“സമാധാനം പുനഃസ്ഥാപിക്കാൻ മാർപാപ്പയുടെ സന്ദർശനം വളരെ പ്രധാനപ്പെട്ടതാണ്”: സുഡാനിൽ നിന്നും ഒരു മിഷനറി

ജൂലൈ 5 മുതൽ 7 വരെ തീയതികളിൽ ഫ്രാൻസിസ് പാപ്പാ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാൻ സന്ദർശിക്കും. സുഡാനിലെ പാപ്പായുടെ സന്ദർശനം, അവിടെ സമാധാനം നിലനിർത്താൻ ചരിത്രപരമായ സ്വാധീനം ചെലുത്തുമെന്ന് സൗത്ത് സുഡാനിലെ വാവിൽ താമസിക്കുന്ന അകോംബോണിയൻ മിഷനറി സന്യാസിനി സി. ബീറ്റ അൽമേന്ദ്ര വെളിപ്പെടുത്തുന്നു.

“പാപ്പായുടെ സാന്നിധ്യം അവിടെയുള്ള വിശ്വാസികൾക്കു മാത്രമല്ല, ആ രാജ്യത്തു മുഴുവനും വളരെ പ്രധാനപ്പെട്ടതാണ്. ഈ സന്ദർശനം സൗത്ത് സുഡാന്റെ ചരിത്രത്തിൽ തന്നെ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. ജനങ്ങൾ മിഷനറിമാരായ ഞങ്ങളെ ആശ്രയിക്കുന്നു. അക്രമം ഉണ്ടാകുമ്പോൾ, അവർ ഉടനെ തേടിവരുന്നത് പള്ളിയെയും സഭാനേതൃത്വത്തെയുമാണ്. അവർ നമ്മെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങളുടെ പിന്തുണ, സഹായം, പ്രാർത്ഥന ഇവയൊക്കെ അവരെ സ്വാധീനിക്കുന്നുണ്ട്” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

52 വയസ്സുള്ള സി. ബീറ്റ അൽമേന്ദ്ര പോർച്ചുഗലിൽ നിന്നുള്ള ഒരു മിഷനറി സന്യാസിനിയാണ്. കെനിയയിൽ ആറു വർഷത്തെ സേവനത്തിനു ശേഷമാണ് സി. ബീറ്റ സൗത്ത് സുഡാനിലേക്ക് മിഷനറിയായി കടന്നുവന്നത്. സിസ്റ്ററിന്റെ രണ്ടാമത്തെ മിഷനറി അനുഭവമാണിത്. കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപിച്ചിരുന്ന 2021-ന്റെ തുടക്കത്തിൽ സിസ്റ്റർ സുഡാനിൽ എത്തി. മാർപാപ്പയുടെ സന്ദർശനത്തെക്കുറിച്ച് സിസ്റ്ററിന് വലിയ പ്രതീക്ഷയുണ്ട്. ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാനും അക്രമത്തിനും യുദ്ധത്തിനും അറുതി വരുത്താനും ഫ്രാൻസിസ് മാർപാപ്പ ഇതിനകം ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളെയും അനുസ്മരിച്ചുകൊണ്ടാണ് സിസ്റ്റർ തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നത്.

“ദക്ഷിണ സുഡാനിലെ പലർക്കും മറ്റൊന്നും അറിയില്ല. യുദ്ധത്തിൽ പിറന്ന തലമുറകളുണ്ട്. അവസാനയുദ്ധം ഭയാനകമായിരുന്നു. സ്കൂളുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രികൾ, പള്ളികൾ എന്നിവയും നിരവധി പേരുടെ ജീവനും അതിലൂടെ നഷ്ടമായി. നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിദ്യാഭ്യാസമുള്ള ഒരു തലമുറയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമവും ആ അക്രമത്തിനു പിന്നിലുണ്ടായിരുന്നു” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

2019 ഏപ്രിലിൽ വത്തിക്കാനിൽ എത്തിയ സുഡാൻ പ്രസിഡന്റ് സാൽവ കിറിന്റെയും നിയുക്ത വൈസ് പ്രസിഡന്റുമാരായ റിക്ക് മച്ചാർ ഇ റെബേക്ക നിയാൻഡെങ്ങിന്റെയും പാദങ്ങളിൽ ഫ്രാസിസ് പാപ്പാ ചുംബിച്ചിരുന്നു. പാപ്പയുടെ ആ പ്രവർത്തി ലോകത്തെ മുഴുവൻ അമ്പരപ്പിച്ചു. സുഡാനിൽ സമാധാനത്തിനു വേണ്ടിയായിരുന്നു പാപ്പായുടെ അഭ്യർത്ഥന. എങ്കിലും അവിടെ ഇന്നും സമാധാനമില്ല. വീണ്ടും യുദ്ധം സജീവമായിക്കൊണ്ടിരിക്കുകയാണ്. ആർച്ചുബിഷപ്പിന്റെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് സമാധാനശ്രമങ്ങൾ നടന്നുവരുന്നു. ജൂലൈയിലെ പാപ്പായുടെ സന്ദർശനത്തെ തുടർന്ന് രാജ്യം ഒരു മാറ്റത്തിലേക്ക് നയിക്കപ്പെടുമെന്നാണ് ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.