
ചൈനയിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 120 കത്തോലിക്കരെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശുദ്ധരായി പ്രഖ്യാപിച്ചു. അവരുടെ വ്യക്തിഗത തിരുനാളുകളിൽ പലതും ജൂലൈ മാസത്തിലാണ് അനുസ്മരിക്കുന്നത്.
ചൈനയിൽ കത്തോലിക്കരായി ജീവിക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നൂറ്റാണ്ടുകളായിട്ടുള്ള ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ നിരവധി കത്തോലിക്കർ വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെടാൻ കാരണമായി. 1900-ലെ ബോക്സർ കലാപത്തിന്റെ സമയത്തായിരുന്നു ഏറെപ്പേർ ഇപ്രകാരം കൊല്ലപ്പെട്ടത്. 33,000 ചൈനീസ് ക്രൈസ്തവർ കൊല്ലപ്പെട്ടതായി പൊതുവെ കണക്കാക്കപ്പെടുന്നു. അതിൽ ഏകദേശം 30,000 പേരും കത്തോലിക്കരാണ്.
2000 ഒക്ടോബർ ഒന്നിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ 120 ചൈനീസ് കത്തോലിക്കരെ വിശുദ്ധരായി പ്രഖ്യാപിക്കാൻ തീരുമാനിച്ചു. അവരെല്ലാം രക്തസാക്ഷികളായിരുന്നു. എങ്കിലും അവരിൽ മിക്കവരും വ്യത്യസ്ത തീയതികളിലാണ് കൊല്ലപ്പെട്ടത്. ഈ 120 പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ ചടങ്ങിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഇപ്രകാരമാണ്:
“പതിനാലു വയസ്സുള്ള ആൻ വാങ്, വിശ്വാസം ത്യജിക്കാൻ തന്നെ പീഡിപ്പിച്ചവരുടെ ഭീഷണികളെ ചെറുത്തുനിന്നു. ശിരഛേദത്തിന് തയ്യാറായ അവൾ, പ്രസന്നമായ മുഖത്തോടെ പറഞ്ഞു: “സ്വർഗത്തിന്റെ വാതിൽ എല്ലാവർക്കും തുറന്നിരിക്കുന്നു”, തുടർന്ന് മൂന്ന് തവണ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു “യേശു.” 18 വയസ്സുള്ള ചി സുസി, തന്റെ വലതു കൈ മുറിച്ചുമാറ്റി ജീവനോടെ തൊലിയുരിക്കാൻ ഒരുങ്ങുന്നവരോട് നിർഭയമായി വിളിച്ചുപറഞ്ഞു: “എന്റെ മാംസത്തിന്റെ ഓരോ കഷണവും, എന്റെ രക്തത്തിന്റെ ഓരോ തുള്ളിയും ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് നിങ്ങളോട് പറയും.”
ജൂലൈ ഒമ്പതിന് വി. അഗസ്റ്റിൻ ഷാവോ റോങ്ങിന്റെയും അദ്ദേഹത്തിന്റെ 119 കൂട്ടാളികളുടെയും ഔദ്യോഗിക തിരുനാളായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ വിശുദ്ധരിൽ ചിലരെ അവരുടെ മരണ തീയതിയിൽ റോമൻ രക്തസാക്ഷിത്വത്തിലും അനുസ്മരിക്കുന്നു, ജൂലൈയിൽ ഒന്നിലധികം ദിവസങ്ങളിലായി അവരുടെ തിരുനാളുകൾ ആഘോഷിക്കുന്നു.
കത്തോലിക്കാ സഭയുടെ, വിശുദ്ധരുടെയും തിരുനാൾ ദിനങ്ങളുടെയും ഔദ്യോഗിക ശേഖരമായ ‘റോമൻ മാർട്ടിറോളജി’ യിൽ ഈ വിശുദ്ധരിൽ പലരുടെയും തിരുനാളുകൾ ആഘോഷിക്കുന്ന ദിവസങ്ങൾ ക്രമപ്പെടുത്തിയിട്ടുണ്ട്. അവ മിക്കതും ജൂലൈ മാസത്തിലാണ്.
ചൈനീസ് രക്തസാക്ഷികൾ
ജൂലൈ ഒന്ന് – ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ജെഷുയിക്ക് സമീപമുള്ള സുഹെഡിയൻ ഗ്രാമത്തിൽ, ബോക്സർ വിഭാഗത്തിന്റെ അനുയായികൾ അഴിച്ചുവിട്ട പീഡനത്തിനിടെ, കൊല്ലപ്പെട്ട മതബോധ അധ്യാപകൻ ആണ് വിശുദ്ധ ഷാങ് ഹുവൈലു. അദ്ദേഹം താൻ ഒരു ക്രൈസ്തവനാണെന്ന് പ്രഖ്യാപിക്കുകയും കുരിശടയാളത്താൽ ശക്തിപ്പെടുത്തപ്പെടുകയും, സ്വന്തം രക്തത്താൽ ക്രിസ്തുവിലേക്ക് സ്നാനമേൽക്കാൻ യോഗ്യനാകുകയും ചെയ്ത രക്തസാക്ഷിയാണ്.
ജൂലൈ ആറ് – ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ജിക്സിയാനിനടുത്തുള്ള ഷുവാങ്‌ഷോങ്ങിൽ, പുറജാതീയ വിഗ്രഹങ്ങളുടെ മുന്നിൽ ക്രിസ്തുവിന്റെ വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ചതിന് ബോക്സർമാരുടെ പീഡനത്തിനിടെ തൂക്കിലേറ്റപ്പെട്ട രക്തസാക്ഷിയാണ് സൈ. പെട്രസ് വാങ് സുവോലുങ്.
ജൂലൈ ഏഴ് – ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ജിക്സിയാൻ നഗരത്തിന് സമീപം, കറുപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കാത്തതിനാൽ മുപ്പത് വർഷക്കാലം വിശുദ്ധ കുർബാന സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട വ്യക്തിയാണ് രക്തസാക്ഷിയായ വി. മാർക്കസ് ജി ടിയാൻസിയാങ്.
ഹെബെയിലെ ഷെൻസിയാനിനടുത്തുള്ള ഹുജിയാകുൻ ഗ്രാമത്തിൽ, വിശുദ്ധ മരിയ ഗുവോ ലിഷി എന്ന രക്തസാക്ഷി, പീഡനത്തിൽ, വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് താൻ അനുഗമിച്ച ഏഴ് ബന്ധുക്കളെ ഉദ്‌ബോധിപ്പിക്കുകയും, സ്വയം കൊല്ലപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട്, രക്തസാക്ഷിയായി.
ജൂലൈ 11 – ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ അൻപിങ്ങിനടുത്തുള്ള ലിയുഗോംഗിൻ ഗ്രാമത്തിൽ, ബോക്സർമാരുടെ പീഡനത്തിനിടെ, വിശ്വാസം നിഷേധിക്കാൻ തയ്യാറാകാത്തതിനാൽ കന്യകമാരും രക്തസാക്ഷികളുമായ വിശുദ്ധരായ അന്ന ആൻ സിങ്ഷി, മരിയ ആൻ ഗുവോഷി, അന്ന ആൻ ജിയോഷി, മരിയ ആൻ ലിംഗ്വ എന്നിവരെ ശിരഛേദം ചെയ്തു.
ജൂലൈ 14 – ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ നാൻഗോങ് നഗരത്തിൽ, ബോക്സർമാരുടെ പീഡനത്തിനിടെ ഒരു ചെറിയ നുണ പോലും പറയുന്നതിനുപകരം ക്രിസ്തുവിനുവേണ്ടി മരിക്കാൻ ഇഷ്ടപ്പെട്ട രക്തസാക്ഷിയായ വിശുദ്ധ ഇയോന്നസ് വാങ് കുയിക്സിൻ.
ജൂലൈ 16 – ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ക്വിംഗെയ്ക്കടുത്തുള്ള ലുജിയാപ്പോയിൽ, വിശുദ്ധരായ ലാങ് യാങ്ഷി, മതബോധന അധ്യാപകൻ, അവരുടെ മകൻ പൗലോസ് ലാങ് ഫു, ബോക്സർമാരുടെ പീഡനത്തിനിടെ, അവരുടെ അമ്മ ഒരു ക്രിസ്ത്യാനിയായിരുന്നതിനാൽ, തീയിൽ എറിയപ്പെട്ട് രക്തസാക്ഷികളായി മരിച്ചു.
വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച അനേകം ചൈനീസ് കത്തോലിക്കരുടെ ഒരു ചെറിയ സമൂഹം മാത്രമാണിത്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




