
അമേരിക്കയിലെ യാഥാസ്ഥിതിക രാഷ്ട്രീയപ്രവർത്തകനും ‘ടേണിംഗ് പോയിന്റ് ആക്ഷൻ’ സ്ഥാപകനുമായ അന്തരിച്ച ചാർളി കിർക്കിന്റെ സ്മാരകപ്രതിമ അജ്ഞാതർ തകർത്തു. ഫീനിക്സിലെ സംഘടനയുടെ ആസ്ഥാനത്തിനു പുറത്ത് സ്ഥാപിച്ചിരുന്ന പ്രതിമയിലാണ് ഞായറാഴ്ച രാത്രി ചുവന്ന പെയിന്റ് ഒഴിച്ച് വികൃതമാക്കിയത്.
ചാർളി കിർക്ക് വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. 2025 സെപ്റ്റംബർ പത്തിന് യൂട്ടായിൽ നടന്ന ഒരു പരിപാടിക്കിടെയാണ് കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രതിയായ ടൈലർ റോബിൻസൺ കുറ്റക്കാരനല്ലെന്ന് വാദിച്ചിട്ടുണ്ടെങ്കിലും, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വധശിക്ഷ വരെ ലഭിച്ചേക്കാം.
അമേരിക്കൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് ചാർളി കിർക്ക്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വംശീയവും കുടിയേറ്റ വിരുദ്ധവുമാണെന്ന് സിവിൽ റൈറ്റ്സ് പ്രവർത്തകർ വിമർശിക്കുമ്പോൾ, യാഥാസ്ഥിതിക മൂല്യങ്ങളുടെ സംരക്ഷകനും ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുവവോട്ടർമാരെ സംഘടിപ്പിച്ച നേതാവുമായാണ് അനുയായികൾ അദ്ദേഹത്തെ കാണുന്നത്. സംഭവത്തിൽ ഫീനിക്സ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




