

പ്രിയപ്പെട്ട ഒരാളുടെ അപ്രതീക്ഷിത വിയോഗം ഏതൊരു കുടുംബത്തെയും സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത ആഘാതമാണ്. എന്നാൽ, ആ വേദനയുടെ കടൽ നീന്തിക്കടന്ന് ജീവിതത്തിലേക്ക് തിരികെ വരേണ്ടത് മരിച്ചുപോയവരുടെ പ്രിയപ്പെട്ടവരുടെ മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
മനഃശാസ്ത്രപരമായി നോക്കിയാൽ, ദുഃഖം (Grief) എന്നത് പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒന്നാണ്. ആദ്യഘട്ടത്തിലെ ഞെട്ടലും നിഷേധവും (Denial), പിന്നീടുണ്ടാകുന്ന ദേഷ്യവും (Anger), വിഷാദവും (Depression) എല്ലാം കടന്ന്, ഒടുവിൽ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്ന (Acceptance) അവസ്ഥയിലേക്ക് മനസ്സ് എത്തേണ്ടതുണ്ട്. ഇതിന് അതിന്റേതായ സമയം ആവശ്യമാണ്. ഈ ഘട്ടങ്ങളെ കൃത്യമായി മറികടക്കാൻ കഴിയാതെ വരുമ്പോൾ അത് പിന്നീട് ‘പ്രൊലോങ്ഡ് ഗ്രീഫ് ഡിസോർഡർ’ (Prolonged Grief Disorder) പോലുള്ള ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് അവരെ തള്ളിവിട്ടേക്കാം. ജീവിതം മുന്നോട്ട് കൊണ്ടുപോകുക എന്നത് മരിച്ചുപോയവരെ മറക്കുക എന്നല്ല, മറിച്ച് അവരുടെ നല്ല ഓർമ്മകളെ ചേർത്തുപിടിച്ചുകൊണ്ട് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുക എന്നതാണ്.
കേരളത്തെ നടുക്കിയ ചേരാനല്ലൂർ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിന് വലിയ പ്രസക്തിയുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാൾ ഓടിച്ച വാഹനമിടിച്ച് ഒരു കുടുംബത്തിന്റെ അത്താണിയായ മനുഷ്യൻ ദാരുണമായി കൊല്ലപ്പെട്ട സംഭവം ഏവരെയും വേദനിപ്പിക്കുന്നതാണ്. നിയമപരമായ നടപടികളും പ്രതിഷേധങ്ങളും ഒരു വശത്ത് നടക്കുമ്പോഴും, മറുവശത്ത് ആ കുടുംബത്തിന്റെ മാനസികാവസ്ഥയെക്കുറിച്ച് നമ്മൾ എത്രത്തോളം ചിന്തിക്കുന്നുണ്ട്?
അപകടത്തിന് പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഓൺലൈൻ ചാനലുകളും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരും നടത്തുന്ന മത്സരം അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. റേറ്റിംഗിനും വ്യൂസിനും വേണ്ടി ആ കുടുംബത്തിന്റെ വേദനയെ വിൽപ്പനച്ചരക്കാക്കുകയാണ് പലരും. പ്രത്യേകിച്ച്, അച്ഛനെ നഷ്ടപ്പെട്ട ആ മകളുടെ പിന്നാലെ ക്യാമറകളുമായി നടന്ന് അവരുടെ വേദനയെ ചൂഷണം ചെയ്യുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല. വാർത്തകൾ വളച്ചൊടിച്ചും വൈകാരികമായ കഥകൾ മെനഞ്ഞും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമപ്രവർത്തനം ആ കുടുംബത്തിന് നൽകുന്ന മാനസികാഘാതം (Trauma) ചെറുതല്ല.
ഇവിടെ ഏറ്റവും ഗൗരവകരമായ മറ്റൊരു കാര്യം, കടുത്ത ആഘാതത്തിലും ഞെട്ടലിലുമിരിക്കുന്ന ആ കുടുംബത്തിന് പോലും ഈ സമയത്ത് തങ്ങളെത്തന്നെ ഒറ്റയ്ക്ക് വിടേണ്ടതിന്റെയും സ്വകാര്യത (Privacy) സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം തിരിച്ചറിയാൻ കഴിഞ്ഞെന്ന് വരില്ല എന്നതാണ്. ദുഃഖാചരണത്തിന്റെ (Bereavement) സ്വാഭാവികമായ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടത് തങ്ങളുടെ ഭാവിയിലെ മാനസികാരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് അവർക്ക് മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയായിരിക്കും ഇപ്പോൾ. ആ നിസ്സഹായാവസ്ഥയെയാണ് പുറത്തുനിന്നുള്ളവർ ചൂഷണം ചെയ്യുന്നത്.
ഓരോ തവണയും ക്യാമറകൾക്ക് മുന്നിൽ ആ ദുരന്തത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുമ്പോൾ, ആ കുടുംബം വീണ്ടും വീണ്ടും ആ വേദനയിലൂടെ കടന്നുപോകുകയാണ്. സമാധാനമായി ഇരുന്ന് കരയാനും, പരസ്പരം ആശ്വസിപ്പിക്കാനും, ആ വേദനയിൽ നിന്ന് പതിയെ മുക്തി നേടാനും അവർക്ക് സ്വകാര്യത നൽകേണ്ടത് ചുറ്റുമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
സഹതാപം നടിച്ചുകൊണ്ട് അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രവണത അവസാനിപ്പിക്കണം. നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ. എന്നാൽ, ആ കുടുംബത്തെ അവരുടെ പാട്ടിന് വിടുക എന്നതാണ് ഈ സമൂഹത്തിന് അവരോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി. വേദനകൾക്കിടയിലും ജീവിതത്തിലേക്ക് തിരികെ നടക്കാൻ അവർക്ക് കരുത്തുണ്ടാകട്ടെ.
ബിബിൻ ചെമ്പക്കര
(അയർലൻണ്ടിൽ സാമൂഹ്യപ്രവർത്തകനും വയനാട് ജില്ലാ CWC മുൻ അംഗവുമാണ് ലേഖകൻ)


