സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. ഇടിമിന്നൽ അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറേണ്ടതാണ്. ജനലും വാതിലും അടച്ചിടാനും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും അധികൃതർ നിർദേശിക്കുന്നു.

തുറസായ സ്ഥലങ്ങളിലും ടെറസിലും നിൽക്കുന്നതും മരച്ചുവട്ടിൽ അഭയം തേടുന്നതും പൂർണ്ണമായും ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. മിന്നലേറ്റ വ്യക്തിക്ക് ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കാൻ മടിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.