ദക്ഷിണ കൊറിയയിൽ കുഷ്ഠരോഗികൾക്ക് തണലായി മാറുന്ന ഫ്രാൻസിസ്കൻ സന്ന്യാസിമാർ

രോഗം വന്നാൽ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ, വേദനയുടെയും അവഗണനയുടെയും ദിനങ്ങളിലൂടെയുള്ള കടന്നുപോകൽ, ആളുകൾ ഭയത്തോടെ നോക്കുന്ന അവസ്ഥ, അതിനേക്കാൾ ‘ശാപം കിട്ടിയ ജന്മങ്ങൾ’ എന്നുള്ള പേരും. സത്യത്തിൽ വളരെ ദയനീയമാണ് കുഷ്ഠരോഗികളുടെ ജീവിതം. എന്നാൽ, ദക്ഷിണ കൊറിയയിലെ ഇത്തരം മാറ്റിനിർത്തപ്പെട്ട കുഷ്ഠരോഗികളെ ചേർത്തുപിടിച്ച് അവരുടെ മുറിവുകളിലേക്കും വേദനകളിലേക്കും ക്രിസ്തുവിന്റെ സ്നേഹം ഒഴുക്കുകയാണ് ഫ്രാൻസിസ്കൻ സന്ന്യാസ സഭ. കുഷ്ഠരോഗികൾക്കിടയിലെ ഈ സമൂഹത്തിന്റെ പ്രവർത്തങ്ങൾക്ക് ഇന്ന് 50 വയസ്സാണ്.

സമൂഹത്തിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെടുകയും രോഗഭയത്താൽ മാറ്റിനിർത്തപ്പെടുകയും ചെയ്ത കുഷ്ഠരോഗികളെ ചേർത്തുപിടിച്ചാണ് അഞ്ച് പതിറ്റാണ്ട് മുൻപ് ഫ്രാൻസിസ്കൻ വൈദികർ ദക്ഷിണ കൊറിയയിൽ പ്രവർത്തനം ആരംഭിച്ചത്. കേവലം ചികിത്സ ലഭ്യമാക്കുന്നതിലുപരി, രോഗബാധിതർക്ക് പുനരധിവാസം, താമസ സൗകര്യം, അവരുടെ മക്കളുടെ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കാൻ ഈ കാലയളവിനുള്ളിൽ സഭയ്ക്ക് സാധിച്ചു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സ്നേഹവും കരുണയും ജീവിതചര്യയാക്കിയ ഇവർ, തങ്ങളുടെ പ്രവർത്തനം ആരംഭിച്ച വേളയിൽ നേരിട്ടത് പരിധികളില്ലാത്ത പ്രതിസന്ധികളെയാണ്. ആ പ്രതിസന്ധികളെയൊക്കെ അതിജീവിച്ച് രോഗബാധിതർക്കിടയിൽ അവർ നടത്തിയ പ്രേഷിതപ്രവർത്തനം ഇന്നും ആളുകളുടെ മനസ്സിൽ നിലകൊള്ളുന്നു.

കുഷ്ഠരോഗികൾക്കിടയിലെ സേവനങ്ങൾ

ആദ്യകാലങ്ങളിൽ, ദക്ഷിണ കൊറിയ കുഷ്ഠരോഗികൾക്കായി പ്രത്യേക മേഖലകൾ വേർതിരിക്കുകയും രോഗബാധിതരെ നിർബന്ധിത ക്വാറന്റൈനിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കുഷ്ഠരോഗികൾക്കും ഗുരുതരമായ വൈകല്യമുള്ളവർക്കും പിന്തുണയേകുന്നതിനായി 1959 ലാണ് ഫ്രാൻസിസ്കൻ സഭ സൗത്ത് ഗ്യോങ്സാങ് പ്രവിശ്യയിൽ ‘സഞ്ചിയോങ് സോങ്സിംവോൺ’ സെന്റർ സ്ഥാപിച്ചത്. പിന്നീട് കുഷ്ഠരോഗികളുടെ മാനുഷിക അന്തസ്സ് വീണ്ടെടുക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിട്ട് 1976 ൽ ഫ്രാൻസിസ്കൻ സഭയും പ്രാദേശിക സന്നദ്ധപ്രവർത്തകരും ചേർന്ന് ‘മിറാഹോ’ (ദി മിറാ സൊസൈറ്റി) എന്ന സന്നദ്ധസംഘടനയ്ക്ക് രൂപം നൽകി. സഞ്ചിയോങ്ങിൽ തുടങ്ങിയ ഈ മുന്നേറ്റം പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. നിലവിൽ രാജ്യത്തുടനീളം 2,500 ഓളം അംഗങ്ങളുള്ള ഈ സംഘടന, സഞ്ചിയോങ്ങിലെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ സ്വീകരിച്ചു വരുന്നു.

ദക്ഷിണ കൊറിയൻ ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 1953 ൽ 17,188 ആയിരുന്ന രജിസ്റ്റർ ചെയ്ത കുഷ്ഠരോഗികളുടെ എണ്ണം 1977 ൽ 4,393 ആയും 1996 ൽ 1,072 ആയും കുറഞ്ഞു. ഇന്ന് രാജ്യത്ത് കുഷ്ഠരോഗം പൂർണ്ണമായും നിർമ്മാർജനം ചെയ്ത നിലയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 10,000 പേരിൽ 0.02 മാത്രമാണ് രോഗവ്യാപന നിരക്ക്.

ഒരിക്കൽ ശാപമായി കണ്ടിരുന്ന രോഗബാധിതരെ ചേർത്തുനിർത്തിയ ഈ സന്ന്യാസ സമൂഹത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും സേവനങ്ങൾ ഇന്ന് അനേകർക്ക്‌ മാതൃകയാണ്. കഴിഞ്ഞ 50 വർഷങ്ങൾ നീണ്ട ശുശ്രൂഷകളും സേവനങ്ങളും, മാറ്റിനിർത്തപ്പെട്ട ഒരു സമൂഹത്തിന്റെ വേദനകളകറ്റാനും നിരാശയിൽ നിന്ന് കൈപിടിച്ചുയർത്താനും കഴിഞ്ഞ സംതൃപ്തിയിലാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.