ഗർഭച്ഛിദ്രത്തിനെതിരായി സംസാരിച്ചു; സ്കോട്ട്ലൻഡിൽ കത്തോലിക്കാ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി ഗർഭച്ഛിദ്രത്തോടുള്ള തന്റെ കത്തോലിക്കാ വിശ്വാസപരമായ എതിർപ്പ് തുറന്നുപറഞ്ഞതിന് യു.എസ് സ്വദേശിയായ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. സ്കോട്ട്ലൻഡിലെ ആംഗസ് പ്രവിശ്യയിലുള്ള അർബ്രോത്ത് ഹൈസ്കൂളിലെ ചരിത്ര അധ്യാപികയായ സാറാ മോഴ്സിനാണ് പിരിച്ചുവിടൽ നടപടി നേരിടേണ്ടി വന്നത്. തനിക്കെതിരെ ഉണ്ടായ മതപരമായ വിവേചനം ചൂണ്ടിക്കാട്ടി അറുപത്താറുകാരിയായ സാറ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.

അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും വർഷങ്ങളുടെ അധ്യാപന പരിചയവുമായി സ്കോട്ട്ലൻഡിൽ എത്തിയതായിരുന്നു സാറാ മോഴ്സ്. ക്ലാസ് മുറിയിൽ ഹിറ്റ്ലറുടെ ഭരണകാലത്തെക്കുറിച്ചുള്ള ചരിത്രപഠനം നടക്കുന്നതിനിടയിലാണ്, യു.എസ് പശ്ചാത്തലമുള്ള അധ്യാപികയോട് വിദ്യാർഥികൾ അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചും ഡൊണാൾഡ് ട്രംപിനെക്കുറിച്ചും വ്യക്തിപരമായ വിശേഷങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത്.

ഈ സംഭാഷണങ്ങൾക്കിടയിൽ ഒരു വിദ്യാർഥി ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ചോദിച്ചപ്പോൾ, “ഞാൻ കത്തോലിക്കാ വിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിയാണ്, അതുകൊണ്ട് തന്നെ ഞാൻ ഗർഭച്ഛിദ്രത്തിന് എതിരാണ്,” എന്ന് സാറ മറുപടി നൽകി. ഒപ്പം കുട്ടികൾക്ക് ഇതിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും അത് തികച്ചും സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, ഈ സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കകം സ്കൂൾ അധികൃതർ സാറയെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും, ക്ലാസ് മുറിയിൽ മതത്തെക്കുറിച്ചും ഗർഭച്ഛിദ്രത്തെക്കുറിച്ചും സംസാരിച്ചുവെന്ന കാരണത്താൽ ജോലിയിൽ നിന്ന് ഉടനടി പിരിച്ചുവിടുകയുമായിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാൻ പോലും സ്കൂൾ അധികൃതർ തനിക്ക് അവസരം നൽകിയില്ലെന്നും ഹെഡ് ടീച്ചർ തന്നെ നേരിൽ കാണാൻ വിസമ്മതിച്ചതായും സാറ ആരോപിക്കുന്നു.

തന്റെ മതപരമായ വ്യക്തിത്വത്തിന്റെ പേരിൽ തന്നെ മാറ്റിനിർത്തുകയും ഉപജീവനമാർഗം ഇല്ലാതാക്കുകയും ചെയ്ത നടപടി സ്കോട്ട്ലൻഡിലെ അധ്യാപന മേഖലയ്ക്ക് തന്നെ കടുത്ത ഭീഷണിയാണെന്ന് സാറ പറഞ്ഞു. വിദ്യാർഥികളെ സ്വാധീനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അവരുടെ ചോദ്യത്തിന് സത്യസന്ധമായ മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. അധ്യാപികയ്ക്ക് പിന്തുണയുമായി പ്രമുഖ പ്രോ-ലൈഫ് (Pro-life) സംഘടനയായ ‘സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ’ (SPUC) രംഗത്തെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.