വി. ഓസ്കർ റൊമേറോയെ ‘സഭയുടെ വേദപാരംഗതനായി’ പ്രഖ്യാപിക്കണമെന്ന് മാർപാപ്പയോട് ആവശ്യപ്പെട്ട് ബിഷപ്പുമാർ

വി. ഓസ്കർ ആർനുൾഫോ റൊമേറോയെ ‘സഭയുടെ വേദപാരംഗതനായി’ (Doctor of the Church) പ്രഖ്യാപിക്കണമെന്നും രക്തസാക്ഷിയായ ഈ ആർച്ച്ബിഷപ്പിന്റെ കല്ലറയിൽ പ്രാർഥിക്കുന്നതിനായി മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ സന്ദർശിക്കണമെന്നും അവിടത്തെ ബിഷപ്പുമാർ ലെയോ പതിനാലാമൻ മാർപാപ്പയോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ ഏഴു മുതൽ 11 വരെ റോമിൽ സാൽവഡോറിലെ ബിഷപ്പുമാർ നടത്തിയ ‘അഡ് ലിമിന’ (ad limina) സന്ദർശനത്തിന്റെ ഭാഗമായി സെപ്റ്റംബർ 11 ന് നടന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യങ്ങൾ സമർപ്പിച്ചത്.

ഒക്ടോബർ നാലിന് എൽ സാൽവഡോറിലെ എപ്പിസ്കോപ്പൽ കോൺഫറൻസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച ‘സ്നേഹവും സൗഹാർദവും പിതൃവാത്സല്യവും നിറഞ്ഞതായിരുന്നു’ എന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

1980 മാർച്ച് 24 ന് സാൻ സാൽവഡോറിലെ ഡിവൈൻ പ്രൊവിഡൻസ് ഹോസ്പിറ്റൽ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ കൊല്ലപ്പെടുകയും, 2018 ഒക്ടോബർ 14 ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്ത വി. ഓസ്കർ റൊമേറോയുമായി ബന്ധപ്പെട്ട ഇരു അപേക്ഷകളും ബിഷപ്പുമാർ ഈ കൂടിക്കാഴ്ചയിലാണ് സമർപ്പിച്ചത്. സാൻ സാൽവഡോർ ആർച്ച്ബിഷപ്പും സാൽവഡോറിന്റെ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റുമായ ഹോസെ ലൂയിസ് എസ്കോബാറിന്റെ വാക്കുകൾ പ്രകാരം, പരിശുദ്ധ പിതാവ് ഈ നിർദേശങ്ങൾ അത്യന്തം താൽപര്യത്തോടെയുള്ള സമീപനത്തോടെയാണ് സ്വീകരിച്ചത്.

കൂടിക്കാഴ്ചയിൽ വി. ഓസ്കർ റൊമേറോയോടുള്ള തന്റെ പ്രത്യേക ഭക്തിയെക്കുറിച്ചും മാർപാപ്പ സാൽവഡോറിലെ ബിഷപ്പുമാരുമായി പങ്കുവച്ചു. ആഴമേറിയ ദൈവജ്ഞാനവും മികച്ച അധ്യാപനപാടവവുമുള്ളവരും സഭയുടെ ദൈവശാസ്ത്രത്തിന് മഹത്തായ സംഭാവനകൾ നൽകുകയും ചെയ്ത വിശുദ്ധരെയാണ് ‘സഭയുടെ വേദപാരംഗതൻ’ എന്ന പദവി നൽകി ആദരിക്കുന്നത്. നിലവിൽ സഭയിൽ 38 വേദപാരംഗതന്മാരാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.