നികുതി തർക്കം: ജറുസലേമിലെ ചരിത്രപരമായ സഭാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ബിഷപ്പ് വില്യം ഷൊമാലി

ജറുസലേമിലെ പ്രാദേശിക അധികാരികളും ക്രൈസ്തവ സഭകളും തമ്മിൽ വീണ്ടും ഉടലെടുത്ത നികുതി തർക്കത്തിൽ ആശങ്ക രേഖപ്പെടുത്തി ലത്തീൻ പാത്രിയാർക്കേറ്റിന്റെ സഹായ മെത്രാൻ ബിഷപ്പ് വില്യം ഷൊമാലി. ‘അർനോണ’ (Arnona) വസ്തു നികുതിയുമായി ബന്ധപ്പെട്ട തർക്കം സഭകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സാമൂഹിക സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടുകളായി സഭകൾക്ക് ലഭിച്ചുവരുന്ന നികുതിയിളവുകൾ റദ്ദാക്കപ്പെടുമെന്ന ആശങ്കയെത്തുടർന്ന്, പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മാർപാപ്പയ്ക്കും മറ്റ് അന്താരാഷ്ട്ര നേതാക്കൾക്കും കത്തയച്ചിരുന്നു. ഈ വിഷയത്തിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ വീണ്ടും ആകർഷിക്കാൻ പലസ്തീൻ പ്രസിഡന്റിന്റെ ഇടപെടൽ സഹായിക്കുമെന്ന് ബിഷപ്പ് ഷൊമാലി വ്യക്തമാക്കി.

സഭകളുടെ വാണിജ്യപരമായ പ്രവർത്തനങ്ങളെയും ജീവകാരുണ്യ-ആത്മീയ പ്രവർത്തനങ്ങളെയും രണ്ട് തട്ടിലായി കാണണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. സ്കൂളുകൾ, ആശുപത്രികൾ, സാമൂഹിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ വിദ്യാഭ്യാസപരവും ആത്മീയവുമായ ദൗത്യം കണക്കിലെടുത്ത് അവയെ പരമ്പരാഗതമായ നികുതിയിളവുകളിൽ നിലനിർത്തണം എന്ന ആവശ്യമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ നികുതി തർക്കം നിലനിൽക്കുന്നുണ്ട്. 2018-ൽ ഇതിൽ പ്രതിഷേധിച്ച് സഭാ നേതാക്കൾ ജറുസലേമിലെ വിശുദ്ധ കല്ലറ ദൈവാലയം (Holy Sepulchre) അടച്ചിട്ടിരുന്നു. മുൻകാല പ്രാബല്യത്തോടെ നികുതി ഈടാക്കാൻ നഗരസഭ തീരുമാനിച്ചാൽ ദശലക്ഷക്കണക്കിന് യൂറോയുടെ ബാധ്യതയായിരിക്കും സഭകൾക്ക് മേൽ വരുമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഒരു ചർച്ചയിലൂടെയുള്ള ഒത്തുതീർപ്പാണ് സഭ ആഗ്രഹിക്കുന്നത്. പൂർണ്ണമായും ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സഭയുടെ വാണിജ്യ സ്ഥാപനങ്ങൾ നികുതി നൽകാൻ തയ്യാറാണ്. എന്നാൽ പള്ളികൾ, സെമിത്തേരികൾ, സ്കൂളുകൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കണം. ഏതാണ് വാണിജ്യ പ്രവർത്തനം, ഏതാണ് സഭയുടെ അജപാലന-സാമൂഹിക ദൗത്യം എന്ന് കൃത്യമായി വേർതിരിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.