സീറോ മലബാര്‍ പള്ളിക്കൂദാശാക്കാലം മൂന്നാം വ്യാഴം നവംബർ 19 മത്തായി 13: 10-23 ഫലം പുറപ്പെടുവിക്കുന്നവരാകുക

“വചനം കേട്ട് ഗ്രഹിക്കുന്നവനാണ് നല്ല നിലത്തു വീണ വിത്ത്. അവന്‍ നൂറുമേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു” (23). ഏതു മണ്ണിൽ വിതയ്ക്കപ്പെട്ടവരാണ് നമ്മൾ എന്നു ധ്യാനിക്കുന്നത് നല്ലതാണ്. നമ്മുടെ കുടുംബ-സാമൂഹ്യപശ്ചാത്തലങ്ങൾ നല്ലതല്ലായിരുന്നു എന്ന ചിന്ത ചിലപ്പോൾ നമുക്കുണ്ടായേക്കാം. എന്നാല്‍ ഓർമ്മിക്കുക, ദൈവത്തിന്റെ പ്രത്യേക ഇടപെടൽ കൊണ്ടാണ് നാം ഇപ്പോൾ ആയിരിക്കുന്ന ഈ സാഹചര്യത്തിലിരിക്കുന്നത്. ദൈവത്തിന്റെ പദ്ധതിപ്രകാരമുള്ള കാര്യങ്ങളാണ്‌ നമ്മുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നാം ആകുന്ന വിത്ത് വീണ മണ്ണ്, നല്ല മണ്ണ് തന്നെയാണ്. അങ്ങനെ തന്നെ വിശ്വസിക്കുക. എവിടെയാണെങ്കിലും അവിടെ നൂറുമേനി ഫലം പുറപ്പെടുവിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കുടുംബജീവിതമോ, ഏകസ്ഥജീവിതമോ, വൈദികജീവിതമോ, സന്ന്യാസജീവിതമോ ഏതു ജീവിതാവസ്ഥയാണെങ്കിലും നൂറുമേനി ഫലം പുറപ്പെടുവിക്കുക. നാമാകുന്ന വിത്തിനെക്കുറിച്ചുള്ള വിതക്കാരന്റെ സ്വപ്നം അതാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.