
യേശുവിന്റെ ഒപ്പമുള്ള ജീവിതത്തിന്റെ പ്രാധാന്യമാണ് മുന്തിരിച്ചെടിയും ശാഖകളും എന്ന ഉപമ വ്യക്തമാക്കുന്നത്. “എന്നിൽ വസിക്കുവിൻ” (4) എന്ന വചനം ഏറെ പ്രാധാന്യമർഹിക്കുന്നു. ശാഖകൾ എങ്ങനെ തായ്ത്തണ്ടുമായി ഒരേ ജീവൻ പങ്കുവച്ചു നിലനിൽക്കുന്നുവോ അപ്രകാരമാകണം ഒരു ക്രൈസ്തവന് യേശുവുമായുള്ള ബന്ധം. തായ്ത്തണ്ടിൽ നിന്നും മുറിച്ചുമാറ്റപ്പെട്ടാൽ പിന്നെ ശാഖയ്ക്ക് സ്വയമേ നിലനിൽക്കാനാവില്ല. അതുപോലെ യേശുവുമായി ഐക്യപ്പെട്ടു ജീവിച്ചില്ലെങ്കിൽ ക്രൈസ്തവനും ആത്മീയജീവനില്ല.
യേശുവിൽ വസിക്കുമ്പോൾ സംഭവിക്കാവുന്ന സഹനങ്ങളെക്കുറിച്ചും ഇവിടെ സൂചനയുണ്ട്. “കൃഷിക്കാരന് എല്ലാ ശാഖകളെയും വെട്ടുന്നു. നല്ല ശാഖയ്ക്കും മോശം ശാഖയ്ക്കും വെട്ടേല്‍ക്കും” (15:2) എന്നാണ് വചനം പറയുന്നത്. എല്ലാവരുടെയും ജീവിതത്തില്‍ നൊമ്പരവും മുറിവുകളുമുണ്ട് എന്നർഥം. അപ്പോള്‍ ശാഖകളെ വ്യത്യസ്തമാക്കുന്നത് വെട്ട് കിട്ടുന്നുണ്ടോ, ഇല്ലയോ എന്നുള്ളതല്ല. മറിച്ച് വെട്ട് കിട്ടുമ്പോഴുള്ള ശാഖകളുടെ പ്രതികരണമാണ്. വേദനയിലും സഹനത്തിലും നമ്മൾ യേശുവിനോടു ചേർന്നുനിൽക്കുക. അപ്പോഴേ, ഫലം പുറപ്പെടുവിക്കാനാവൂ.
ഫാ. ജി. കടൂപ്പാറയിൽ MCBS




