
ചൈന-നേപ്പാൾ അതിർത്തിയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെത്തുടർന്ന് ഭോട്ടെകോശി നദീതടത്തിലുണ്ടായ പ്രളയത്തിലും നാശനഷ്ടങ്ങളിലും പെട്ടവരെ സഹായിക്കാൻ സജീവമായി രംഗത്തിറങ്ങി കാരിത്താസ് നേപ്പാൾ. ദുരന്തബാധിതരെ സഹായിക്കുന്നതിനായി കത്തോലിക്കാ ദുരിതാശ്വാസ ഏജൻസിയായ കാത്തലിക് റിലീഫ് സർവീസസും (CRS) യു.എസ് സർക്കാരും കാരിത്താസ് നേപ്പാളിന് പിന്തുണ പ്രഖ്യാപിച്ചു.
ദുരന്തം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ആശ്വാസ പ്രവർത്തനങ്ങളിലേക്കും പുനരധിവാസത്തിലേക്കും മാറിയിരിക്കുകയാണ്. നിലവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 1,429 ആയി ഉയർന്നു. 5,600-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. തിബറ്റിൽ നിന്നുള്ള മരണസംഖ്യയും കാണാതായവരുടെ വിവരങ്ങളും ചൈന കുറച്ചുകാണിക്കുകയാണെന്ന് നിരീക്ഷകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
നേപ്പാളിലെ നുവാകോട്ട് (Nuwakot) ജില്ലയിലുൾപ്പെടെ നദിക്കരയിലെ നിരവധി ഗ്രാമങ്ങളും വീടുകളും പ്രളയത്തിൽ പൂർണ്ണമായി ഒലിച്ചുപോവുകയോ ചെളിയും അവശിഷ്ടങ്ങളും മൂടുകയോ ചെയ്തിട്ടുണ്ട്. വീടുകളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് അടിയന്തര സഹായമെത്തിക്കാനാണ് യു.എസ് എംബസിയുടെയും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും പിന്തുണയോടെ കാത്തലിക് റിലീഫ് സർവീസസും കാരിത്താസ് നേപ്പാളും ചേർന്ന് പ്രവർത്തിക്കുന്നത്. ദുരിതബാധിതർക്ക് താൽക്കാലിക പാർപ്പിടം, ഭക്ഷണം, ശുദ്ധജലം, മറ്റ് അടിയന്തര ആശ്വാസ സാമഗ്രികൾ എന്നിവ എത്തിച്ചുനൽകുന്നതിൽ പ്രാദേശിക പങ്കാളികളുമായി ചേർന്ന് കാരിത്താസ് മുൻപന്തിയിലുണ്ട്.




