കൊളംബിയയിലെ ഭൂകമ്പബാധിതർക്കായി പ്രാർഥിച്ച് ലെയോ പാപ്പ

കൊളംബിയയിൽ ഓഗസ്റ്റ് പത്തിനുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ലെയോ പതിനാലാമൻ പാപ്പ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊളംബിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റിന് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് പാപ്പ തന്റെ അനുശോചനം അറിയിച്ചത്.

കൊളംബിയയുടെ വിവിധ ഭാഗങ്ങളിൽ നാശം വിതച്ച ഭൂകമ്പത്തെ തുടർന്ന് ലെയോ മാർപാപ്പ തന്റെ ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിക്കുകയും മരിച്ചവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കായും ദുരന്തബാധിതരുടെ വേഗത്തിലുള്ള സുഖം പ്രാപിക്കലിനായും പ്രാർഥിക്കുകയും ചെയ്തു. കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയത്രോ പരോളിൻ ഒപ്പുവച്ച ഈ സന്ദേശം, കൊളംബിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റും കാർതജീനയിലെ ആർച്ച്ബിഷപ്പുമായ ഫ്രാൻസിസ്കോ ജാവിയർ മുനേര കോറെയയ്ക്കാണ് അയച്ചത്.

ഓഗസ്റ്റ് പത്തിന് രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഇരുനൂറിലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ദൈവാലയങ്ങൾ ഉൾപ്പെടെ വലിയ തോതിലുള്ള നാശനഷ്ടങ്ങളും ഭൂകമ്പം മൂലം ഉണ്ടായി. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന എല്ലാവർക്കും നന്ദി അറിയിച്ച പരിശുദ്ധ പിതാവ്, തന്റെ ആത്മീയസാമീപ്യം അവർക്ക് ഉറപ്പുനൽകുകയും ചെയ്തു.

പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ, കൊളംബിയയിലെ ജനങ്ങൾക്ക് ആത്മീയകരുത്തും ക്രൈസ്തവപ്രത്യാശയും പ്രധാനം ചെയ്യണമെന്ന് കർത്താവിനോട് അപേക്ഷിച്ച മാർപാപ്പ തന്റെ ഹൃദയം നിറഞ്ഞ അപ്പസ്തോലിക് ആശീർവാദവും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.