
പുതുതായി അഭിഷിക്തരായ മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, തങ്ങൾക്ക് ഏൽപിച്ചുകൊടുത്തിരിക്കുന്ന ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നതിനാൽ അവർ ഒരിക്കലും ഒറ്റയ്ക്കല്ലെന്നും സാഹോദര്യത്തിന്റെ സവിശേഷമായ ഒരു അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നും ലെയോ മാർപാപ്പ പറഞ്ഞു. ‘സഭയിലെയും ഇന്നത്തെ ലോകത്തിലെയും കൂട്ടായ്മയുടെ ശുശ്രൂഷകർ’ എന്ന വിഷയത്തിൽ നടന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കുന്ന മെത്രാന്മാരുമായി സെപ്റ്റംബർ പത്തിന് നടന്ന കൂടിക്കാഴ്ചയിലാണ് ലെയോ പതിനാലാമൻ പാപ്പ ഇപ്രകാരം പറഞ്ഞത്.
അവരുടെ ശുശ്രൂഷയ്ക്കായി പ്രാർഥിക്കുമെന്ന് ഉറപ്പുനൽകിയ മാർപാപ്പ, ഓരോ വ്യക്തിയും മെത്രാന്റെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തണമെന്ന് പറഞ്ഞു. കാരണം, ക്രിസ്തുവിന്റെ ഹൃദയത്തിൽ എല്ലാവർക്കും ഇതിനകം ഒരു സ്ഥാനമുണ്ട്. യേശുവുമായി സംസാരിച്ചും പ്രാർഥനയിൽ സമയം ചെലവഴിച്ചും അവിടുത്തോടൊപ്പം നിലകൊള്ളുന്നതിനായിരിക്കണം ഏറ്റവും വലിയ മുൻഗണന നൽകേണ്ടതെന്നും പാപ്പ പറഞ്ഞു.
പിതാവിലേക്ക് പൂർണ്ണമായി തിരിയുകയും തന്റെ സഹോദരീസഹോദരന്മാർക്കായി പൂർണ്ണമായി സമർപ്പിക്കുകയും ചെയ്ത ‘നല്ല ഇടയനായ യേശുവിന്റെ ഹൃദയം’ സ്വീകരിക്കാൻ മാർപാപ്പ പുതിയ മെത്രാന്മാരെ ക്ഷണിച്ചു. “തന്റെ ജനത്തെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ അനുദിനം പഠിക്കുന്ന ആളാണ് ഒരു മെത്രാൻ. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും അറിയാനും അവരുടെ സ്വപ്നങ്ങൾ പങ്കുവയ്ക്കാനും സമൂഹങ്ങൾ വളരുന്നത് കണ്ട് സന്തോഷിക്കാനും മെത്രാന്മാർക്ക് കഴിയണം,” പാപ്പ പറഞ്ഞു.
“ദൗത്യത്തിന്റെ സൗന്ദര്യവും ആവശ്യകതകളും കുറച്ചു മാത്രം സ്വന്തമായുള്ളതും എന്നാൽ വലിയ വിശ്വാസത്താൽ സമ്പന്നവുമായ ഒരു സഭയെയും നിങ്ങൾക്കറിയാം. അതുകൊണ്ടു തന്നെ ഒരു മിഷനറി ഹൃദയം കാത്തുസൂക്ഷിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ജനങ്ങളെ, പ്രത്യേകിച്ച് സ്വന്തം വൈദികരെ ഹൃദയത്തിൽ സ്വീകരിക്കുക എന്ന ‘ഇടയപരിപാലന’ ചുമതല ഏറ്റെടുക്കുക,” ലെയോ പതിനാലാമൻ മാർപാപ്പ പുതിയ മെത്രാന്മാരോട് ആവശ്യപ്പെട്ടു.




