ഇന്ന് സെപ്റ്റംബർ 14 : കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനത്തിൽ നമുക്ക് എന്തൊക്കെ ചെയ്യാം

സെപ്റ്റംബർ 14. ആഗോള ക്രൈസ്തവ ലോകത്തിനു വളരെ പ്രധാനപ്പെട്ട ദിനമാണ് ഇത്. ലോകമെമ്പാടുമുള്ള കത്തോലിക്ക, ഓർത്തഡോക്സ്, ആംഗ്ലിക്കൻ, ലൂഥറൻ സഭകൾ ഈ ദിവസം ‘വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ’ പ്രത്യേകമായി ആചരിക്കുന്നു. ഇന്നേ ദിവസം എന്തൊക്കെ ചെയ്യാം ഇന്ന് വിശുദ്ധ പാദ്രെ പിയോ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധൻ പങ്കുവയ്ക്കുന്നത് പ്രകാരം കുരിശിന്റെ പുകഴ്ചയുടെ തിരുന്നാൾ ഏറ്റവും ഭക്തിയോടെ ആചരിച്ചാൽ അത് നമ്മുടെ ആത്‌മീയ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. അതിനായി അദ്ദേഹം നിർദേശിക്കുന്ന മൂന്നു പ്രധാന കാര്യങ്ങൾ ആണ് ചുവടെ ചേർക്കുന്നത്.

1 . കുരിശു രൂപത്തിന് മുന്നിൽ ധ്യാനനിരതരാകാം

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനത്തിൽ വീട്ടിലെയോ അല്ലെങ്കിൽ പള്ളിയിലെയോ കുരിശു രൂപത്തിന് മുന്നിൽ അൽപ്പനേരം ധ്യാനനിരതമാകുന്നത് ആത്മീയ ജീവിതത്തെ കൂടുതൽ ശക്തമാക്കും. വെറുതെ അൽപ്പനേരം കുരിശിനു മുന്നിൽ ഇരിക്കുന്നതിനേക്കാൾ ഉപരിയായി നമ്മുടെ ഹൃദയത്തെ കുരിശുമായി ബന്ധിക്കുന്ന വിധത്തിൽ ആഴത്തിൽ ഉള്ള പ്രാർഥനയാണ് വിശുദ്ധൻ ആവശ്യപ്പെടുന്നത്. നമ്മുടെ ജീവിതത്തിന്റെ പ്രയാസങ്ങളും പ്രതിസന്ധികളും കുരിശിനോട് ചേർത്തുവയ്ക്കുമ്പോൾ അത് കൃപയായി മാറ്റപ്പെടും എന്ന് വിശുദ്ധൻ പഠിപ്പിക്കുന്നു.

2 . കുരിശുരൂപം ചുംബിക്കുക

ആഴമായ വിശ്വാസത്തോടെയും സ്നേഹത്തോടെയും കുരിശുരൂപത്തെ ചുംബിക്കുവാൻ വിശുദ്ധ പാദ്രെ പിയോ നമ്മോട് ആവശ്യപ്പെടുന്നു. കുരിശ് എന്നത് ലോകത്തിനു മുന്നിൽ പരാജയത്തിന്റെ ചിഹ്നമാണെങ്കിലും നമുക്ക് അത് ഈശോയുടെ തിന്മയ്ക്കും മരണത്തിനും മേലുള്ള വിജയത്തിന്റെ പ്രതീകമാണ്. മുട്ടുകുത്തി ഏറ്റവും ഭക്തിയോടെ കുരിശുരൂപം ചുംബിക്കുമ്പോൾ നാരകീയ ശക്തികൾക്കെതിരെ നാം ക്രിസ്തുവിന്റേത് മാത്രമാണെന്ന് പ്രഖ്യാപിക്കുകയാണ്.

3. ശുദ്ധീകരണാത്മാക്കൾക്കായി വിശുദ്ധ കുർബാന അർപ്പിക്കാം

ഇന്നേ ദിവസം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുകയോ അല്ലെങ്കിൽ ഈ നിയോഗവുമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയോ ചെയ്യുക. കുരിശിന്റെ വിജയം ആഘോഷിക്കുന്ന ഈ ദിനത്തിൽ മരിച്ചവർക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ അത് അവർക്ക് വലിയ ഒരു കാരുണ്യത്തിന്റെ ദിനമായി മാറുന്നു. നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാരുണ്യ പ്രവർത്തി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്ക് വേണ്ടി പ്രാർഥിക്കുക എന്നതാണെന്ന് വിശുദ്ധ പാദ്രെ പിയോ ഇപ്പോഴും പറയുമായിരുന്നു.

അതിനാൽ സെപ്റ്റംബർ പതിനാല് എന്നത് വെറുമൊരു ദിവസമായി മാറാതെ നമുക്ക് തീക്ഷ്‌മമായി ആചരിക്കാം. ഇന്നേ ദിവസം വിശുദ്ധ കുരിശിനോട് ചേർന്ന് നിന്നുകൊണ്ട് നമുക്ക് നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.