
നൈജീരിയയിലെ താരബ സംസ്ഥാനത്ത് ബിന്നാരി ഗ്രാമത്തിനു നേരെ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മരണസംഖ്യ 48 ആയി ഉയർന്നു. ഒക്ടോബർ 23 വെള്ളിയാഴ്ചയാണ് മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം ഗ്രാമത്തിൽ അക്രമം അഴിച്ചുവിട്ടത്.
ആദ്യം പത്തുപേർ കൊല്ലപ്പെട്ടതായാണ് പൊലീസ് സ്ഥിരീകരിച്ചിരുന്നതെങ്കിലും, ഞായറാഴ്ച നടത്തിയ തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങിമരിച്ചവരും സമീപത്തെ കാടുകളിൽ കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് 52 പേർ കൊല്ലപ്പെട്ടതായി ആംനെസ്റ്റി ഇന്റർനാഷണൽ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കത്തെ പ്രാർഥനയ്ക്കു തൊട്ടുപിന്നാലെയാണ് അക്രമികൾ ഗ്രാമത്തിലെത്തിയത്. ഏതാണ്ട് നാല് മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിൽ കടകൾ കൊള്ളയടിക്കുകയും വീടുകൾ തീവച്ച് നശിപ്പിക്കുകയും ചെയ്തു. ഏകദേശം 50 മോട്ടോർ സൈക്കിളുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് കമ്മ്യൂണിറ്റി നേതാവ് മലാം അബൂബക്കർ സൈഫുല്ല പറഞ്ഞു.



