
ജീവിതത്തിൽ അപ്രതീക്ഷിതമായ ദുരന്തങ്ങളും വേദനകളും കടന്നുവരുമ്പോൾ മനുഷ്യമനസ്സ് ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: “എന്തുകൊണ്ട്?” എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് നല്ലവർക്ക് ഇത്രയധികം കഷ്ടപ്പാടുകൾ ഉണ്ടാകുന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് പലപ്പോഴും കൃത്യമായ മറുപടികൾ ലഭിക്കാറില്ല. ആകാശത്തേക്കു നോക്കി നാം ചോദിക്കുന്ന ചോദ്യങ്ങൾ പലപ്പോഴും നിശ്ശബ്ദതയുടെ മതിലുകളിൽ തട്ടി പ്രതിധ്വനിക്കുക മാത്രമാണ് ചെയ്യുന്നത്.
വിഖ്യാത റഷ്യൻ നോവലിസ്റ്റ് ഫിയോദർ ദസ്തയേവ്സ്കിയുടെ ‘കരമസോവ് സഹോദരന്മാർ’ (The Brothers Karamazov) എന്ന കൃതിയിൽ ഈ ചോദ്യം വളരെ തീവ്രമായി ഉന്നയിക്കപ്പെടുന്നുണ്ട്. നോവലിലെ ഇവാൻ കരമസോവ് എന്ന കഥാപാത്രത്തിലൂടെയാണ് ദസ്തയേവ്സ്കി ദൈവത്തിന്റെ നീതിയെയും ലോകത്തിലെ കഷ്ടപ്പാടുകളെയും ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ചും, നിഷ്കളങ്കരായ ചെറിയ കുട്ടികൾ അനുഭവിക്കുന്ന ക്രൂരമായ വേദനകൾക്ക് എന്ത് ന്യായീകരണമാണുള്ളതെന്ന് അയാൾ ചോദിക്കുന്നു. ഈ ലോകത്ത് എല്ലാത്തിനും പിന്നീട് ഉത്തരം ലഭിക്കുമെന്നു പറഞ്ഞാൽപോലും, ആ കുട്ടികളുടെ കണ്ണീരിന് പകരമാവില്ലെന്ന് ഇവാൻ വാദിക്കുന്നു. മനുഷ്യയുക്തിക്ക് അതീതമായ ഈ പ്രപഞ്ചരഹസ്യങ്ങളെയും വിശ്വാസത്തിലെ പ്രതിസന്ധികളെയും ദസ്തയേവ്സ്കി ഇതിലൂടെ ശക്തമായി അവതരിപ്പിക്കുന്നു.
ജർമൻ കവി റെയ്നർ മരിയ റിൽക്കെയുടെ ‘ഒരു യുവ കവിക്കുള്ള കത്തുകൾ’ (Letters to a Young Poet) എന്ന പുസ്തകത്തിൽ മനോഹരമായ മറ്റൊരു കാഴ്ചപ്പാട് നമുക്ക് കാണാൻ സാധിക്കും. ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും ഉത്തരമില്ലാത്ത ചോദ്യങ്ങളെയും ഭയപ്പെടാതെ അവയോടൊപ്പം ജീവിക്കാൻ റിൽക്കെ ഉപദേശിക്കുന്നു. ചോദ്യങ്ങളെത്തന്നെ സ്നേഹിക്കുക എന്ന അദ്ദേഹത്തിന്റെ ആശയം, മനുഷ്യൻ നേരിടുന്ന മാനസിക സംഘർഷങ്ങൾക്ക് വലിയൊരു ആശ്വാസമാണ് നൽകുന്നത്. പെട്ടെന്ന് ഉത്തരങ്ങൾ കണ്ടെത്തുന്നതിനേക്കാൾ, ആ ചോദ്യങ്ങളിലൂടെയുള്ള ജീവിതയാത്രയാണ് പ്രധാനമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. റിൽക്കെയുടെ ഈ വാക്കുകൾ നമ്മുടെ അസ്വസ്ഥമായ മനസ്സിന് വലിയൊരു തിരിച്ചറിവാണ് നൽകുന്നത്. എല്ലാ ചോദ്യങ്ങൾക്കും ഉടനടി ഉത്തരം ലഭിക്കണമെന്ന വാശി ഉപേക്ഷിക്കുമ്പോഴാണ് നാം ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ സ്വീകരിക്കാൻ തുടങ്ങുന്നത്.
“എന്റെ ചിന്തകള്‍ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതു പോലെയുമല്ല. ആകാശം ഭൂമിയേക്കാള്‍ ഉയര്ന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാള്‍ ഉന്നതമത്രെ” (ഏശയ്യ 55:8-9) എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ നമ്മുടെ മനസ്സിലുണ്ടായിരിക്കണം.
ബൈബിളിലെ ജോബിന്റെ പുസ്തകം നമുക്കു നൽകുന്ന പാഠവും ഇതു തന്നെയാണ്. തന്റെ സകലതും നഷ്ടപ്പെട്ട ജോബ് ദൈവത്തോട് നിരവധി ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ, ദൈവം ജോബിന്റെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകുന്നതിനു പകരം, പ്രപഞ്ചത്തിന്റെ മഹത്വവും ദൈവത്തിന്റെ അനന്തമായ ജ്ഞാനവും ജോബിന് കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾക്കു മുന്നിലും ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കാൻ പഠിക്കുന്നതാണ് യഥാർഥ വിശ്വാസമെന്ന് ഇതിലൂടെ തെളിയുന്നു.
പ്രായോഗികം
നിങ്ങളുടെ ജീവിതത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ഏറ്റവും വലിയ മൂന്ന് ചോദ്യങ്ങൾ ഇന്ന് എഴുതുക. എന്നിട്ട് അവയുടെ താഴെ ഇങ്ങനെ കുറിക്കുക: “ഇവയ്ക്കുള്ള ഉത്തരം എനിക്ക് ഇപ്പോൾ അറിയില്ലെങ്കിലും, എല്ലാം നന്മയ്ക്കായി മാറ്റുന്ന ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.”
ചിന്ത
ജീവിതം ഒരു ഗണിതശാസ്ത്ര പ്രശ്നമല്ല, അതൊരു രഹസ്യമാണ്. എല്ലാത്തിനും ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ നാം വർത്തമാനകാലത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS




