
പത്താമത് ആഗോള ദരിദ്രദിനത്തോടനുബന്ധിച്ച് നവംബർ 22 ഞായറാഴ്ച, ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ 1,300 നിർദ്ധനർക്കൊപ്പം ഉച്ചഭക്ഷണം പങ്കിടും. എന്നാൽ പാപ്പായുടെ ഈ സ്നേഹപ്രവർത്തിയുടെയും കരുതലിന്റെയും ചൈതന്യം ലോകം മുഴുവനും ഉള്ള ക്രൈസ്തവർ ഏറ്റെടുക്കുന്ന കാഴ്ചയ്ക്കാണ് ഈ ആഗോള ദരിദ്ര ദിനം സാക്ഷ്യം വഹിക്കുന്നത്.
പരിശുദ്ധ പിതാവിനോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഈ വർഷം റോമിലെ സൗജന്യ ഭക്ഷണശാലകളിലും പാവങ്ങൾക്കായി പ്രത്യേക ഭക്ഷണം നൽകും. സ്പെയിൻ, പോളണ്ട് തുടങ്ങിയ വിദൂര രാജ്യങ്ങളിൽ നിന്നുള്ള ദാതാക്കൾ പോലും ഏറ്റവും ആവശ്യക്കാരായവർക്ക് ഭക്ഷണം എത്തിക്കുന്നതിനായി ഉദാരമായി സംഭാവനകൾ നൽകി. “പോൾ ആറാമൻ ഹാളിൽ എല്ലാവരെയും ഞങ്ങളോടൊപ്പം സ്വീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് പ്രായോഗികമല്ല,” ഉച്ചഭക്ഷണം സംഘടിപ്പിക്കുന്ന കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് ആർച്ച്ബിഷപ്പ് ലൂയിസ് മരിൻ ഡി സാൻ മാർട്ടിൻ പറഞ്ഞു.
നവംബർ 22 ഞായറാഴ്ച, കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡികാസ്റ്ററി സംഘടിപ്പിക്കുന്ന പരമ്പരാഗത ഉച്ചഭക്ഷണത്തിൽ, റോമിലെ ഇരുപതിലധികം സന്നദ്ധ സംഘടനകളും വിവിധ ഇടവകകളും അസോസിയേഷനുകളും നിർദ്ദേശിച്ച 1,300 നിർദ്ധനർക്കൊപ്പം ലെയോ പതിനാലാമൻ മാർപാപ്പ ഭക്ഷണം കഴിക്കും. ഇറ്റാലിയൻ റെഡ് ക്രോസിലെ സന്നദ്ധപ്രവർത്തകരാണ് പാചകത്തിനും ഭക്ഷണം വിളമ്പുന്നതിനും നേതൃത്വം നൽകുന്നത്. മാർപാപ്പ ലാറ്റിൻ അമേരിക്കയിലേക്കുള്ള അപ്പസ്തോലിക യാത്രയിലായിരുന്നതിനാൽ ഈ പരിപാടി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായിരുന്നു.
ഫ്രാൻസിസ് മാർപാപ്പ 2017-ലാണ് ആഗോള ദരിദ്രദിനാചരണത്തിനു തുടക്കമിട്ടത്. അന്ന് മുതൽ പോൾ ആറാമൻ ഹാളിൽ ഏറ്റവും ദുർബലരായവർക്കായി ഒരുക്കുന്ന ഉച്ചഭക്ഷണത്തിന് പിന്നിൽ പങ്കുവെക്കലിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യമാണുള്ളത്.




