രക്താർബുദത്തെ വിശ്വാസത്തോടെ നേരിട്ട സ്പാനിഷ് യുവതിയുടെ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു

23-ാം വയസ്സിൽ രക്താർബുദം ബാധിച്ച് മരണമടഞ്ഞ ദൈവദാസി എലീന കലേറോയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നവംബർ 22-ന് ആരംഭിക്കും. 2014 നവംബർ 20-ന് 23-ാം വയസ്സിൽ ലുക്കീമിയ ബാധിച്ച് മരിച്ചതിനു ശേഷം അവളുടെ ഡയറി കണ്ടെത്തിയിരുന്നു. തന്റെ രോഗവും സഹനങ്ങളും വൈദികർക്കും സമർപ്പിത ജീവിതത്തിനുള്ള ദൈവവിളികൾക്കുമായി സമർപ്പിച്ചതായി അവൾ ആ ഡയറിത്താളുകളിൽ കുറിച്ചിട്ടുണ്ട്.

“നമ്മൾ എല്ലാം ദൈവമഹത്വത്തിനായി ചെയ്യുകയാണെങ്കിൽ, അവിടുന്ന് തന്നെ നമുക്ക് ശക്തി നൽകുകയും, നമ്മുടെ ഹൃദയങ്ങളെ അവിടുത്തെ സ്നേഹത്താൽ ജ്വലിപ്പിക്കുകയും, അവിടുത്തോടൊപ്പം നാം സഞ്ചരിക്കേണ്ട പാത നമുക്ക് കാണിച്ചുതരികയും ചെയ്യും. നാം ക്രിസ്തുവിനോടൊപ്പമാണ് നടക്കുന്നത്, നാം ഒറ്റയ്ക്കല്ല; അതിലുപരി കർത്താവ് നമുക്ക് മുൻപേ നടക്കുന്നു. കർത്താവേ, അങ്ങയുടെ വിളിയോട് ഞങ്ങൾ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കട്ടെ. കർത്താവേ, അങ്ങയ്ക്ക് ഞങ്ങൾ അപ്പക്കഷണങ്ങളല്ല നൽകേണ്ടത്, മറിച്ച് അങ്ങയുടെ ശുദ്ധമായ കൃപയാലും സൗജന്യമായ സ്നേഹത്താലും അങ്ങയുടെ മക്കളായ ഞങ്ങൾക്കു വേണ്ടി പിതാവായ ദൈവത്തിന് അങ്ങ് സ്വയം പൂർണ്ണമായി സമർപ്പിച്ചതുപോലെ, ഞങ്ങളും അങ്ങേയ്ക്ക് പൂർണ്ണമായി സ്വയം സമർപ്പിക്കട്ടെ,” ഡയറിയിൽ എലീന എഴുതി.

ഈ എഴുത്തുകളും, വിശുദ്ധിയുടെ പരിവേഷത്തോടെ അവൾ കടന്നുപോയ ഭൗമിക ജീവിതത്തിലെ മറ്റ് ഒട്ടനവധി കാര്യങ്ങളുമാണ് അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് വഴിതെളിച്ചത്. ഈ സ്പാനിഷ് യുവതിയുടെ സ്വദേശമായ അൽകാല ഡി ഹെനാരസ് (Alcalá de Henares) കത്തീഡ്രലിൽ വച്ച് നവംബർ 22-ന് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.

അവളുടെ വിശുദ്ധ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്ന തെളിവുകൾ ശേഖരിക്കുക, നാമകരണ നടപടികൾ ആരംഭിക്കുന്നതിനായി രൂപതാ മെത്രാന്റെ അംഗീകാരം നേടുക, വത്തിക്കാന്റെ അനുമതി തേടുക എന്നിവയടങ്ങിയ പ്രാരംഭ ഘട്ടം പൂർത്തിയായ ശേഷമായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുക.

അന്വേഷണം പൂർത്തിയാക്കി എല്ലാ വിവരങ്ങളും സമാഹരിച്ചു കഴിഞ്ഞാൽ, രേഖകളുടെ സമാഹാരം റോമിലെ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയിലേക്ക് അയക്കും. ഇതോടെ നടപടികളുടെ റോമൻ ഘട്ടത്തിന് തുടക്കമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.