
സ്പെയിനിലെ മോന്തെയാഗുദോയിലുള്ള ഒരു ആശ്രമത്തിൽ വച്ച് 1906 ഓഗസ്റ്റ് 19-നാണ് വി. എസെക്കിയേൽ മൊറേനോ മരണമടഞ്ഞത്. അർബുദ ബാധിതനായി ആണ് അദ്ദേഹം മരണമടയുന്നത്. എന്നാൽ ആ രോഗം പിന്നീട് അനേകർ ആശ്വാസത്തിനും രോഗശാന്തിക്കുമായി അദ്ദേഹത്തെ സമീപിക്കുന്നതിനുള്ള കാരണമായി മാറി. മിഷനറിയും മെത്രാനും ആത്മീയ പിതാവുമായിരുന്ന അദ്ദേഹം ഇന്ന് അർബുദരോഗികളുടെ മധ്യസ്ഥനായ വിശുദ്ധനായി വണങ്ങപ്പെടുന്നു.
1848-ൽ സ്പെയിനിലെ റിയോജ (Rioja) മേഖലയിലുള്ള അൽഫാരോ (Alfaro) എന്ന ചെറുപട്ടണത്തിലാണ് എസെക്കിയേൽ മൊറേനോ ജനിച്ചത്. 17-ാം വയസ്സിൽ അദ്ദേഹം മോന്തിയാഗുദോയിലെ അഗസ്തീനിയൻ റിക്കൊലക്ട്സ് (Augustinian Recollects) സഭയിൽ ചേരുകയും പ്രാർഥനയുടെയും ലാളിത്യത്തിന്റെയും സേവനത്തിന്റെയും ജീവിതം സ്വീകരിക്കുകയും ചെയ്തു.
1871-ൽ ഫിലിപ്പീൻസിലേക്ക് അയക്കപ്പെട്ട അദ്ദേഹം, വിദൂര ഗ്രാമങ്ങളിലുള്ള സമൂഹങ്ങളിലേക്ക് സുവിശേഷമെത്തിക്കുന്നതിനും അവരുടെ വിശ്വാസത്തെയും രോഗങ്ങളെയും പരിചരിക്കുന്നതിനുമായി 15 വർഷം ചെലവഴിച്ചു. പിന്നീട് കൊളംബിയയിലേക്ക് യാത്ര തിരിച്ച അദ്ദേഹം, സഭയുടെ മിഷൻ പ്രവർത്തനങ്ങൾ പുനർനിർമ്മിക്കുന്നതിനായി അക്ഷീണം പ്രയത്നിക്കുകയും ഒടുവിൽ പാസ്റ്റോ (Pasto) രൂപതയുടെ മെത്രാനായി നിയമിതനാകുകയും ചെയ്തു.
അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം അദ്ദേഹത്തിന്റെ അനുകമ്പയെക്കുറിച്ച് വാചാലരായിട്ടുണ്ട്. രോഗികളെ സന്ദർശിക്കാനും പാവപ്പെട്ടവരെ ആശ്വസിപ്പിക്കാനും ക്രിസ്തുവിൽ കണ്ടെത്താനാകുന്ന പ്രത്യാശയെക്കുറിച്ച് സംസാരിക്കാനും അദ്ദേഹം ഒരിക്കലും മടിച്ചില്ല. അർബുദം തന്റെ ശരീരത്തെ കാർന്നുതിന്നുമ്പോഴും, സ്വന്തം സഹനത്തെ ക്രിസ്തുവിന്റെ പീഡാസഹനത്തോടുള്ള ഐക്യപ്പെടലായി കണ്ടുകൊണ്ട് അദ്ദേഹം തന്റെ രോഗത്തെ ശാന്തതയോടെ സ്വീകരിച്ചു.
“വിശ്വാസത്തോടെ സമർപ്പിക്കുമ്പോൾ വേദന സ്നേഹത്തിന്റെ ഒരു വിദ്യാലയമായി മാറും,” അദ്ദേഹം ഒരിക്കൽ ഒരു സുഹൃത്തിനോട് പറഞ്ഞു.
അദ്ദേഹത്തിന്റെ മരണശേഷമാണ്, പ്രത്യേകിച്ച് അർബുദരോഗികൾക്കിടയിൽ അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം വഴിയുള്ള രോഗശാന്തിയുടെ ആദ്യ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഇതിൽ ഏറ്റവും അസാധാരണമായ സംഭവം കൊളംബിയയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1986-ൽ മരിയ ഹെസൂസ് ഞാന്യസ് (María Jesús Ñáñez) എന്ന സ്ത്രീ, അദ്ദേഹത്തോട് പ്രാർഥിച്ചതിനെത്തുടർന്ന് മാരകമായ സ്തനാർബുദത്തിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചു. വൈദ്യശാസ്ത്രത്തിന് അവരുടെ രോഗശാന്തി വിശദീകരിക്കാനായില്ല. വർഷങ്ങൾക്ക് ശേഷം, 1992-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച അദ്ഭുതമായി സഭ ഈ രോഗശാന്തിയെ അംഗീകരിച്ചു.
ഇന്നും കൊളംബിയയിലെ ഫുണ്ടാസിയോൺ സാൻ എസെക്കിയേൽ മൊറേനോ (FUSEM) പോലുള്ള സ്ഥാപനങ്ങളിലൂടെ അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുന്നു. അഗസ്തീനിയൻ റിക്കൊലക്ട് സോളിഡാരിറ്റി നെറ്റ്വർക്കായ ‘ആർക്കോർസ്’ (ARCORES) ആണ് ഇതിന് പിന്തുണ നൽകുന്നത്. അർബുദരോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഭക്ഷണവും മരുന്നും ആത്മീയ പരിചരണവും നൽകിക്കൊണ്ട്, വിശുദ്ധന്റെ അനുകമ്പയുടെ ചൈതന്യം ഈ സ്ഥാപനം പ്രാവർത്തികമാക്കുന്നു.
വിശുദ്ധി എന്നത് സഹനങ്ങളിൽ നിന്ന് മാറിനിൽക്കുന്ന ഒന്നല്ല, മറിച്ച് പലപ്പോഴും സഹനങ്ങളിലൂടെ ജീവിക്കുന്ന ഒന്നാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. രോഗത്തിന്റെ കഠിനമായ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് വിശുദ്ധ എസെക്കിയേൽ എന്നും ധൈര്യം പകരുന്ന ഒരു സഹയാത്രികനാണ് — വേദനയുടെ നടുവിലും വിശ്വാസത്തിന് രോഗശാന്തിയും പ്രത്യാശയും പകരാൻ കഴിയുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണദ്ദേഹം.




