
ഓഗസ്റ്റ് 20 വ്യാഴാഴ്ച, ലബനൻ പ്രസിഡന്റ് ജോസഫ് ഔണിനെ വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിക്കും. വടക്കൻ ലെബനനിലെയും മധ്യപൂർവദേശത്തെയും സുരക്ഷാ സ്ഥിതിഗതികളും മേഖലയിലെ സമാധാന ചർച്ചകളും മുൻനിർത്തിയാണ് ഈ സുപ്രധാന സന്ദർശനം. ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ ഔദ്യോഗിക ചർച്ചകൾക്ക് ശേഷമായിരിക്കും പ്രസിഡന്റ് വത്തിക്കാനിൽ പരിശുദ്ധ പിതാവിനെ സന്ദർശിക്കുക.
കൂടിക്കാഴ്ചയിൽ ഇസ്രായേലുമായി നടന്നു വരുന്ന സമാധാന ചർച്ചകളുടെ നിലവിലെ പുരോഗതിയും നയതന്ത്ര നീക്കങ്ങളും പ്രസിഡന്റ് ജോസഫ് ഔൺ മാർപാപ്പയെ ധരിപ്പിക്കും. തെക്കൻ ലെബനനിൽ സേവനമനുഷ്ഠിക്കുന്ന യുണൈറ്റഡ് നേഷൻസ് ഇന്ററിം ഫോഴ്സ് ഇൻ ലെബനൻ (UNIFIL) ദൗത്യത്തിന്റെ ഭാവി, അതിർത്തി മേഖലകളിലെ സുരക്ഷ ഉറപ്പാക്കൽ എന്നിവയും ചർച്ചയാകും. ഇതുകൂടാതെ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വത്തിക്കാൻ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, ലബനൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച ആഗോളതലത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.




