
കുഞ്ഞുങ്ങളുടെ പ്രാർഥന അത് നിഷ്കളങ്കവും ദൈവസന്നിധിയിൽ വിലയേറിയതും ആണല്ലോ കുഞ്ഞുങ്ങളെ ദൈവത്തിനു അത്രയേറെ ഇഷ്ടമാണെന്നു സൂചിപ്പിക്കുന്ന സംഭവങ്ങളും സുവിശേഷത്തിൽ കാണാം. ഇക്കാരണത്താൽ തന്നെയാണ് ലോകത്തിൽ ഇന്ന് ഏറ്റവും അത്യാവശ്യമായ സമാധാനം എന്ന പുണ്യത്തിനായി ദൈവസന്നിധിയിൽ പ്രാർഥിക്കാൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന കുഞ്ഞുങ്ങളെയും ഒപ്പം കൂട്ടിയത്. ‘ഒരു ദശലക്ഷം കുട്ടികൾ ജപമാല ചൊല്ലുന്നു’ എന്ന കാമ്പെയിനിലൂടെ ഓരോ വർഷവും പത്തുലക്ഷത്തിലധികം കുട്ടികളാണ് സമാധാനം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്കു ആത്മീയ പിന്തുണ നൽകുന്നത്.
ഈ വർഷത്തെ പ്രാർഥന പരിപാടി ഏഴ് ദിവസങ്ങളിലായിട്ടാണ് നടന്നത്. ജപമാല റാണിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴിന് അവസാനിച്ച പ്രാർഥനായജ്‌ഞം ഒക്ടോബർ ഒന്നിന് വത്തിക്കാൻ ഗാർഡനിൽ വച്ച് നൂറുകണക്കിന് കൊച്ചുകുട്ടികൾ ലെയോ പതിനാലാമൻ മാർപാപ്പയ്‌ക്കൊപ്പം ചേർന്ന് ജപമാല ചൊല്ലിയാണ് ആരംഭിച്ചത്.
“ഈ കുഞ്ഞുമക്കളുടെ പ്രാർഥനയുടെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു. ജപമാലയിലൂടെ, തങ്ങൾക്കും സമാധാനദൂതരാകാനും ചുറ്റുമുള്ളവർക്ക് പ്രത്യാശ നൽകാനും സാധിക്കുമെന്ന് കുട്ടികളെ പഠിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” ഹെയ്തിയിലെ അൻസ്-എ-വോ എ മിറാഗ്വാൻ രൂപതയിലുള്ള നോത്ര ദാം ഡി ലാ നാറ്റിവൈറ്റ് ഇടവകയിലെ ഫാദർ ജെഫ്തി ഴാങ് കുറിച്ചു. ലോകമെമ്പാടും ഉള്ള കുട്ടികളെ ഒരുമിച്ചു കൂട്ടി നടത്തിയ ഈ പ്രാർഥന പല സ്ഥലങ്ങളിലും ആളുകളെ ഒരുപാട് സ്വാധീനിച്ചതായി എയ്ഡ് ടു ചർച്ച് ഇൻ നീഡ് വ്യക്തമാക്കുന്നു.
ചില ഇടവകകൾക്ക് പ്രാർഥനയുമായി തെരുവിലിറങ്ങാനുള്ള അവസരം തങ്ങളുടെ കഠിനമായ ദിനചര്യകളിൽ നിന്നുള്ള വലിയൊരാശ്വാസമായിരുന്നു. “ലഹരിമരുന്ന് കടത്തിന്റെയും ഗറില്ല ആക്രമണങ്ങളുടെയും ചരിത്രമുള്ള ഞങ്ങളുടെ നഗരത്തിൽ, ഈ പ്രാർഥന വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പരസ്യമായ സാക്ഷ്യപ്പെടുത്തലിന്റെയും അനുഭവം നൽകി,” പെറുവിലെ ഒരു വൈദികൻ പറഞ്ഞു. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ യൂത്ത് പ്രിസൺ നേതാവിനൊപ്പം ല്വീവിലെ (Lviv) ഒരു ജുവനൈൽ കേന്ദ്രത്തിലെ കുട്ടികൾ പ്രാർഥിച്ചപ്പോൾ തനിക്കുണ്ടായത് വൈകാരികമായ അനുഭവങ്ങളായിരുന്നു എന്ന് അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.
“വളരെ വേഗത്തിൽ ഭിന്നിച്ചുപോകാൻ സാധ്യതയുള്ള ഒരു ലോകത്ത്, നമ്മളേക്കാൾ വലിയൊരു കാര്യത്തിനായി ഒന്നിക്കാൻ സാധിക്കുമെന്ന് കുട്ടികൾ കാണിച്ചുതരുന്നു,” ഉക്രൈനിലെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ജർമനിയിൽ നിന്നുകൊണ്ട് ഈ കാമ്പയിന് നേതൃത്വം നൽകിയ നതാലി ഡാക്വി കുറിച്ചു.
“കയ്യിൽ ജപമാലയേന്തി നിൽക്കുന്ന ഒരു കുട്ടി എന്നത് ചെറിയൊരു കാഴ്ചയായി തോന്നും; എന്നാൽ ലക്ഷക്കണക്കിന് കുട്ടികൾ ഒരുമിച്ച് അത് ചെയ്യുമ്പോൾ അദ്ഭുതകരമായ ഒന്നാണ് സംഭവിക്കുന്നത്: അവർ ആഗോളതലത്തിലുള്ള ഒരു പ്രാർഥനാച്ചങ്ങലയായി മാറുന്നു; വിശ്വാസത്തിന്റെ ഒരു പാഠശാലയായി മാറുന്നു; ഐക്യത്തിന്റെ അടയാളമായി മാറുന്നു; ഒപ്പം സമാധാനത്തിന്റെ ചെറിയ ഉപകരണങ്ങളായി മാറും,” നതാലി ഡാക്വി പറഞ്ഞു നിർത്തി.




