
ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദികന്റെ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽപ്പാളയത്തിൽ വച്ച് രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറാണ് ആ വൈദികൻ.
1915 ഫെബ്രുവരി 28-ന് ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ റീസിലാണ് കാൾ ലീസ്നർ ജനിച്ചത്. 1921-ൽ കുടുംബം ക്ലീവിലേക്ക് താമസം മാറ്റി. അവിടെ കാൾ പ്രാഥമിക സ്കൂള്‍വിദ്യാഭ്യാസം ആരംഭിച്ചു. 1925-ൽ ഹൈസ്കൂളിൽ പഠനം തുടങ്ങിയ കാൾ, ഇക്കാലഘട്ടത്തിൽ ഒരു പുരോഹിതനുമായി സൗഹൃദത്തിലായി. അദ്ദേഹത്തിന്റെ ജീവിതം ആ കൗമാരക്കാരനെ ആകർഷിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹം ആദ്യം പൊട്ടിമുളയ്ക്കുന്നത് ആ സൗഹൃദത്തിലാണ്.
വേദപാഠ – കായികാധ്യാപകനായിരുന്ന ആ പുരോഹിതന്റെ പേര് വാൾട്ടർ വിന്നൻബെർഗ് എന്നായിരുന്നു. യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന കാൾ, 1934-ല്‍ ക്ലീവ്, ഗോച്ച് എന്നീ ഫെറോനകളിലെ യുവജനപ്രസ്ഥാനത്തിന്റെ നേതാവായി. അതേവർഷം തന്നെ ഹൈസ്കൂൾ പഠനവും (Abitur) പൂർത്തിയാക്കി. പുരോഹിതനാകാനുള്ള ആഗ്രഹത്തോടെ കാൾ, മൂൺസ്റ്ററിൽ ദൈവശാസ്ത്രപഠനം ആരംഭിച്ചു. 1934 മെയ് 1-ന് തന്റെ ഡയറിയിൽ ഇപ്രകാരം എഴുതി: “ക്രിസ്തു – നീയാണ് എന്റെ അഭിനിവേശം.”
യുവനേതാവിന്റെ ഗുണങ്ങളെ തിരിച്ചറിഞ്ഞ മൂൺസ്റ്റർ ബിഷപ്പ് ക്ലെമെൻസ് ആഗസ്റ്റ്, 19-കാരനായ കാളിനെ “രൂപത യുവജനപ്രസ്ഥാനത്തിന്റെ നേതാവാക്കി.” അക്കാലത്ത് രൂപതയിലെ യൂത്ത് ഗ്രൂപ്പിൽ 30,000-ത്തിലധികം ആൾബലം ഉണ്ടായിരുന്നു.
1936-ൽ കാൾ ലൈസ്നർ രണ്ട് സെമസ്റ്ററുകളുടെ തുടർപഠനത്തിനായി ഫ്രൈബുർഗ് സർവകലാശാലയിലേക്കു മാറി. അവിടെ കാൾ, താൻ അതിഥിയായി താമസിച്ചിരുന്ന കുടുംബത്തിലെ മൂത്തമകളായ എലിസബത്തിനെ കണ്ടുമുട്ടി, ഇരുവരും പ്രണയത്തിലായി. 1937 ഒക്ടോബറിൽ കാൾ, ക്ലീവിലുള്ള മാതാപിതാക്കളുടെ അടുത്തേക്കു മടങ്ങി. മാതാപിതാക്കളോട് എലിസബത്തുമായുള്ള പ്രേമബന്ധത്തെക്കുറിച്ചു സംസാരിച്ചു. കാൾ എന്ത് തീരുമാനമെടുത്താലും മാതാപിക്കാൾ സഹായം വാഗ്ദാനംചെയ്തു. നീണ്ടനാളത്തെ പ്രാർഥനകൾക്കും വിചിന്തനങ്ങൾക്കുമൊടുവിൽ കാൾ ഒരു പുരോഹിതനാകാൻ തീരുമാനിക്കുകയും എലിസബത്തുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
1939 മാർച്ച് മാസത്തിൽ ബിഷപ്പ് ക്ലെമെൻസ് ആഗസ്റ്റ് വോൺ ഗാലെൻ, കാളിന് ഡീക്കൻപട്ടം നൽകി. അധികം താമസിയാതെ, 24 വയസ്സുകാരനായ കാളിന് ശ്വാസകോശത്തിൽ ക്ഷയരോഗം സ്ഥിരീകരിച്ചു. ഷ്വാർസ് വാൾഡിലെ സാനിറ്റോറിയത്തിലായിരുന്നു തുടർചികിത്സ. ചുരുങ്ങിയ കാലയളവിലെ ചിട്ടയായ ചികിത്സ കാളിന് വേഗത്തിൽ രോഗശാന്തി സമ്മാനിച്ചു. ക്രിസ്തുമസിനുമുമ്പ് പുരോഹിതനാകാൻ കാൾ ലെയ്‌സ്‌നർ അതിയായി ആഗ്രഹിച്ചു.
സാനിറ്റോറിയത്തിൽ ആയിരിക്കുമ്പോൾ 1939 നവംബർ 8-ന് ഹിറ്റ്‌ലറിനെതിരായ എൽസറിന്റെ കൊലപാതകശ്രമം പരാജയപ്പെട്ടത് കാൾ അറിഞ്ഞു. അതു കേട്ടപ്പോൾ “അയ്യോ സംഭവിച്ചില്ലല്ലോ” എന്ന കാളിന്റെ മറുപടി ഒരു സഹരോഗി ഹിറ്റ്ലറിന്റെ രഹസ്യപോലീസായ ഗസ്റ്റപ്പോയിൽ റിപ്പോർട്ട് ചെയ്തു; ഉടനെ കാളിനെ അറസ്റ്റ് ചെയ്തു.
1940 ഡിസംബറിൽ ആദ്യം ബെർലിനിലെ സാക്സൺ ഹൗസിലും പിന്നീട് മ്യൂണിക്കിലെ ദാഹാവ് തടങ്കൽപ്പാളയത്തിലേക്കും കാൾ ലൈസനറെ മാറ്റി. ദാഹാവിലെത്തിയ ഡീക്കൻ കാളിന്റെ രജിസ്റ്റർ നമ്പർ 22356 ആയിരുന്നു. ഡീക്കൻ ആയിരുന്നതിനാൽ പുരോഹിതന്മാർ താമസിച്ചിരുന്ന ബ്ലോക്കിലാണ് കാൾ കഴിഞ്ഞിരുന്നത്. ആ സമയത്ത് ദാഹാവ് തടങ്കൽപ്പാളയത്തിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 2,700 പുരോഹിതന്മാർ താമസിച്ചിരുന്നു. അതില്‍ 1,072 പുരോഹിതന്മാർ അവിടെത്തന്നെ മരണത്തിനു കീഴടങ്ങി.
1944 സെപ്റ്റംബറിൽ ക്ലർമോണ്ട് – ഫെറാണ്ടിൽ നിന്നുള്ള ഫ്രഞ്ച് ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റ് ദഹാവിൽ തടവുകാരനായെത്തി. “പ്രീസ്റ്റ് ബ്ലോക്കിലെ” പുരോഹിതന്മാർ 29-കാരനായ കാൾ ലൈസനറിനു തിരുപ്പട്ടം നൽകാനുള്ള ക്രമീകരണങ്ങൾ നടത്തി. വളരെ രഹസ്യമായി, മൂൺസ്റ്റർ ബിഷപ്പ് ക്ലെമെൻസ് ഓഗസ്റ്റ് വോൺ ഗാലെനിൻ നിന്നും മ്യൂണിക്ക് ആർച്ചുബിഷപ്പ് കർദിനാൾ ഫൗൾഹാബറിൽ നിന്നും തിരുപ്പട്ടം സ്വീകരിക്കുന്നതിനുള്ള അനുവാദം വാങ്ങി. 1944 ഡിസംബർ 17-ന് ആഗമനകാലത്തെ മൂന്നാമത്തെ ഞായറാഴ്ച കാൾ ലൈസനറുടെ ജീവിതസ്വപ്നം യാഥാർഥ്യമായി. പ്രീസ്റ്റ് ബ്ലോക്കിലെ ചാപ്പലിൽ ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റ് കാളിനെ ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷേകം ചെയ്തു. ലോകമെമ്പാടുമുള്ള നിരവധി പുരോഹിത തടവുകാർ ലൈസറിനെ കൈവച്ച് അനുഗ്രഹിച്ചു. ഡിസംബർ 26-ന് വി. സ്റ്റീഫന്റെ തിരുനാൾദിനത്തിൽ കാൾ തന്റെ പ്രഥമ ദിവ്യബലി അർപ്പിച്ചു.
അമേരിക്കൻ സൈന്യം 1945 മെയ് മാസത്തിൽ ദാഹാവ് ക്യാമ്പ് വിമോചിപ്പിക്കുമ്പോൾ ഫാ. കാൾ വീണ്ടും തീവ്രരോഗിയായിരുന്നു. മ്യൂണിക്കിനടുത്തുള്ള പ്ലാനെഗ് ഫോറസ്റ്റ് സാനിറ്റോറിയത്തിലാണ് പിന്നീട് അദ്ദേഹം ചിലവഴിച്ചത്. അവിടെ വച്ച് തന്റെ അമ്മയെയും സഹോദരിമാരെയും ഒരിക്കൽക്കൂടി കാണാൻ കാളിനു ഭാഗ്യം ലഭിച്ചു. 1945 ആഗസ്റ്റ് 12-ന് ആ വിശുദ്ധ വൈദികന്റെ പാവനാത്മാവ് നിത്യസമ്മാനം സ്വീകരിക്കാനായി പിതൃഭവനത്തിലേക്കു യാത്രയായി.
1945 ജൂലൈ 25-ന് കാൾ ലൈസനർ തന്റെ ഡയറിയിൽ അവസാനമായി ഇപ്രകാരം കുറിച്ചു: “ഓ അത്യുന്നതനേ, എന്റെ ശത്രുക്കളെയും അനുഗ്രഹിക്കണമേ.” ജർമ്മൻ ഗവൺമെൻറ് ഫാ. കാൾ ലൈസനറിന്റെ ബഹുമാനാർഥം 2015-ല്‍ പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ ഈ വാക്കുകൾ ആലേഖനം ചെയ്തിട്ടുണ്ട് (Segne auch, höchster, meine feinde!).
ഫാ. കാൾ ലൈസ്നറുടെ മൃതദേഹം 1945 ആഗസ്റ്റ് 20-ന് ക്ലീവിൽ സംസ്കരിച്ചു. 1966-ല്‍ പൂജ്യവശിഷ്ടങ്ങൾ സാന്റൻ കത്തീഡ്രലിലെ ക്രിപ്റ്റിൽ അടക്കം ചെയ്തു. 1996 ജൂൺ 23-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ബെർലിൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ കാൾ ലൈസനറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ഫാ. ജയ്സൺ കുന്നേൽ MCBS




