ഫാ. സെർജ്-തോമസ് ബോനിനോയെ പേപ്പൽ ഭവനത്തിന്റെ ദൈവശാസ്ത്രജ്ഞനായി മാർപാപ്പ നിയമിച്ചു

ഡൊമിനിക്കൻ വൈദികനായ ഫാ. സെർജ്-തോമസ് ബോനിനോയെ പേപ്പൽ ഭവനത്തിന്റെ ദൈവശാസ്ത്രജ്ഞനായി ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. നിലവിൽ പൊന്തിഫിക്കൽ അക്കാദമി ഓഫ് സെന്റ് തോമസ് അക്വിനാസിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫാ. സെർജ്-തോമസ് ബോനിനോ. ശനിയാഴ്ചയാണ് പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.

1961 നവംബർ മൂന്നിന് ഫ്രാൻസിലെ മാർസെയിലിൽ ജനിച്ച അദ്ദേഹം 1982-ൽ ഡൊമിനിക്കൻ സഭയിൽ ചേരുകയും 1988 ജൂൺ 19-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. 1992-ൽ സ്വിറ്റ്‌സർലൻഡിലെ ഫ്രിബർഗ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, തുടർന്ന് 1993-ൽ ഫ്രാൻസിലെ പൊയ്‌റ്റിയേഴ്‌സ് സർവ്വകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. 2002 മുതൽ 2011 വരെ താൻ അംഗമായ ടൂളൂസിലെ ഡൊമിനിക്കൻ പ്രവിശ്യയുടെ പഠനവിഭാഗം മേധാവിയായി അദ്ദേഹം പ്രവർത്തിച്ചു. 2004 മുതൽ 2020 വരെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിൽ ആദ്യം അംഗമായും പിന്നീട് സെക്രട്ടറി ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

2014 മുതൽ പൊന്തിഫിക്കൽ അക്കാദമി ഓഫ് സെന്റ് തോമസ് അക്വിനാസിന്റെ പ്രസിഡന്റാണ്. റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിൽ തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.