ജീവിതത്തെ മാറ്റി മറിച്ച കാൻസർ രോഗം; തളരാതെ പറന്നുയർന്ന് കെയ്റ്റ് മിഡിൽട്ടൻ

തിരക്കുകൾ നിറഞ്ഞ ദിവസങ്ങൾ. രാജ്യത്തിനകത്തും പുറത്തുമായി ഉള്ള ഔദ്യോഗിക സന്ദർശനങ്ങൾ. മക്കളുടെ പഠനവും അവരെ വളർത്തുന്ന തിരക്കുകളും. വെയിൽസിലെ രാജ്ഞിയായ കെയ്റ്റ് മിഡിൽട്ടന്റെ യൗവന കാലത്തെ ജീവിതം ഇപ്രകാരം ആയിരുന്നു. എന്നാൽ ഈ തിരക്കുകളോടെല്ലാം അവർക്ക് ഒരു ദിവസം താൽക്കാലികമായി എങ്കിലും വിട പറയേണ്ടതായി വന്നു. കാരണം ആ സമയം ആയിരുന്നു അവർക്ക് കാൻസർ കണ്ടെത്തിയത്.

എത്ര വലിയ മനുഷ്യനെയും ഒരു നിമിഷം കൊണ്ട് നിശ്ചലനാക്കാൻ കഴിയുന്ന ഒരു രോഗം. എന്നാൽ ആ രോഗത്തിന്റെ അവസ്ഥയിൽ തളരുകയല്ല കെയ്റ്റ് മിഡിൽട്ടൻ ചെയ്തത്. ജീവിതത്തിന്റെ തിരക്കുകൾ കുറച്ച് പ്രത്യാശയോടെ ആയിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾത്തന്നെ തന്റെ രോഗമുക്തി അത്ര എളുപ്പവും വേഗത്തിൽ ഉള്ളതും ആയിരിക്കില്ല എന്ന് അവർ തിരിച്ചറിഞ്ഞു. അതിനാൽ തന്നെ ശാന്തമായി ഇരിക്കാനാണ് അവർ ശ്രമിച്ചത്. പരിഭവങ്ങളോ പരാതികളോ ഇല്ലാതെ ഓരോ ദിവസത്തെയും സ്വാഭാവികമായി തന്നെ അവർ നേരിട്ടു.

ചികിത്സയുടെ ചില ദിവസങ്ങൾ കഠിനമായിരുന്നു. ചില ദിവസങ്ങൾ ആശ്വാസകരവും. ആ സമയങ്ങളിൽ ഒക്കെ ശാന്തമായി പ്രകൃതിയോട് ചേർന്നിരിക്കുവാൻ കെയ്റ്റ് പ്രത്യേകം ശ്രമിച്ചു. തന്റെ കുട്ടിക്കാലത്ത് പ്രകൃതിയോട് ചേർന്നും അരുവികൾ കണ്ടും പുൽതകിടിയിൽ കളിച്ചും നടന്നത് ഈ സമയത്ത് അവർ ഓർത്തു. അതെ നിഷ്കളങ്കതയോടെ തിരക്കുകൾ ഒന്നുമില്ലാതെ വീണ്ടും കെയ്റ്റ് പ്രകൃതിയോട് ചേർന്ന് നില്ക്കാൻ ആരംഭിച്ചു.

ഏത് പുതിയ വളർച്ചയ്ക്കും മുമ്പ് കുറച്ചുകാലം വിശ്രമവും ശാന്തമായിരിക്കുന്നതും ആവശ്യമാണെന്നു അവർ വൈകാതെ തിരിച്ചറിഞ്ഞു. പൊതുജീവിതത്തിൽ എപ്പോഴും ആളുകളുടെ സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും മാധ്യമ ശ്രദ്ധയ്ക്കും വിധേയയാവുന്ന ഒരാളെന്ന നിലയിൽ, തന്നെ യാതൊരുവിധ പ്രതീക്ഷകളോടും മുൻവിധികളോടോ ഇല്ലാതെ സ്വീകരിക്കുന്ന ഒരേയൊരു ഇടം പ്രകൃതിയാണെന്ന് രോഗത്തിൻെറ സമയങ്ങളിൽ അവർ മനസിലാക്കി. മരങ്ങളും കാടുകളും തന്റെ വസ്ത്രധാരണമോ പൊതുവേദികളിലെ പെരുമാറ്റമോ നോക്കി വിധിക്കുന്നില്ല. അവിടെ തനിക്ക് യാതൊരുവിധ സാമൂഹിക സമ്മർദവുമില്ലാതെ ജീവിക്കാൻ കഴിയുന്നുവെന്ന് അവർ പറയുന്നു. അങ്ങനെ പ്രകൃതി അവരുടെ ഏറ്റവും സുരക്ഷിതമായ ഒരു ‘സങ്കേതമായി’ (Sanctuary) മാറുകയായിരുന്നു. അതിനാൽ തന്നെ ഇന്ന് തന്റെ മക്കളായ ജോർജ്ജ്, ഷാർലറ്റ്, ലൂയിസ് എന്നിവരും യാതൊരുവിധ ബാഹ്യ നിയന്ത്രണങ്ങളുമില്ലാതെ പ്രകൃതിയെ തൊട്ടറിഞ്ഞ് വളരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.

ഒപ്പം സൗഖ്യമാകുക എന്നതിലേക്ക് രോഗിയായ ഒരു വ്യക്തിയുടെ യാത്ര ഒറ്റയ്ക്കല്ലെന്നും അതിനു കൈപിടിക്കാൻ ഒരുപാട് ആളുകൾ ശ്രമിച്ചിട്ടുണ്ടെന്നും കെയ്റ്റ് രാജ്ഞി തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്റെ ജീവിതത്തിൽ കടന്നുവന്ന ആ കഠിനമായ പരീക്ഷണഘട്ടങ്ങളിൽ താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ടവരെയും മറ്റുള്ളവരെ സഹായിക്കാൻ മുന്നോട്ടുവരുന്ന മനുഷ്യരെയും ഈ വർഷത്തെ ക്രിസ്മസ് വേളയിൽ ആദരിക്കാനൊരുങ്ങുകയാണ് രാജകുമാരി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.