
പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും നിലനിൽക്കുമ്പോഴും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്മസ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ബെത്ലഹേം. 2026 ഡിസംബർ അഞ്ചിന് മാഞ്ചർ സ്ക്വയറിൽ ക്രിസ്മസ് ട്രീയുടെ ഔദ്യോഗിക ദീപാലംകാരത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബെത്ലഹേം മുനിസിപ്പാലിറ്റി ട്രീ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു.
പ്രദേശവാസികളും സന്ദർശകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ അവസരം, ജീവനെയും സന്തോഷത്തെയും പ്രത്യാശയെയും മുറുകെ പിടിക്കാനുള്ള ബെത്ലഹേമിന്റെ നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പ്രകടനമാണ്. വിശ്വാസം, പൈതൃകം, സംസ്കാരം, സാമൂഹിക ആഘോഷങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന നിരവധി ക്രിസ്മസ് പരിപാടികൾക്കും നഗരം തയ്യാറെടുക്കുകയാണ്. ഇവ കേവലം ഉത്സവ പരിപാടികളോ ക്രിസ്മസ് കലണ്ടറിലെ തീയതികളോ മാത്രമല്ല. നഗരത്തിലെ തെരുവുകളിലേക്കും വിപണികളിലേക്കും ജീവൻ തിരികെ കൊണ്ടുവരാനും, പ്രദേശത്തെ കുടുംബങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും പിന്തുണയ്ക്കാനും, തീർഥാടകരെയും സന്ദർശകരെയും സ്വാഗതം ചെയ്യാനും, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയങ്ങളിലും മനസ്സുകളിലും ബെത്ലഹേം എപ്പോഴും നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങളാണിവ.
സാഹചര്യങ്ങൾ ദുഷ്കരമായിരിക്കാം. വെല്ലുവിളികൾ ഏറെയാണ് എങ്കിലും പ്രത്യാശയെ മുന്നോട്ടുള്ള പാതയായും, വിശ്വാസത്തെ ശക്തിയായും, ക്രിസ്തു സംഭവത്തെ ഒരിക്കലും അണഞ്ഞുപോകാത്ത സന്ദേശമായും മാറ്റാൻ ബെത്ലഹേം തയ്യാറെടുക്കുയാണ്. അതിനു ഒരുക്കമായി പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലോഡിയോ ഗുജെറോത്തിയുടെയും അദ്ദേഹത്തോടൊപ്പം ജറുസലേം ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസ്സബല്ലയുടെയും സന്ദർശനം നടക്കുകയാണ്.


