
യുദ്ധക്കെടുതിയിലായ ഉക്രൈനിലേക്കുള്ള സന്ദർശനത്തിൻ്റെ മൂന്നാം ദിവസം ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ മത്തെയോ മരിയ സുപ്പി കീവിൽ നടന്ന ഉക്രൈൻ സ്റ്റേറ്റ്ഹുഡ് ഡേ ആഘോഷങ്ങളിൽ പങ്കെടുത്തു. റഷ്യൻ മിസൈലുകൾ വീണ്ടും ഉക്രൈനിലെ ജനവാസ മേഖലകളിൽ ആഘാതം സൃഷ്ടിച്ച ഒരു രാത്രിക്ക് ശേഷമാണ് അദ്ദേഹം കീവിലെ ചടങ്ങുകളിൽ സാന്നിധ്യമറിയിച്ചത്. ഉക്രൈനിനായി നീതിപൂർവകമായ സമാധാനത്തിനായി അദ്ദേഹം പ്രാർഥിച്ചു.
ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം കൈമാറാനും, മുൻപ് 2023 – ൽ ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരം ആരംഭിച്ച സമാധാന ചർച്ചകളും ആശയവിനിമയങ്ങളും ശക്തിപ്പെടുത്താനുമാണ് കർദിനാൾ സുപ്പി ഉക്രൈനിൽ എത്തിയത്. യുദ്ധത്തടവുകാരുടെ കൈമാറ്റം സുഗമമാക്കുക, റഷ്യ ബലമായി കൊണ്ടുപോയെന്ന് ഉക്രൈൻ ആരോപിക്കുന്ന കുട്ടികളെ തിരികെ എത്തിക്കുക, കൊല്ലപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ ജന്മനാട്ടിലേക്ക് തിരിച്ചയക്കുക തുടങ്ങിയ അതിപ്രധാനമായ ദൗത്യങ്ങളിലാണ് വത്തിക്കാന്റെ സമാധാന ശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
യുദ്ധത്തിന്റെ ആദ്യ നാളുകൾ മുതൽ രക്തസാക്ഷികളായവരുടെ സ്മാരകമായി മാറിയ ഗോൾഡൻ – ഡോംഡ് കോൺവെന്റിന് മുന്നിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. പ്രസിഡന്റ് സെലൻസ്കിക്കും മറ്റ് പ്രമുഖർക്കുമൊപ്പം യുദ്ധത്തിൽ മരിച്ചവരുടെ ചിത്രങ്ങൾ പതിച്ച ‘ഓർമ്മമതിലിന്’ അരികിലൂടെ നടന്ന കർദിനാൾ, സൈനികരുടെ ഓർമ്മയ്ക്കായി ചുവന്ന റോസാപ്പൂക്കൾ അർപ്പിച്ചു.




