ലത്തീൻ നവംബർ 19 ലൂക്കാ 19: 41-44 ദൈവിക സന്ദർശനം

“നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്മേല്‍ കല്ല്  ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശനദിനം നീ അറിഞ്ഞില്ല” (ലൂക്കാ 19:44).

പഴയനിയമത്തിൽ ‘ദൈവം മനുഷ്യനെ സന്ദർശിച്ചു’ എന്നുപറയുമ്പോൾ അത് അർഥമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നാമതായി, മംഗളവാർത്ത പ്രഘോഷണം. ഉദാഹരണത്തിന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പുത്രൻ ജനിക്കുന്നു എന്ന മംഗളവാർത്ത അറിയിക്കാനായി ദൈവം അബ്രാഹത്തെ സന്ദർശിക്കുന്നു. രണ്ടാമതായി, വിധി. പാപകലുഷിതമായ സോദോം-ഗൊമോറാ പട്ടണങ്ങളെ ശിക്ഷിക്കാനായി എത്തുന്ന ദൈവം.

യേശുവിലൂടെയുള്ള ദൈവത്തിന്റെ സന്ദർശനം ദർശിക്കാത്ത ജെറുസലേം നിവാസികളെക്കുറിച്ചുള്ള വിലാപവും ആഗതമാകുന്ന ജെറുസലേം നഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള യേശുപ്രവചനവുമാണ് സുവിശേഷസാരം.

എ.ഡി. 70 ൽ റോമൻ ജനറൽ ടൈറ്റസ് ജെറുസലേം നഗരവും ദൈവാലയവും നശിപ്പിച്ചപ്പോൾ യേശുപ്രവചനം അന്വർഥമായി. പക്ഷെ, യേശുവിൽ അവർ ദൈവത്തെ ദർശിച്ചിരുന്നെങ്കിൽ അപ്രകാരം നാശം സംഭവിക്കില്ലായിരുന്നു എന്ന വിലാപവും സുവിശേഷത്തിലുണ്ട്.

ദിവ്യകാരുണ്യത്തിൽ അപ്പത്തിലും വചനത്തിലും സംസർഗത്തിലും (ദൈവമക്കളുടെ) ദൈവം ക്രൈസ്തവനെ സന്ദർശിക്കുന്നു. ഒപ്പം സഹായം അർഹിക്കുന്നവരിലൂടെയും.

ദൈവത്തിന്റെ സന്ദർശനാനുഭവം മനുഷ്യരിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്നുവെങ്കിൽ രക്ഷയും അല്ലെങ്കിൽ ശിക്ഷയും  മനുഷ്യജീവിതത്തിൽ സംഭവ്യം. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.