ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂലൈ 17

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഒരാൾ 1000 റൺസ് തികച്ചത് 1893 ജൂലൈ 17 നായിരുന്നു. ലോർഡ്സ് ഗ്രൗണ്ടിൽവച്ച് ഇംഗ്ലണ്ടിന്റെ കളിക്കാരൻ ആർതർ ഷ്ര്യൂസ്ബറിയായിരുന്നു ഈ റെക്കോർഡ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഇംഗ്ലണ്ട് ടെസ്റ്റിനിടെയായിരുന്നു അത്. 1000 റൺസ് എന്ന ചരിത്രനിമിഷത്തിലേക്ക് ഏഴു റൺസിന്റെ മാത്രം അകലമുണ്ടായിരുന്നപ്പോഴാണ് ടെംപററി ക്യാപ്റ്റൻ സ്റ്റൊഡാർട്ടിനൊപ്പം ആർതർ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്. കളിതുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽതന്നെ അദ്ദേഹം ഈ നേട്ടം കൈവരിക്കുകയും ചെയ്തു.

1955 ജൂലൈ 17 നാണ് പ്രസിദ്ധമായ ഡിസ്നിലാന്റ് പാർക്ക് പ്രവർത്തനമാരംഭിച്ചത്. വാൾട്ട് ഡിസ്നിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഉൾച്ചേർത്തു നിർമ്മിച്ചിരിക്കുന്ന തീം പാർക്കാണ് ഡിസ്നിലാന്റ്. 160 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പാർക്ക് കാലിഫോർണിയയിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രധാന നിർമ്മിതി സ്ലീപ്പിംഗ് ബ്യൂട്ടി കാസിൽ എന്നാണ് അറിയപ്പെടുന്നത്. അമേരിക്കൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു നിർമ്മാണം. പകരം പാർക്കിന്റെ ലാഭവിഹിതത്തിനു പുറമെ ആഴ്ചയിലൊരിക്കൽ ഡിസ്നി ടെലിവിഷൻ പ്രോഗ്രാം നിർമ്മിക്കാനുള്ള അവകാശവും കമ്പനി സ്വന്തമാക്കി. 1954 ജൂലൈ 21 ന് ആരംഭിച്ച പാർക്കിന്റെ നിർമ്മാണം 1955 ജൂലൈ 17 നാണ് പൂർത്തിയായത്. വാൾട്ട് ഡിസ്നിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മിച്ച ഏക തീംപാർക്കും ഇതാണ്.

മദ്രാസ് ഇനിമുതൽ ചെന്നൈ എന്ന് അറിയപ്പെടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി നിയമസഭയിൽ അറിയിച്ചത് 1996 ജൂലൈ 17 നായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ്നാടിനുപുറമെ വടക്കൻ കേരളം, ലക്ഷദ്വീപ്, ആന്ധ്ര, ഒറീസ, കർണാടകയുടെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ചേർന്ന വിശാലപ്രദേശത്തിനു നൽകിയിരുന്ന പേരായിരുന്നു മദ്രാസ്. പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ തമിഴ് സംസാരിക്കുന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായി മദ്രാസ് മാറി. ആ പേര് കൊളോണിയൽ വാഴ്ചയുടെ അവശേഷിപ്പാണ് എന്ന കാരണത്താലാണ് സംസ്ഥാനം തലസ്ഥാനത്തിന്റെ പേര് ചെന്നൈ എന്നു മാറ്റിയത്. ഫോർട്ട് സെന്റ് ജോർജിനടുത്തുള്ള ചെന്നൈപട്ടണം എന്ന ചെറുനഗരത്തിന്റെ പേരിൽനിന്നാണ് ചെന്നൈ എന്ന പേര് രൂപപ്പെട്ടത്.

സുനീഷ വിഎഫ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.