭയം നൽകുന്നവരായും, രഹസ്യവിവരങ്ങൾ ശേഖരിക്കുന്നവരായും, രക്ഷപ്പെടാനുള്ള വഴികൾ ഒരുക്കുന്നവരായും സ്ത്രീകൾ ഇതിൽ നിർണ്ണായക പങ്കുവഹിച്ചു. ഈ പ്രവർത്തനങ്ങളിൽ ഒക്കെയും അപകടം നിഴൽപോലെ അവർക്കൊപ്പം ഉണ്ടായിരുന്നു. ഒറ്റുകാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിപുലമായ ഒരു ശൃംഖല തന്നെ ഗെസ്റ്റാപോയ്ക്ക് ഉണ്ടായിരുന്നു; പ്രതിരോധ സേനയെ സഹായിക്കുന്നതായി സംശയിക്കപ്പെടുന്നവർക്ക് ക്രൂരമായ ശിക്ഷയാണ് നേരിടേണ്ടി വന്നിരുന്നത്.

1941 ജൂണിൽ ഗെസ്റ്റാപോ സിസ്റ്റർ കേറ്റിനെ അറസ്റ്റ് ചെയ്തു. പ്രതിരോധ ശൃംഖലയിലുള്ള അവരുടെ പങ്കാളിത്തം കണ്ടെത്തിയതോടെ, വർഷങ്ങളോളം മറ്റുള്ളവരെ പരിചരിച്ചിരുന്ന ആ സ്ത്രീക്ക് നാസി സുരക്ഷാ സംവിധാനത്തിന്റെ മുഴുവൻ ക്രൂരതയും നേരിടേണ്ടി വന്നു. അതീവ കഠിനമായ അഞ്ച് ചോദ്യം ചെയ്യലുകളും നീണ്ട കാലത്തെ ഏകാന്ത തടവും അവർ സഹിച്ചു. അവർക്ക് വധശിക്ഷ വിധിച്ചുവെങ്കിലും, വരാനിരിക്കുന്ന വിധി അതിനേക്കാൾ സങ്കീർണ്ണമായിരുന്നു.

ഏതാണ്ട് ഈ സമയത്താണ് പ്രതിരോധ പ്രവർത്തകരെ യാതൊരു തെളിവുമില്ലാതെ അപ്രത്യക്ഷരാക്കാൻ ഹിറ്റ്‌ലർ നടപ്പിലാക്കിയ കുപ്രസിദ്ധമായ ‘രാത്രിയും മഞ്ഞും’ (Night and Fog) ഉത്തരവ് നിലവിൽ വരുന്നത്. ഈ ഉത്തരവ് പ്രകാരം തടവുകാരെ അവരുടെ സമൂഹങ്ങളിൽ നിന്ന് മാറ്റി അതീവ രഹസ്യമായി തടവിൽ പാർപ്പിക്കാമായിരുന്നു. സിസ്റ്റർ കേറ്റിനെ സംബന്ധിച്ചിടത്തോളം, നാസി ജയിലുകളിലൂടെയും കോൺസെൻട്രേഷൻ ക്യാമ്പുകളിലൂടെയുമുള്ള നീണ്ട യാതനകളുടെ തുടക്കമായിരുന്നു അത്.

പീഡനങ്ങൾക്കു നടുവിലും പിടിച്ചു നിർത്തിയ മനക്കരുത്ത്

ഡ്യൂസൽഡോർഫ്, ലുബെക്ക്, ഹാംബർഗ് എന്നിവിടങ്ങളിലെ ജയിലുകളിലെ വാസത്തിന് ശേഷം, 1944 നവംബറിൽ വടക്കൻ ജർമ്മനിയിലെ ഫ്യൂർസ്റ്റൻബർഗിന് സമീപമുള്ള റെവൻസ്ബ്രൂക്കിലേക്ക് നാസി സൈന്യം സിസ്റ്ററിനെ മാറ്റി. 1939-ൽ സ്ഥാപിതമായ റെവൻസ്ബ്രൂക്ക്, നാസി ജർമ്മനിയിൽ സ്ത്രീകൾക്കായി മാത്രമായി രൂപകൽപ്പന ചെയ്ത ഏറ്റവും വലിയ കോൺസെൻട്രേഷൻ ക്യാമ്പായിരുന്നു. 1939 നും 1945 നും ഇടയിൽ യൂറോപ്പിലുടനീളമുള്ള 120,000-ത്തിലധികം സ്ത്രീകളും കുട്ടികളുമാണ് അവിടെ തടവിലാക്കപ്പെട്ടത്. അവിടുത്തെ സാഹചര്യങ്ങൾ ഭീകരമായിരുന്നു. പട്ടിണി, ജനപ്പെരുപ്പം, രോഗങ്ങൾ, ശാരീരിക പീഡനങ്ങൾ, കഠിനമായ നിർബന്ധിത ജോലി എന്നിവയെല്ലാം തടവുകാർക്ക് സഹിക്കേണ്ടിവന്നു.

അവിടുത്തെ വൃത്തിഹീനമായ സാഹചര്യത്തിൽ സിസ്റ്ററിനു ടൈഫോയിഡ് പിടിപെട്ടു. അങ്ങനെ ഇൻഫർമറിയിലേക്ക് മാറ്റിയെങ്കിലും അവിടെ കിടന്നാൽ ഉടൻ തന്നെ താൻ കൊല്ലപ്പെടാൻ സാധ്യത ഉണ്ടെന്നു മനസിലാക്കിയ അവർ മനോധൈര്യത്താൽ മാത്രം അവിടെ നിന്നും പുറത്തിറങ്ങി. തടവുകാലത്തെ ഏറ്റവും ഹൃദയഭേദകമായ കാര്യങ്ങളിലൊന്ന് ഗ്യാസ് ചേമ്പറുകളിലേക്ക് സ്ത്രീകളെ ആവർത്തിച്ച് തിരഞ്ഞെടുക്കുന്നതായിരുന്നു. നാല് തവണയാണ് സിസ്റ്റർ കേറ്റ് വധശിക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നതിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സഹ തടവുകാരുടെ ഇടപെടൽ മൂലം ആണ് സിസ്റ്ററിനു പലപ്പോഴും മരണത്തിന്റെ മുന്നിൽ നിന്ന് രക്ഷപെടാൻ കഴിഞ്ഞത്. മനുഷ്യരുടെ അന്തസ്സ് കെടുത്തിക്കളയാൻ രൂപകൽപ്പന ചെയ്ത ഒരു ചുറ്റുപാടിൽ പോലും, തടവുകാർ പരസ്പരം സഹായിക്കുന്നത് തുടർന്നു എന്ന് ഈ സന്ന്യാസിനി വെളിപ്പെടുത്തുന്നു.

1945 ഏപ്രിലിൽ സ്വീഡിഷ് റെഡ് ക്രോസിന്റെ രക്ഷാപ്രവർത്തനത്തിലൂടെയാണ് അവർ മോചിതയാകുന്നത്. യുദ്ധാനന്തരം അവരുടെ ധീരതയെ മാനിച്ച് ഫ്രഞ്ച് ജനറൽ ചാൾസ് ഡി ഗോൾ ‘മെഡൈൽ ഡെ ലാ റെസിസ്റ്റൻസ്’ നൽകി അവരെ ആദരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും അവരെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചിരുന്നു.

തിരികെ സന്ന്യാസത്തിന്റെ ശാന്തതയിലേക്ക് 

യുദ്ധത്തിന്റെ ഭീകരതകളിൽ നിന്നും രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ സിസ്റ്റർ കേറ്റ് പിന്നീട് പൊതുവേദികളിൽ നിന്നകന്ന് കോർക്കിലെ ഹോനൻ കോൺവെന്റിൽ പ്രായമായവരെ ശുശ്രൂഷിച്ചുകൊണ്ട് തന്റെ സന്ന്യാസ ജീവിതം തുടർന്നു. 1971 ജൂൺ 21-ന് അന്തരിച്ച അവരുടെ ജീവിതകഥ മുൻനിർത്തി ഐറിഷ് ചരിത്രകാരനായ കാത്തി ഫ്ലെമിംഗ് എഴുതിയ പുതിയ പുസ്തകങ്ങൾ പുറത്തുവന്നതോടെയാണ് ഈ ഐറിഷ് സന്ന്യാസിനിയുടെ ധീരത ലോകം വീണ്ടും ചർച്ച ചെയ്യാൻ തുടങ്ങിയത്.

ഫ്രാൻസിസ് അസ്സീസിയുടെ “ആദ്യം ആവശ്യമായത് ചെയ്യുക, പിന്നെ സാധ്യമായത് ചെയ്യുക, പെട്ടെന്നിതാ നിങ്ങൾ അസാധ്യമായത് ചെയ്യുന്നു” എന്ന വരികളെ ജീവിതത്തിൽ അന്വർഥമാക്കിയ സിസ്റ്റർ കേറ്റ് മക്കാർത്തിയുടെ ജീവിതം മനുഷ്യത്വത്തിന്റെയും പ്രത്യാശയുടെയും വലിയൊരു സന്ദേശമാണ് ലോകത്തിന് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.