ജനിക്കും മുൻപേ പരിശുദ്ധ അമ്മ ഏറ്റെടുത്ത കുഞ്ഞ്: വി. പാദ്രെ പിയോയുടെ ജീവിതത്തിലെ അദ്ഭുത കൂടിക്കാഴ്ച

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റലിയിലെ പ്രശസ്ത കപ്പൂച്ചിൻ സന്യാസിയായ വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ പല അപൂർവമായ ദിവ്യാനുഭവങ്ങളും ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് ജനിച്ചിട്ടുപോലുമില്ലാത്ത ഒരു കുഞ്ഞിനെ പരിശുദ്ധ കന്യകാമറിയം നേരിട്ട് പാദ്രെ പിയോയുടെ ആത്മീയ സംരക്ഷണ ഏൽപ്പിച്ച അനുഭവം. ആത്മീയ ലോകത്തെ ഇന്നും വിസ്മയിപ്പിക്കുന്ന ആ സംഭവത്തിലൂടെ ഒന്ന് കടന്നു പോകാം…

‘അവൾ നിന്റെ അടുക്കലേക്ക് വരും’

അന്ന് 1905 ജനുവരി പതിനെട്ടാം തീയതി ആയിരുന്നു. ആ സമയം പാദ്രേ പിയോ വൈദികനായിട്ടില്ല. പ്രാർഥനയിൽ വിശ്വസ്തനും ശാന്തനും പഠനത്തിൽ താല്പര്യമുള്ളവനുമായ ഒരു സെമിനാരിക്കാരൻ മാത്രമായിരുന്നു അദ്ദേഹം. അന്നേദിനം പെട്ടെന്ന് ഒരു ആത്മീയ ദർശനം ഉണ്ടാവുകയും അദ്ദേഹം ആത്മാവിൽ സംവഹിക്കപ്പെട്ട് മറ്റൊരു സ്ഥലത്തു എത്തുകയും ചെയ്തു. ഒരു സമ്പന്ന കുടുംബത്തിന്റെ കൊട്ടാരസമാനമായ വീട്ടിലാണ് അദ്ദേഹം എത്തപ്പെട്ടത്. അവിടെ ആ വീടിന്റെ നാഥൻ മരണക്കിടക്കയിലായിരുന്നു; അതേസമയം അദ്ദേഹത്തിന്റെ ഭാര്യ ഗർഭിണിയും ആയിരുന്നു. ആ ദർശനത്തിൽ, പരിശുദ്ധ കന്യകാമറിയം തന്നെ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഒരു അമ്മയുടെ വാത്സല്യത്തോടെ, പരിശുദ്ധ അമ്മ പിയോയുടെ നേരെ തിരിഞ്ഞ്, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ദൗത്യം അദ്ദേഹത്തെ ഏൽപ്പിച്ചു.

“എന്റെ മകനേ, ഈ ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ഞാൻ നിന്റെ സംരക്ഷണയിൽ ഏൽപ്പിക്കുന്നു. അവൾ ഒരു ദിവസം വിലയേറിയ ഒരു രത്നമായി മാറും, എന്നാൽ ഇപ്പോൾ അവൾക്ക് ഒരു രൂപവുമില്ല. നീ അവളെ രൂപപ്പെടുത്തുകയും മിനുക്കുകയും ചെയ്യുക. നിനക്ക് കഴിയുന്നത്ര തിളക്കമുള്ളവളാക്കുക അവളെ, കാരണം ഒരു ദിവസം സ്വർഗത്തിലെ എന്റെ സദസ്സിൽ അവളെ ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ സംശയിക്കേണ്ട. അവൾ നിന്റെ അടുക്കലേക്ക് വരും. എന്നാൽ അതിന് മുൻപ്, നീ അവളെ റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വെച്ച് കണ്ടുമുട്ടും”

ഈ ദർശനം കണ്ട് പാദ്രെ പിയോ അദ്ഭുതപ്പെട്ടു. കാരണം, ആ കുഞ്ഞ് അപ്പോൾ ജനിച്ചിട്ടുപോലുമില്ലായിരുന്നു, അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്നതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ആ മുഖം അദ്ദേഹം തന്റെ മനസ്സിൽ കുറിച്ചിട്ടു.

വർഷങ്ങൾക്ക് ശേഷമുള്ള ആ കൂടിക്കാഴ്ച

കാലങ്ങൾ കടന്നുപോയി. ആ കുഞ്ഞ് ജനിച്ചു. ജോവാന എന്ന് അവൾ വിളിക്കപ്പെട്ടു. അച്ഛൻ മരിച്ച അന്നുതന്നെയായിരുന്നു അവളുടെ ജനനവും. വളരെ സങ്കടകരമായ സാഹചര്യങ്ങളിലൂടെ വളർന്നു വലിയൊരു പെൺകുട്ടിയായി മാറി. 1923-ൽ, ജോവാന തന്റെ അമ്മായിയോടൊപ്പം പാദ്രെ പിയോ താമസിച്ചിരുന്ന സാൻ ജിയോവാനി റൊട്ടോണ്ടോ എന്ന വിദൂര പർവത നഗരത്തിലേക്ക് യാത്ര തിരിച്ചു. ആശ്രമത്തിന്റെ ഇടനാഴി തീർഥാടകരെക്കൊണ്ട് നിറഞ്ഞിരുന്നപ്പോഴാണ് പെട്ടെന്ന് പാദ്രെ പിയോ അവിടെ നിന്നു.

അവൾ പാദ്രെ പിയോയുടെ അടുക്കൽ എത്തിയപ്പോൾ, ആദ്യമായാണ് കാണുന്നതെങ്കിലും അദ്ദേഹം അവളെ തിരിച്ചറിഞ്ഞു. അത് വർഷങ്ങൾക്ക് മുൻപ് പരിശുദ്ധ അമ്മ തനിക്ക് ദർശനത്തിൽ കാണിച്ചുതന്ന അതേ മുഖമായിരുന്നു എന്ന് അദ്ദേഹം മനസിലാക്കി. അദ്ദേഹത്തിന്റെ തുളച്ചുകയറുന്ന നോട്ടം ജോവാനയുടെ മേൽ പതിഞ്ഞു. അവളോട് അദ്ദേഹം പറഞ്ഞു: “എനിക്ക് നിന്നെ അറിയാം. നിന്റെ പിതാവ് മരണമടഞ്ഞ ആ ദിവസമാണ് നീ ജനിച്ചത്.”

പിറ്റേ ദിവസം അവൾ ആശ്രമത്തിൽ എത്തി. പാദ്രെ പിയോയെ കണ്ട് കുമ്പസാരിക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. അവൾ കുമ്പസാരക്കൂട്ടിൽ മുട്ടുകുത്തിയപ്പോൾ, ആ അദ്ഭുത രഹസ്യം പാദ്രെ പിയോ അവളോട് വെളിപ്പെടുത്തി: “മകളേ, നിന്നെ എനിക്ക് പണ്ടേ അറിയാം. നീ ജനിക്കുന്നതിന് മുൻപ്, നിന്റെ അമ്മയുടെ ഗർഭപാത്രത്തിലായിരുന്നപ്പോൾ തന്നെ പരിശുദ്ധ കന്യകാമറിയം നിന്നെ എന്റെ കൈകളിൽ ഏൽപ്പിച്ചതാണ്.”

കണ്ണീരോടെയുള്ള തിരിച്ചറിവ്

പാദ്രെ പിയോയുടെ ഈ വാക്കുകൾ കേട്ട പെൺകുട്ടിയുടെ കണ്ണുനിറഞ്ഞു. താൻ ജനിക്കുന്നതിന് മുൻപ് തന്നെ സ്വർഗത്തിലെ അമ്മ തന്നെ കരുതിയിരുന്നു എന്ന തിരിച്ചറിവ് അവളുടെ ജീവിതത്തെ പൂർണ്ണമായി മാറ്റിമറിച്ചു. അന്ന് മുതൽ അവൾ പാദ്രെ പിയോയുടെ വിശ്വസ്തയായ ഒരു ആത്മീയ മകളായി മാറുകയും, അദ്ദേഹത്തിന്റെ മാർഗനിർദേശത്തിൽ ജീവിക്കുകയും ചെയ്തു.

പിന്നീട്, പാദ്രെ പിയോ അവളെ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ (Third Order of St. Francis) അംഗമാക്കി. അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം അവൾക്ക് ‘ജാക്കോപ്പ’ (Jacopa) എന്ന പേര് തിരഞ്ഞെടുത്തു. പാദ്രെ പിയോ പറഞ്ഞു: ” നീ ജാക്കോപ്പ ആയിരിക്കും. ഫ്രാൻസിസ് അസ്സീസി മരണമടയുമ്പോൾ ജാക്കോപ്പ ഡി സെറ്റെസോളി അദ്ദേഹത്തിന്റെ അരികിൽ ഉണ്ടായിരുന്നതുപോലെ, നീയും എന്റെ മരണസമയത്ത് സന്നിഹിതയായിരിക്കും.”

വർഷങ്ങൾ കടന്നുപോയി. സിസ്റ്റർ ജാക്കോപ്പ ആയി മാറിയ ജോവാന, പാദ്രെ പിയോയുടെ ആത്മീയ മാർഗനിർദേശത്തിൽ ഉറച്ചുനിന്നു. തന്റെ ജീവിതത്തിന്റെ അവസാനത്തോടടുത്തപ്പോൾ, അദ്ദേഹം അവളോട് സംസാരിച്ചു. “വേഗം സാൻ ജിയോവാനി റൊട്ടോണ്ടോയിലേക്ക് വരൂ, കാരണം ഞാൻ പോകുകയാണ്. നീ വൈകിയാൽ എന്നെ കാണാൻ കഴിയില്ല.”

1968 സെപ്റ്റംബർ 23-ന് പാദ്രെ പിയോ നിത്യജീവനിലേക്ക് പ്രവേശിച്ചപ്പോൾ സിസ്റ്റർ ജാക്കോപ്പയ്ക്ക് ഒരു ദർശനമുണ്ടായി. അവൾ ആത്മീയമായി അദ്ദേഹത്തിന്റെ ആശ്രമമുറിയിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കട്ടിലിന് ചുറ്റും സന്യാസിമാർ നിൽക്കുന്നത് അവൾ കണ്ടു. മുൻപ് ഒരിക്കൽപ്പോലും അവൾ അദ്ദേഹത്തിന്റെ മുറിയിൽ പ്രവേശിച്ചിട്ടില്ലായിരുന്നിട്ടും, അദ്ദേഹം അവസാനശ്വാസം എടുത്ത ആ കൃത്യമായ നിമിഷത്തിന് അവൾ സാക്ഷിയായി. പിന്നീട്, ആ മുറിയുടെ ക്രമീകരണം, അവിടെ സന്നിഹിതരായിരുന്നവരുടെ മുഖങ്ങൾ തുടങ്ങി ഓരോ ചെറിയ കാര്യങ്ങളും അവൾ വിവരിച്ചു. അതെല്ലാം സത്യമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. അങ്ങനെ പാദ്രെ പിയോ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ, അദ്ദേഹം മരണമടയുമ്പോൾ അവൾ അദ്ദേഹത്തിന്റെ അരികിൽത്തന്നെയുണ്ടായിരുന്നു.

ഒരു അമ്മയുടെ ഉദരത്തിൽ ജീവൻ ജനിക്കുന്ന നിമിഷം മുതൽ സ്വർഗവും ദൈവവും ആ ജീവനെ എത്രമാത്രം വിലപ്പെട്ടതായി കാണുന്നു എന്നതിന്റെ വലിയൊരു തെളിവാണ് ഈ സംഭവം. ഇന്ന് ലോകം ഗർഭസ്ഥ ശിശുക്കളുടെ ജീവന് വലിയ വില കൽപ്പിക്കാത്ത ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, പാദ്രെ പിയോയുടെ ജീവിതത്തിലെ ഈ അനുഭവം ഓരോ ജീവനും എത്രമാത്രം പരിശുദ്ധമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

വിവർത്തനം: മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.