ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട സ്ഡെങ്ക ഷെലിംഗോവയെ (Zdenka Schelingová) വിശുദ്ധയായി പ്രഖ്യാപിക്കാനും, ഇറ്റാലിയൻ സന്യാസിനിയായ സിസ്റ്റർ റോസ സ്റ്റാൽത്താരിയെ (Rosa Staltari) വാഴ്ത്തപ്പെട്ടവളായി ഉയർത്താനും വത്തിക്കാൻ തീരുമാനിച്ചു. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട 55 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. കൂടാതെ, വീരോചിതമായ പുണ്യജീവിതം നയിച്ച രണ്ട് വൈദികരെയും ഒരു പെൺകുട്ടിയെയും ‘ധന്യർ’ (Venerable) പദവിയിലേക്കും ഉയർത്തിയിട്ടുണ്ട്.
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർസെല്ലോ സെമെറാരോയ്ക്ക് നവംബർ 21-ന് നൽകിയ കൂടിക്കാഴ്ചയിലാണ് ലെയോ പതിനാലാമൻ പാപ്പ ഇതുസംബന്ധിച്ച ഡിക്രികൾ പുറപ്പെടുവിക്കാൻ അനുമതി നൽകിയത്. ഹോളി ക്രോസ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹാംഗമായ വാഴ്ത്തപ്പെട്ട സ്ഡെങ്ക ഷെലിംഗോവയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതം അംഗീകരിച്ചതോടെ അവരെ വിശുദ്ധയായി പ്രഖ്യാപിക്കും. ‘ഡോട്ടേഴ്സ് ഓഫ് മേരി മോസ്റ്റ് ഹോളി കോ-റിഡെംപ്ട്രിക്സ്’ സഭാംഗമായ ധന്യ റോസ സ്റ്റാൽത്താരിയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം അംഗീകരിച്ചതോടെ അവരെ വാഴ്ത്തപ്പെട്ടവളായി ഉയർത്തും.
കഴിഞ്ഞ നൂറ്റാണ്ടിൽ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തോടുള്ള വിദ്വേഷം മൂലം കൊല്ലപ്പെട്ട ഫാ. ഹോസെ ഗോമസ് ലോറും (Fr. José Gómez Llor) 54 സഹപ്രവർത്തകരും രക്തസാക്ഷികളാണെന്ന് അംഗീകരിക്കുന്ന ഡിക്രികൾക്കും പാപ്പ അനുമതി നൽകി. ഇവരെയും ഉടൻ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും.
ഇതോടൊപ്പം, ‘വർക്ക് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈൽഡ് ജീസസ്’, ‘ലിറ്റിൽ ഫാമിലി ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈൽഡ് ജീസസ്’ എന്നിവയുടെ സ്ഥാപകനായ ഫാ. ആഞ്ചലോ ലോല്ലി (Fr. Angelo Lolli); ‘ഹെർമാൻഡാഡെസ് ഡെൽ ട്രബാജോ’ (Hermandades del Trabajo) ഉൾപ്പെടെയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുടെ സ്ഥാപകനായ ഫാ. അബുണ്ടിയോ ഗാർസിയ റോമൻ (Fr. Abundio García Román); 14-കാരിയായ ജൂലിയ ഗബ്രിയേലി (Giulia Gabrieli) എന്നിവരുടെ വീരോചിതമായ പുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രികളും പുറപ്പെടുവിച്ചു. ഇവർ മൂവരും ഇനി ‘ധന്യർ’ എന്നറിയപ്പെടും.
സി. സെസിലിയ ഷെലിംഗോവ (സിസ്റ്റർ സിഡോണിയ)
സിസ്റ്റർ സ്ഡെങ്ക അഥവാ സിസ്റ്റർ സിഡോണിയ എന്നറിയപ്പെട്ടിരുന്ന സെസിലിയ ഷെലിംഗോവ രോഗികളെ ശുശ്രൂഷിക്കുന്നതിനായി തന്റെ ജീവിതം പൂർണ്ണമായും സമർപ്പിച്ച വ്യക്തിയായിരുന്നു. ഹോളി ക്രോസ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ അവർ, അന്നത്തെ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് വിശ്വാസത്തിന് നൽകിയ സാക്ഷ്യത്തിന്റെ പേരിൽ രക്തസാക്ഷിയായി അംഗീകരിക്കപ്പെട്ടിരുന്നു. 2003 സെപ്റ്റംബർ 14-ന് ജോൺ പോൾ രണ്ടാമൻ പാപ്പയാണ് അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
1916-ൽ സ്ലോവാക്യയിലെ ഒറാവ മേഖലയിലുള്ള ക്രിവയിൽ ജനിച്ച അവർ ആശുപത്രികളിൽ ഏറ്റവും ദുർബലരായവരെ സേവിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ചു. തന്റെ പ്രൊഫഷണൽ വൈദഗ്ധ്യത്തിലൂടെയും രോഗികളോടുള്ള സ്നേഹപൂർവ്വമായ പരിചരണത്തിലൂടെയും അവർ ശ്രദ്ധേയയായിരുന്നു.
1948-ൽ കത്തോലിക്കാ സഭയ്ക്കെതിരെ കടുത്ത പീഡനം ആരംഭിച്ചപ്പോൾ മഠങ്ങൾ അടച്ചുപൂട്ടുകയും സന്യാസ സഭകൾ പിരിച്ചുവിടുകയും വൈദികരെയും സന്യസ്തരെയും അൽമായരെയും ജയിലിലടയ്ക്കുകയും ചെയ്തു. അറസ്റ്റിലായി ക്രൂരമർദ്ദനത്തിന് ഇരയായ ശേഷം ബ്രാറ്റിസ്ലാവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു വൈദികനെ സഹായിക്കാൻ സിസ്റ്റർ സിഡോണിയ നിർഭയം മുന്നോട്ടുവന്നു.
സുഖം പ്രാപിച്ചാൽ അദ്ദേഹത്തെ സൈബീരിയയിലേക്ക് നാടുകടത്തുമെന്ന് ഭയന്ന സിസ്റ്റർ, ചിലരുടെ സഹായത്തോടെ അദ്ദേഹത്തിന് രക്ഷപ്പെടാൻ വഴിയൊരുക്കി. തുടർന്ന് വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും സഹായിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് ചില സന്യാസിനിമാർക്കൊപ്പം അവരും അറസ്റ്റിലായി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അവർക്ക് 12 വർഷം തടവും 10 വർഷത്തേക്ക് പൗരാവകാശങ്ങൾ റദ്ദാക്കലും ശിക്ഷ വിധിച്ചു. 1952-നും 1954-നും ഇടയിലുള്ള തടവുകാലത്ത് ക്രൂരമായ ചോദ്യം ചെയ്യലുകൾക്കും പീഡനങ്ങൾക്കും അവർ ഇരയായി.
ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന് പ്രാഗിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അവരെ രാജ്യത്തെ ഏറ്റവും കഠിനമായ പർദുബിസെ (Pardubice) ജയിലിലേക്കാണ് പിന്നീട് മാറ്റിയത്. ആരോഗ്യനില വഷളാവുകയും രോഗം മാരകമായ ഘട്ടത്തിലെത്തുകയും ചെയ്തപ്പോൾ പൊതുമാപ്പ് ലഭിച്ച് അവർ മോചിതയായി. 1955 ജൂലൈ 31-ന് 38-ാം വയസ്സിൽ ട്രെനാവയിൽ (Trnava) വെച്ച് അവർ അന്തരിച്ചു.
2008-ൽ അവരുടെ മധ്യസ്ഥതയിൽ നടന്ന ഒരു അത്ഭുതകരമായ രോഗശാന്തി അംഗീകരിച്ചതോടെയാണ് അവരെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. ഉദരത്തിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഒരു അമേരിക്കൻ പ്രൊട്ടസ്റ്റന്റ് വിശ്വാസിക്കാണ് സൗഖ്യം ലഭിച്ചത്. രോഗം മൂർച്ഛിച്ച് മരണാസന്നനായതോടെ ഡോക്ടർമാർ ചികിത്സ നിർത്തിവെച്ചിരുന്നു. ഈ സമയത്താണ് ഒരു കുടുംബസുഹൃത്ത് വാഴ്ത്തപ്പെട്ട സ്ഡെങ്കയുടെ മധ്യസ്ഥത തേടി പ്രാർഥിച്ചത്. അവിശ്വസനീയമാംവിധം അദ്ദേഹം ഉണരുകയും ഭക്ഷണം കഴിച്ചു തുടങ്ങുകയും ചെയ്തു. ക്രമേണ ആരോഗ്യനില മെച്ചപ്പെട്ട അദ്ദേഹം പൂർണ്ണ സൗഖ്യം പ്രാപിച്ചു.



