പ്രതീക്ഷയുടെ യാത്ര 152:  ജീവിതം എങ്ങനെ തിരികെപ്പിടിക്കാം?

എല്ലാ വലിയ സംഭവങ്ങൾക്കു ശേഷവും – അത് യുദ്ധമായാലും വ്യക്തിപരമായ വലിയൊരു ദുരന്തമായാലും – ലോകം പഴയതുപോലെ തുടരുമെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ, പോളിഷ് കവയിത്രി വിസ്വാവ ഷിംബോർസ്ക (Wislawa Szymborska) തന്റെ ‘ദ എൻഡ് ആൻഡ് ദ ബിഗിനിങ്’ (The End and the Beginning) എന്ന കവിതയിലൂടെ, യുദ്ധാനന്തര യാഥാർഥ്യങ്ങളുടെ തീക്ഷ്ണമായ ഒരു ചിത്രം നമുക്കു മുന്നിൽ വയ്ക്കുന്നുണ്ട്. ലളിതമായ വരികളിലൂടെ ആഴമുള്ള സത്യങ്ങൾ വിളിച്ചുപറയുന്ന ഈ കവിത, തകർന്നടിഞ്ഞ ഒരിടത്തു നിന്ന് ജീവിതം എങ്ങനെ തിരികെപ്പിടിക്കാം എന്നതിനെക്കുറിച്ചുള്ള വലിയൊരു പാഠമാണ്.

‘യുദ്ധം അവസാനിച്ചു’ എന്ന് പ്രഖ്യാപിക്കപ്പെടുമ്പോൾ, യഥാർഥത്തിൽ യുദ്ധം അവസാനിക്കുന്നില്ല. പകരം, അവിടെയാണ് അതിജീവനത്തിന്റെ യഥാർഥ അധ്യായം തുടങ്ങുന്നത്. ‘ആരെങ്കിലും ഒരാൾ വൃത്തിയാക്കേണ്ടതുണ്ട്’ (someone has to clean up) എന്ന വരികൾ, അധികാരത്തിന്റെ അഹന്തയുടെ പേരില്‍ തകർന്നടിഞ്ഞ ലോകത്തെ പുനർനിർമ്മിക്കേണ്ടത് സാധാരണക്കാരായ മനുഷ്യരാണെന്ന വലിയ സത്യത്തെ ഓർമ്മിപ്പിക്കുന്നു.

യുദ്ധത്തിന്റെ ആവേശകരമായ നിമിഷങ്ങൾക്കും മാധ്യമശ്രദ്ധ നേടുന്ന സംഘർഷങ്ങൾക്കുമാണ് ചരിത്രം എപ്പോഴും മുൻഗണന നൽകുന്നത്. എന്നാൽ, പുനർനിർമ്മാണത്തിന്റെ കഠിനമായ, ‘ഫോട്ടോജനിക് അല്ലാത്ത’ പ്രവൃത്തികൾ പലപ്പോഴും ഇരുളിൽ മറയുന്നു. തകർന്ന ജീവിതം കെട്ടിപ്പടുക്കാൻ മനുഷ്യൻ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദനകൾ ആരും കാണാതെപോകുന്നു. പുനർനിർമ്മാണം എന്നത് ആവേശം പകരുന്ന ഒന്നല്ല, മറിച്ച് അത്യന്തം തളർത്തുന്നതും വിരസവുമായ ഒരു പ്രവൃത്തിയാണ്.

കാലം കടന്നുപോകുമ്പോൾ യുദ്ധസ്മരണകൾ മങ്ങിപ്പോകുന്നു എന്ന സത്യവും കവി ഓര്‍മ്മിക്കുന്നു. പുതിയ തലമുറയ്ക്ക് യുദ്ധത്തിന്റെ കയ്പുനീർ വിരസമായ പഴയ കഥകളായി മാത്രം തോന്നാം. എന്നാൽ, ചരിത്രം ആവർത്തിക്കപ്പെടാതിരിക്കാൻ ഓർമ്മകൾ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്; മുൻഗാമികളുടെ അതിജീവനത്തിന്റെ കരുത്തിനെ നമ്മൾ മറവിയിലേക്ക് തള്ളിക്കളയരുത്; തെറ്റുകളിൽ നിന്ന് പഠിക്കാൻ ഓർമ്മകൾ അനിവാര്യമാണ് – എന്നീ സത്യങ്ങളും കവിത വെളിപ്പെടുത്തുന്നു.

പുനർനിർമ്മാണം മന്ദഗതിയിലുള്ളതാണെങ്കിലും, അത് മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ്. ‘കൈകൾ കീറിപ്പറിയും’ എന്ന് കവി കുറിക്കുമ്പോൾ, തളരാത്ത മനുഷ്യന്റെ അധ്വാനത്തെയാണ് അത് അടയാളപ്പെടുത്തുന്നത്. തകർന്നവയിൽ നിന്ന് വീണ്ടും തുടങ്ങാനുള്ള ഈ അതിജീവനശേഷിയാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത്.

നമ്മുടെ വ്യക്തിജീവിതത്തിലും ഇതേ യുദ്ധങ്ങൾ നടക്കുന്നുണ്ട്. ബന്ധങ്ങളിലെ തകർച്ചയോ, പ്രവര്‍ത്തനങ്ങളിലെ തിരിച്ചടികളോ, പ്രിയപ്പെട്ടവരുടെ വേർപാടോ ഒക്കെ നമ്മെ തകർത്തുകളയുമ്പോൾ, നമ്മൾ ഓരോരുത്തരും ഓരോ ചെറിയ യുദ്ധക്കളത്തിലാണ് നിൽക്കുന്നത്. അവിടെയും ഒരാൾ ആ നാശനഷ്ടങ്ങൾ വൃത്തിയാക്കണം. ആ ഒരാൾ മറ്റാരുമല്ല – നമ്മൾ തന്നെയാണ്. തകർന്ന മനസ്സിലെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കി, വീണ്ടും ജീവിതം തുടങ്ങാൻ കാണിക്കുന്ന ആ ചെറിയ ധൈര്യമാണ് യഥാർഥ അതിജീവനം. ബാഹ്യലോകം നമ്മുടെ പുരോഗതിയെ മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ, ആ പുരോഗതിയിലേക്ക് നയിച്ച ആ നീണ്ട രാവുകളും കണ്ണീരും തളർന്നുപോയ നിമിഷങ്ങളും നമ്മൾ മാത്രമറിയുന്ന സത്യങ്ങളാണ്.

ഈ തിരിച്ചറിവ് നമുക്ക് വലിയൊരു പ്രചോദനമാണ്. വിള്ളലുകൾ വീണ ഒരു ജീവിതവും പരാജയപ്പെട്ട ഒന്നല്ല, മറിച്ച് ഒരു പുതിയ നിർമ്മിതിയുടെ തുടക്കമാണെന്ന് നമ്മള്‍ വിസ്മരിക്കരുത്. കവിതയിൽ പറയുന്നതുപോലെ ‘ഫോട്ടോജനിക്’ അല്ലാത്ത നമ്മുടെ ദൈനംദിന പ്രയത്നങ്ങൾ ഒട്ടും ചെറുതല്ല. ഓരോ ദിവസവും നമ്മൾ തളരാതെ അധ്വാനിക്കുമ്പോൾ, നമ്മൾ നമ്മുടേതായ ഒരു ചരിത്രം എഴുതുകയാണ്. തകർന്നുപോയെന്ന് കരുതിയ ഇടങ്ങളിൽ നിന്ന് വീണ്ടും വിജയിക്കാനും മുന്നേറാനും സാധിക്കുന്നുവെങ്കിൽ, അത് മനുഷ്യന്റെ അപാരമായ കരുത്തിനെയാണ് അടയാളപ്പെടുത്തുന്നത്. ഓർമ്മകൾ നമ്മെ തളർത്താനല്ല, മറിച്ച് പഴയ തെറ്റുകൾ ആവർത്തിക്കാതെ കരുത്തോടെ പുതിയ വഴികൾ വെട്ടാനാണ് നമ്മെ സഹായിക്കേണ്ടത്.

രണ്ടാം ലോകമഹായുദ്ധത്തിൽ സർവവും നഷ്ടപ്പെട്ട ഒരു വൃദ്ധൻ, തകർന്നടിഞ്ഞ തന്റെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു ചെറിയ ചെടി നട്ടുനനയ്ക്കുന്നത് ഒരു പത്രപ്രവർത്തകൻ കണ്ടു. അയാൾ ചോദിച്ചു: “ഇതൊക്കെ ആര് കാണാനാണ്? നാളെ യുദ്ധം വീണ്ടും വന്നാൽ ഇതൊക്കെ നശിക്കില്ലേ?” അപ്പോൾ ആ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു: “യുദ്ധം ചെയ്യുക എന്നത് എന്റെ ജോലിയല്ല. എന്നാല്‍, ജീവിക്കുക എന്നത് എന്റെ അവകാശമാണ്. തകർന്നുവീണതിനെ ഓർത്ത് കരയുന്നതിനേക്കാൾ നാളേക്കായി ഒരു പൂവ് വിരിയിക്കാൻ ശ്രമിക്കുന്നതാണ് എന്റെ ഏറ്റവും വലിയ പ്രതിരോധം.” ഇതാണ് നമ്മളും ചെയ്യേണ്ടത്.

നമ്മള്‍ നമ്മുടെ വ്യക്തിപരമായ പ്രയാസങ്ങളെ കാണുന്ന രീതിയെ മാറ്റണം. നമ്മുടെ തകർച്ചകളായിരിക്കരുത് നമ്മെ ഈ ഭൂമിയില്‍ അടയാളപ്പെടുത്തേണ്ടത്, മറിച്ച് ആ തകർച്ചകളിൽ നിന്ന് നമ്മൾ എന്തുചെയ്തു എന്നതായിരിക്കണം. നമ്മൾ ഓരോരുത്തരും നമ്മുടെ ഉള്ളിലെ വലിയൊരു പുനർനിർമ്മാതാക്കളാണ്. വിഖ്യാത ചിന്തകൻ വിക്ടർ ഫ്രാങ്കിൾ പറഞ്ഞതുപോലെ: “നമ്മുടെ സാഹചര്യങ്ങളെ മാറ്റാൻ നമുക്ക് സാധിക്കാത്തപ്പോൾ, ആ സാഹചര്യങ്ങളോടുള്ള നമ്മുടെ മനോഭാവത്തെ മാറ്റാനുള്ള വെല്ലുവിളിയാണ് നാം അഭിമുഖീകരിക്കുന്നത്.” ഓരോ പ്രതിസന്ധിയെയും ഓരോ അവസരമായി നമുക്ക് കാണാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.