
ഇന്നത്തെ ആധുനിക ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ ശ്രദ്ധ ആകർഷിക്കാൻ സോഷ്യൽ മീഡിയയും സാങ്കേതികവിദ്യകളും വിനോദങ്ങളും മത്സരിക്കുകയാണ്. സ്വന്തം വ്യക്തിത്വവും മൂല്യങ്ങളും എന്താണെന്ന് അറിയാതെ കുട്ടികൾ ആശയക്കുഴപ്പത്തിലാകുന്ന ഈ കാലഘട്ടത്തിൽ, അവരെ ദൈവാലയത്തിൽ കൊണ്ടുപോകുന്നതും ദൈവവചനത്തിൽ വളർത്തുന്നതും വളരെ പ്രധാനമാണ്. കുട്ടികളെ പള്ളിയിൽ കൊണ്ടുപോകേണ്ടതിന്റെ പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ ചുവടെ ചേർക്കുന്നു.
1. യഥാർഥ വ്യക്തിത്വം തിരിച്ചറിയാൻ സഹായിക്കുന്നു
ഇന്നത്തെ സമൂഹം കുട്ടികളോട് അവർ ആരാകണം, എങ്ങനെ ജീവിക്കണം എന്ന് നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ദൈവവചനം പഠിപ്പിക്കുന്നത് ദൈവം നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും നമ്മൾ ദൈവത്തിന്റെ മക്കളാണെന്നുമാണ്. പള്ളിയിലെ വേദപാഠ ക്ലാസ്സുകളിലൂടെയും വചന പ്രഘോഷണങ്ങളിലൂടെയും തങ്ങൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരും വിലപ്പെട്ടവരുമാണെന്ന് കുട്ടികൾ തിരിച്ചറിയുന്നു. ബാഹ്യമായ കാര്യങ്ങളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ അല്ല, മറിച്ച് ദൈവവുമായുള്ള ബന്ധമാണ് തങ്ങളുടെ വ്യക്തിത്വത്തിന്റെ അടിത്തറയെന്ന് മനസിലാക്കുമ്പോൾ ഏത് പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും നേരിടാൻ അവർക്ക് സാധിക്കുന്നു.
2. അയൽക്കാരനെ സ്നേഹിക്കാൻ പഠിക്കുന്നു
ദൈവാലയം എന്നത് ഇപ്പോഴും ഒരു പ്രാർഥനയുടെയും ഒപ്പം ഒരു കൂട്ടായ്മയുടെയും അന്തരീക്ഷം ആണ് പകരുന്നത്. അവിടെ കുട്ടികളുമായി എത്തുമ്പോൾ അവർ ആളുകളുമായി ഇടപഴകുവാനും ഒപ്പം കൂട്ടായ്മയുടെ അനുഭവം മനസിലാക്കാനും പഠിക്കുന്നു. ഒരേ വിശ്വാസത്തിലുള്ള ആളുകൾ ഒരു സമൂഹമായി പല പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് കാണുമ്പോൾ കുട്ടികളും അതിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന്റെ നന്മയെ ഉള്ളിൽ സ്വംശീകരിക്കുകയും ചെയ്യുന്നു. ദൈവ സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരെയും ബഹുമാനിക്കാനും സ്നേഹിക്കാനും കുട്ടികൾ പള്ളിയിൽ നിന്നാണ് പഠിക്കുന്നത്. വിവേചനങ്ങളില്ലാതെ പരസ്പരം സ്നേഹിക്കാനുള്ള ഈ പാഠം അവരെ നല്ല വ്യക്തികളാക്കി മാറ്റുന്നു.
3 . ഒരേ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന വലിയ സമൂഹം ലഭിക്കുന്നു
ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് ഒരു നല്ല കൂട്ടായ്മയുടെ ഭാഗമാകാനാണ്. കുട്ടികളെ പള്ളിയിൽ കൊണ്ടുപോകുന്നതിലൂടെ ഒരേ മൂല്യങ്ങൾ പങ്കുവയ്‌ക്കുന്ന നല്ലൊരു സൗഹൃദവലയം അവർക്ക് ലഭിക്കുന്നു. മാതാപിതാക്കളുടെ അനുഭവങ്ങൾക്കും അറിവുകൾക്കും അപ്പുറമായി, സഭയിലെ മറ്റ് മുതിർന്നവരിൽ നിന്നും അധ്യാപകരിൽ നിന്നും നല്ല കാര്യങ്ങൾ പഠിക്കാൻ അവർക്ക് അവസരം ലഭിക്കുന്നു. ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ, സുരക്ഷിതമായ ഒരു വിശ്വാസ സമൂഹം കുട്ടികൾക്ക് വലിയൊരു പിന്തുണയായി മാറും.
കുട്ടികളെ ശരിയായ വഴിയിൽ വളർത്തുക എന്നത് മാതാപിതാക്കൾക്ക് വലിയൊരു ഉത്തരവാദിത്തമാണ്. അതിൽ സഭയും ദൈവാലയവും ഒരു വലിയ പങ്കാളിയായി മാറുന്നു.




